ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരുവര്‍ഷമാകുന്ന വേളയിലാണിത്.

ഏഴ് മാസത്തോളമാണ് ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടന്നത്. നേരത്തെ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. 

ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു. 2020 ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരുവര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു. 

കഴിഞ്ഞ മാര്‍ച്ചിലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ ഇ.ഡി. ശക്തമായി എതിര്‍ത്തിരുന്നു. 

Content Highlights: bineesh kodiyeri gets bail in ed money laundering case