ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിലെ തുടർവാദം കർണാടക ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. ജാമ്യത്തെ എതിർത്തുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വാദവും അന്നേദിവസം നടക്കും.

ബാങ്ക് മുഖേനയോ നേരിട്ടോ ഒരു രൂപപോലും ലഹരിക്കേസ് പ്രതിയായ മുഹമ്മദ് അനൂപിൽനിന്ന് ബിനീഷ് കോടിയേരിക്ക് ലഭിച്ചിട്ടില്ലെന്ന് ബിനീഷിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ബെംഗളൂരുവിലെ ഹയാത്ത് ഹോട്ടലിനുവേണ്ടി മുഹമ്മദ് അനൂപിന് 60 ലക്ഷത്തോളം രൂപ ബിനീഷ് വായ്പയായി നൽകിയിട്ടുണ്ട്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ബിനീഷിനെ വിശദമായി ചോദ്യം ചെയ്തിട്ടും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ബിനീഷിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയില്ല. സമൂഹത്തിൽ നല്ല പ്രതിച്ഛായയുള്ള വ്യക്തിയാണ്. ബിസിനസ് വഴി ലഭിച്ച വരുമാനം സംബന്ധിച്ച തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ ഗുരുകൃഷ്ണകുമാർ കോടതിയെ ബോധിപ്പിച്ചു.

ബുധനാഴ്ച കൂടുതൽ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുമെന്നും മുഹമ്മദ് അനൂപിന് വായ്പ നൽകിയതിന്റെ രേഖകൾ ആവശ്യംവന്നാൽ ഹാജരാക്കുമെന്നും അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കർ പറഞ്ഞു.