കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബർ ഒന്നിന് തുടങ്ങും. കൊല്ലം ജില്ലാ അഡീ. സെഷൻസ് കോടതിയാണ് ഡിസംബർ ഒന്ന് മുതൽ വിചാരണ ആരംഭിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച കേസിന്റെ കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചിരുന്നു. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ പ്രതി സൂരജ് കുറ്റം നിഷേധിച്ചു. തുടർന്നാണ് ഡിസംബർ ഒന്ന് മുതൽ തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്താൻ കോടതി തീരുമാനിച്ചത്. മാപ്പുസാക്ഷിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെയാണ് ആദ്യദിവസം വിസ്തരിക്കുക.

അതിനിടെ, കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജ് സമർപ്പിച്ച അപേക്ഷയും കോടതി തള്ളി. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളായ ഗാർഹിക പീഡനക്കേസിലും ഉടൻ കുറ്റപത്രം സമർപ്പിക്കും.

അഞ്ചലിലെ വീട്ടിൽവെച്ച് ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സൂരജ് മാത്രമാണ് കേസിലെ പ്രതി. സൂരജിന് പാമ്പിനെ നൽകിയ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ ആദ്യം കേസിൽ പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

Content Highlights:anchal uthra murder case trial begins on december 1