ന്യൂഡല്‍ഹി: വിവാദമായ 'ബോയ്സ് ലോക്കര്‍ റൂം' വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്കൂള്‍ വിദ്യാര്‍ഥിനിയായ കൗമാരക്കാരിക്കെതിരെയാണ് പോലീസ് കഴിഞ്ഞദിവസം ജുവനൈല്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ മറ്റൊരാളും പ്രതിയാണ്.
ലൈംഗികമായി അധിക്ഷേപിക്കുകയും ചൂഷണം ചെയ്തെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയ പ്ലസ്ടു വിദ്യാര്‍ഥി കഴിഞ്ഞ മെയ് നാലിന് ജീവനൊടുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ഥിയുടെ കുടുംബം പെണ്‍കുട്ടിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ മകന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായാണ് പ്ലസ്ടു വിദ്യാര്‍ഥിയുടെ പിതാവ് പരാതിയില്‍ ആരോപിച്ചിരുന്നത്. മാത്രമല്ല, തന്റെ മകനെതിരേ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം തെറ്റാണ്. ഇത്തരമൊരു പോസ്റ്റ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതിലൂടെ തന്റെ മകനെ അപകീര്‍ത്തിപ്പെടുത്താമെന്ന് പെണ്‍കുട്ടി കരുതിയിരുന്നതായും പരാതിയിലുണ്ടായിരുന്നു.
കേസില്‍ പെണ്‍കുട്ടിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അന്വേഷണത്തില്‍ തൃപ്തരല്ലെന്നായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിയുടെ പിതാവിന്റെ പ്രതികരണം. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സംഭവത്തില്‍ മറ്റുള്ളവരുടെ ഇടപെടലിനെക്കുറിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്, സ്നാപ്പ് ചാറ്റ് രേഖകള്‍ പോലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്തായിരുന്നു ബോയ്സ് ലോക്കര്‍ റൂം
2020 മെയ് ആദ്യവാരമാണ് 'ബോയ്സ് ലോക്കര്‍ റൂം' എന്ന സാമൂഹികമാധ്യമ അക്കൗണ്ടിനെക്കുറിച്ചും ഇതേപേരിലുള്ള ഗ്രൂപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഡല്‍ഹിയിലെ സ്കൂള്‍ വിദ്യാര്‍ഥിനി ചില സ്ക്രീന്‍ഷോട്ടുകള്‍ സഹിതമായിരുന്നു ആ ഞെട്ടിക്കുന്നവിവരങ്ങള്‍ പങ്കുവെച്ചത്. സഹപാഠികളായ ആണ്‍കുട്ടികള്‍ 'ബോയ്സ് ലോക്കര്‍ റൂം' എന്ന ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ്, വാട്സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി സഹപാഠികളായ പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുകയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ച് അപമാനിക്കുന്നതായും ആരോപണമുണ്ടായിരുന്നു. സഹപാഠികളെ എങ്ങനെ കൂട്ടബലാത്സംഗം ചെയ്യാം എന്നതുവരെ ഇത്തരം ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നു.
പ്ലസ്ടു വിദ്യാര്‍ഥിയുടെ ആത്മഹത്യ
ബോയ്സ് ലോക്കര്‍ റൂം വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഗുരുഗ്രാമില്‍ പ്ലസ്ടു വിദ്യാര്‍ഥി ഫ്ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ബോയ്സ് ലോക്കര്‍ റൂം വെളിപ്പെടുത്തലില്‍ ആരോപണവിധേയനായ വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയതെന്ന വിവരങ്ങളും പിന്നീട് പുറത്തുവന്നു.
ലോക്കര്‍ റൂം അംഗങ്ങളെ പിടികൂടി പോലീസ്
ബോയ്സ് ലോക്കര്‍ റൂം വെളിപ്പെടുത്തലിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഇതോടെ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അന്വേഷണവും ഊര്‍ജിതമാക്കി. പ്ലസ്ടു വിദ്യാര്‍ഥിയായ ഗ്രൂപ്പ് അഡ്മിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും ചില കോളേജ് വിദ്യാര്‍ഥികളും ബോയ്സ് ലോക്കര്‍ റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്നും പോലീസ് കണ്ടെത്തി. നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
Content Highlights: bois locker room case police submitted charge sheet against girl