തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍. അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഒക്ടോബര്‍ 28-ന് കോടതി പരിഗണിക്കും. 

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരാണ് പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. കേസില്‍ പോലീസ് നടപടി ശക്തമാക്കിയതോടെയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

അതിനിടെ, അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ വിളിച്ചുവരുത്തി. സംഭവത്തില്‍ വിശദീകരണം ചോദിക്കാനാണ് ഷിജുഖാനെ ഡയറക്ടര്‍ വിളിച്ചുവരുത്തിയത്. ദത്ത് നടപടികള്‍ നിയമപരമായാണ് ചെയ്തതെന്നും ഔദ്യോഗിക വിഷയമായതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാനാകില്ലെന്നും ഷിജുഖാന്‍ പറഞ്ഞു. 

Content Highlights: child missing case anupama's parents and other accused submitted anticipatory bail plea