തിരുവനന്തപുരം: അഭയ കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദ കേസുകളുടെ അന്വേഷണോദ്യോഗസ്ഥനായ സി.ബി.ഐ. എസ്.പി. നന്ദകുമാര്‍ നായര്‍ വിരമിച്ചു. കഴിഞ്ഞ ഡിസംബറില്‍ വിരമിച്ച അദ്ദേഹത്തിന് സേവന കാലാവധി നീട്ടിനല്‍കിയിരുന്നു. മുംബൈ, തിരുവനന്തപുരം സ്പെഷ്യല്‍ ക്രൈം യൂണിറ്റുകളുടെ എസ്.പി.യായിരുന്നു.

സിസ്റ്റര്‍ അഭയയുടെ കൊലപാതകം, വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണം, പെരിയ ഇരട്ടക്കൊല, നെടുങ്കണ്ടം കസ്റ്റഡിക്കൊല തുടങ്ങി ഒട്ടേറെ കേസുകളുടെ അന്വേഷണം നന്ദകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു. പുണെയില്‍ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണവും ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസും നന്ദകുമാര്‍ നായരുടെ മേല്‍നോട്ടത്തിലാണ് അന്വേഷിച്ചത്.

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കണമെന്ന് മൂന്നുവട്ടം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും കോടതി അവ തള്ളുകയും ചെയ്തതിനു പിന്നാലെ 2008 നവംബര്‍ ഒന്നിനാണ് നന്ദകുമാര്‍ നായര്‍ അന്വേഷണം ഏറ്റെടുത്തത്. 2008 നവംബര്‍ 18-ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അദ്ദേഹത്തിന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റുചെയ്തു.

അന്വേഷണമികവിന് 2017-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്.

Content Highlights: cbi sp nandakumar nair retired from service