ക്വലാലംപുർ: മലേഷ്യയിൽ ഭർത്താവിനെ കുത്തിക്കൊന്ന കേസിൽ ബ്രിട്ടീഷ് വനിതയ്ക്ക് മൂന്നര വർഷം തടവ് ശിക്ഷ. സാമന്ത ജോൺസ് എന്ന 52-കാരിയെയാണ് അലോർ സേതാറിലെ കോടതി ശിക്ഷിച്ചത്. കൊലപാതക കുറ്റം കുറ്റകരമായ നരഹത്യയാക്കി കുറച്ചതോടെയാണ് ബ്രിട്ടീഷ് വനിത വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ടത്.

2018 ഒക്ടോബർ 18-നാണ് 63 വയസ്സുകാരനായ ഭർത്താവിനെ സാമന്ത കുത്തിക്കൊന്നത്. ഭർത്താവിന്റെ മർദനത്തിൽനിന്ന് രക്ഷനേടാൻ അടുക്കളയിലെ കത്തി കൊണ്ട് കുത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. കേസിൽ സാമന്തയെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം കൊലപാതകക്കുറ്റമാണ് പ്രതിക്കെതിരേ ചുമത്തിയതെങ്കിലും പിന്നീട് കുറ്റകരമായ നരഹത്യയാക്കി കുറച്ചു. പ്രോസിക്യൂഷനും ഇതിന് സമ്മതിച്ചു.

സാമന്തയും ഭർത്താവും 2005 മുതൽ മലേഷ്യയിലെ ലങ്കാവി ദ്വീപിലാണ് താമസം. മദ്യത്തിന് അടിമയായ ഭർത്താവ് സാമന്തയെ നിരന്തരം ഉപദ്രവിച്ചിരുന്നു. കൊലപാതകം നടന്ന ദിവസവും ഇയാൾ ഭാര്യയെ മർദിച്ചു. കിടക്കുകയായിരുന്ന ഭാര്യയെ ചവിട്ടി താഴെയിട്ടു. സാമന്ത അടുക്കളയിലേക്ക് ഓടിപ്പോയെങ്കിലും ഭർത്താവ് പിന്തുടർന്നെത്തി ഉപദ്രവിച്ചു. ഇതിനിടെയാണ് അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് ഭർത്താവിനെ കുത്തിയത്. കുത്തേറ്റ് വീണ ഭർത്താവിനെ 45 മിനിറ്റിന് ശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കരളിന്റെ ഭാഗത്ത് ആറിഞ്ച് നീളത്തിൽ കുത്തേറ്റെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞത്. സംഭവസമയം ഭർത്താവ് മദ്യലഹരിയിലായിരുന്നുവെന്നും കണ്ടെത്തി. ഭർത്താവിൽനിന്ന് സാമന്ത നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്ന് പ്രതിഭാഗവും കോടതിയെ അറിയിച്ചു.

കോടതിയിൽ കുറ്റംസമ്മതിച്ച പ്രതി ഭർത്താവിനെ ഏറെ മിസ് ചെയ്യുന്നുണ്ടെന്നും അന്ന് സംഭവിച്ചതൊന്നും മനഃപൂർവ്വമായിരുന്നില്ലെന്നും പറഞ്ഞു. 'അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നു. ഞാൻ ശരിക്കും ഭയന്നുപോയി. അദ്ദേഹത്തെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. പക്ഷേ, ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു'- പ്രതി കോടതിയിൽ പറഞ്ഞു.

കൊലപാതക കുറ്റം ചുമത്താത്ത കുറ്റകരമായ നരഹത്യയ്ക്ക് പരമാവധി പത്ത് വർഷം തടവാണ് മലേഷ്യയിലെ ശിക്ഷ. എന്നാൽ പ്രതിയുടെ വാദം കേട്ട കോടതി ശിക്ഷ മൂന്നര വർഷമായി കുറയ്ക്കുകയായിരുന്നു. ശിക്ഷാവിധിക്ക് ശേഷം ബ്രിട്ടീഷ് വനിത ശാന്തമായാണ് കോടതി വിട്ടിറങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights:british woman jailed in malaysia for killing husband