മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ സഹോദരി മീട്ടു സിങ്ങിനെതിരേ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. ബോംബെ ഹൈക്കോടതി റദ്ദാക്കി. നടി റിയ ചക്രവർത്തി നൽകിയ പരാതിയിൽ മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എ.എസ്. കർണിക്ക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒരാൾക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കിയത്. അതേസമയം, സുശാന്തിന്റെ മറ്റൊരു സഹോദരി പ്രിയങ്ക സിങ്ങിനെതിരായ എഫ്.ഐ.ആർ. നിലനിൽക്കുമെന്നും ഇവർക്കെതിരായ അന്വേഷണം തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

സുശാന്തിന്റെ മരണത്തിന് പിന്നാലെയാണ് നടി റിയ ചക്രവർത്തി നടന്റെ സഹോദരിമാർക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നത്. സഹോദരിമാരും ഒരു ഡോക്ടറും നൽകിയ മരുന്ന് കുറിപ്പടി വാങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് സുശാന്ത് മരണപ്പെട്ടതെന്നും ഇതിൽ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.

പരാതിയിൽ സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിങ്, മീട്ടുസിങ്, രാംമനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർ തരുൺ കുമാർ എന്നിവർക്കെതിരേ 2020 സെപ്റ്റംബർ എട്ടിന് മുംബൈ പോലീസ് കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുശാന്തിന്റെ സഹോദരിമാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ട ഹൈക്കോടതി മീട്ടുസിങ്ങിനെതിരായ എഫ്.ഐ.ആർ. റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, പ്രാഥമിക പരിശോധനയിൽ പ്രിയങ്ക സിങ്ങിനെതിരായ കേസ് നിലനിൽക്കുമെന്നും ഇവർക്കെതിരായ അന്വേഷണം തടസപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlights:bombay hc quashes fir against sushants sister meetu singh no relief for priyanka singh