ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യത്തിനായി വേണമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. അല്ലെങ്കില്‍ മധ്യവേനലവധി കഴിഞ്ഞേ ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഈ മാസം 26 മുതല്‍ മേയ് 24 വരെ കോടതി മധ്യവേനലവധിക്കായി അടച്ചിടുന്നതിനാലാണ് അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. 28-ന് അവധിക്കാല ബെഞ്ച് ആരംഭിക്കും.

വ്യാഴാഴ്ച വൈകീട്ട് ഹര്‍ജി പരിഗണിച്ചപ്പോള്‍ തനിക്ക് രണ്ടുമണിക്കൂര്‍ വാദിക്കാന്‍ വേണമെന്ന് ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് രാജു ഹൈക്കോടതിയോട് പറഞ്ഞു. എന്നാല്‍, സമയം കഴിഞ്ഞുപോകുമെന്നതിനാല്‍ അനുവദിച്ചില്ല.

ബിനീഷ് ആറുമാസമായി ജയിലില്‍ ആണെന്ന് ബിനീഷിനുവേണ്ടി ഹാജരായ അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹൈക്കോടതിയെ ഓര്‍മിപ്പിച്ചു. നേരത്തേ രണ്ടുതവണ ബെംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബര്‍ 11-നു ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.