മുംബൈ: കാമുകനെതിരേ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി. പരാതി വ്യാജമാണെന്നും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും യുവതി അറിയിച്ചതോടെയാണ് എഫ്.ഐ.ആർ റദ്ദാക്കിയ കോടതി പിഴ അടക്കാൻ ഉത്തരവിട്ടത്. ഒരുമാസത്തിനുള്ളിൽ മഹാരാഷ്ട്ര പോലീസ് വെൽഫയർ ഫണ്ടിലേക്ക് 25,000 രൂപ പിഴ അടക്കണമെന്നാണ് ജസ്റ്റിസുമാരായ ആർ.ഡി. ധനുക, വി.ജി. ബിഷ്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കിൽ കേസിലെ എഫ്.ഐ.ആർ. റദ്ദാക്കാനുള്ള ഉത്തരവ് അസാധുവാകുമെന്നും കോടതി വ്യക്തമാക്കി.

മാർച്ച് 16-നാണ് കാമുകൻ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതി നൽസോപാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് തുടർനടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. എന്നാൽ കഴിഞ്ഞമാസം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിതന്നെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിയായ യുവാവും താനും പ്രണയത്തിലാണെന്നും തന്റെ കുടുംബത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ബലാത്സംഗ പരാതി നൽകിയതെന്നും യുവതി കോടതിയിൽ പറഞ്ഞു. എഫ്.ഐ.ആർ. റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. യുവതിയുടെ ഹർജിയെ എതിർത്ത അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ പോലീസ് അന്വേഷണം നടക്കുകയാണെന്നും ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും കോടതിയെ അറിയിച്ചു. ഇനി പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കിൽ വൻതുക പിഴ ഈടാക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഒടുവിൽ ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ച് യുവതിയുടെ ഹർജിയിൽ വിധി പ്രസ്താവിച്ചത്.

കുടുംബത്തിന്റെ സമ്മർദം കാരണമാണ് കേസ് നൽകിയതെന്ന വാദം ലാഘവത്തോടെ അംഗീകരിക്കാനാവില്ലെന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. എന്നാൽ പരാതിക്കാരിക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതിനാൽ പിഴ ഈടാക്കി എഫ്.ഐ.ആർ. റദ്ദാക്കാൻ ഉത്തരവിടുകയാണെന്നും കോടതി പറഞ്ഞു.

Content Highlights:bomba high court fines woman for filing false rape complaint