ലണ്ടന്‍: ബ്രിട്ടനില്‍ ചികിത്സയുടെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ആദ്യഅവസരം നേടിയത് ഒരു വനിത. ബ്രിട്ടനിലെ മുന്‍ സര്‍വകലാശാല പ്രൊഫസറായ കാര്‍ലി ബാര്‍ട്ടണ്‍ എന്ന 32കാരിക്കാണ് നിയമവിധേയമായി കഞ്ചാവ് ഉപയോഗിക്കാന്‍ കഴിഞ്ഞദിവസം അനുമതി ലഭിച്ചത്. ഇത്തരത്തില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന ബ്രിട്ടനിലെ ആദ്യവ്യക്തിയാണ് കാര്‍ലി ബാര്‍ട്ടണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയില്‍ കഴിയുന്ന കാര്‍ലി ബാര്‍ട്ടണ് ഡോ. ഡേവിഡ് മക്‌ഡോവലാണ് മൂന്നുമാസത്തേക്ക് കഞ്ചാവ് ലഭിക്കാനുള്ള കുറിപ്പടി എഴുതിനല്‍കിയത്. ഏകദേശം രണ്ടുലക്ഷത്തിലേറെ രൂപയാണ് കാര്‍ലി ബാര്‍ട്ടണ്‍ ഇതിനുവേണ്ടി മുടക്കേണ്ടത്. അതേസമയം, രോഗികള്‍ക്കുള്ള കഞ്ചാവിന് ഇത്രയും വില ഈടാക്കുന്നത് ക്രൂരതയാണെന്നാണ് കാര്‍ലി ബാര്‍ട്ടന്റെ അഭിപ്രായം. കഞ്ചാവിന് ഉയര്‍ന്നവില ഈടാക്കിയാല്‍ പണക്കാര്‍ക്കുമാത്രമേ പുതിയ നിയമംകൊണ്ട് ഉപകാരമുണ്ടാകൂവെന്നും ഇവര്‍ പറയുന്നു.
2011-ലാണ് കാര്‍ലി ബാര്‍ട്ടണ് ഫൈബ്രാമയാള്‍ജിയ എന്ന രോഗം പിടിപെടുന്നത്. ഇതിനുശേഷം പലവിധ ചികിത്സകള്‍ നടത്തിയശേഷമാണ് വേദന ലഘൂകരിക്കാനായി കഞ്ചാവ് ഉപയോഗിച്ചുതുടങ്ങിയത്. നേരത്തെ നിയമവിധേയമല്ലാതിരുന്നിട്ടും വേദനസംഹാരിയായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടനിലെ രോഗികള്‍ക്ക് ദേശീയ ആരോഗ്യവിഭാഗം സാക്ഷ്യപ്പെടുത്തിയ കുറിപ്പടിയുണ്ടെങ്കില്‍ നിയമവിധേയമായി കഞ്ചാവ് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാം. ഈ വര്‍ഷം നവംബറിലാണ് ചികിത്സയുടെ ഭാഗമായുള്ള കഞ്ചാവ് ഉപയോഗം ബ്രിട്ടന്‍ നിയമവിധേയമാക്കിയത്.
Content Highlights: cannabis legalised for medical use in britain, carly barton gets first prescription