കൊച്ചി: സ്വര്‍ണകടത്ത് കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി കെ.ടി.ശങ്കരന് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ജഡ്ജിയുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി. 

ജസ്റ്റിസ് കെടി ശങ്കരന്റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റ്‌സിനാണ് വിജിലന്‍സ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ വഴിയാണ്  അനുമതി തേടിയിരിക്കുന്നത്. 

കഴിഞ്ഞ ജൂണ്‍ ആറിനാണ് സ്വര്‍ണകടത്ത് കേസില്‍ അനുകൂല വിധി പറയാന്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ട കാര്യം ജസ്റ്റിസ് കെടി ശങ്കരന്‍ വെളിപ്പെടുത്തിയത്.

കോഴവാഗ്ദാനം ചെയ്യപ്പെട്ട സ്ഥിതിക്ക് താന്‍ കേസ് പരിഗണിക്കുന്നത് ധാര്‍മ്മികതയ്ക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ് അദേഹം കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു.

ജസ്റ്റിസ് ശങ്കരന്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ കോടതിയിലുണ്ടായിരുന്ന അഭിഭാഷകരുടേയും രജിസ്റ്റര്‍ ജനറലിന്റേയും മൊഴി നേരത്തെ വിജിലന്‍സ് എസ്.പി രേഖപ്പെടുത്തിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് തനിക്ക് കോഴ വാഗ്ദാനം ലഭിച്ചതെന്ന് ജഡ്ജി പറഞ്ഞതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരം വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ്.പിയാണ്‌ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.