ഭോപ്പാല്‍: മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിന് വധശിക്ഷ. മധ്യപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വന്തം മകളെ പിതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്നും കോടതി വിലയിരുത്തി. 2017 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് 42-കാരനായ പ്രതി ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ഭാര്യയുടെ അവിഹിതബന്ധത്തില്‍ പിറന്ന കുട്ടിയാണെന്നായിരുന്നു ഇയാളുടെ ആരോപണം. തുടര്‍ന്ന് മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് പ്രോസിക്യൂഷന് വാദംനടത്തിയത്. സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന് പരമാവധി ശിക്ഷയായ തൂക്കുക്കയര്‍ നല്‍കണമെന്നും വാദമുയര്‍ന്നു. പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി കുമുദിനി പട്ടേല്‍ ശിക്ഷ വിധിച്ചത്.
Content Highlights: bhopal man gets death sentence for raping and killing his daughter