തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പോലീസ് സേനയുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ചെന്നും കമ്മീഷന്‍ വിലയിരുത്തി. 

പിങ്ക് പോലീസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥ സി.പി. രജിതയാണ് തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഇവര്‍ തന്റെ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ രജിതയെ റൂറല്‍ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥക്കെതിരേ കര്‍ശന നടപടി വേണമെന്നായിരുന്നു ജയചന്ദ്രന്റെയും കുടുംബത്തിന്റെയും ആവശ്യം. വിവിധ സംഘടനകളും ഇവര്‍ക്ക് പിന്തുണമായി രംഗത്തെത്തിയിരുന്നു. 

അന്ന് നടന്ന സംഭവം ഇങ്ങനെ... 

ഐ.എസ്.ആര്‍.ഒ.യിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിന് അല്പമകലെയായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകള്‍കൂടി.

ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാന്‍ തുടങ്ങി.

മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെല്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റുകവറിനുള്ളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. ഇവര്‍ കുട്ടിയെ ആശ്വസിപ്പിച്ചെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്നാല്‍, പോലീസ് വാഹനത്തില്‍നിന്നുതന്നെ മൊബൈല്‍ഫോണ്‍ കിട്ടിയിട്ടും രജിത ആക്ഷേപം തുടര്‍ന്നതായാണ് ആരോപണം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. 

Content Highlights: attingal pink police controversy sc st commission order against pink police officer