കൊച്ചി: കഴുമരം ഒരുക്കി; ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരും തയ്യാര്‍... പക്ഷേ, മരണം പടിവാതില്‍ക്കലെത്തിയ നിമിഷത്തില്‍ അപ്രതീക്ഷിതമായ ഒരു വിധിയിലാണ് ആന്റണി എന്ന കൊലക്കേസ് പ്രതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രതി അവസാന നിമിഷം അതില്‍നിന്ന് ഊരിപ്പോരുന്ന കാഴ്ചയ്ക്കാണ് നിയമലോകം സാക്ഷ്യം വഹിക്കുന്നത്. പ്രോസിക്യൂഷനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു വിധിയിലൂടെയാണ് ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി വധശിക്ഷയില്‍നിന്ന് രക്ഷപെടുന്നത്.
മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവയ്ക്കുകയും രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ ആന്റണിയുടെ മരണവിധി നടപ്പാകുമെന്നായിരുന്നു എല്ലാവരും കരുതിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികളും തുടങ്ങിയിരുന്നു. മരണശിക്ഷ നടപ്പാക്കാനായി ജയില്‍ അധികൃതര്‍ ആരാച്ചാരെ കണ്ടെത്തുകയും പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. അതോടെ വധശിക്ഷയുടെ തീയതി മാത്രം തീരുമാനിച്ചാല്‍ മതിയെന്ന നിലയില്‍ കാര്യങ്ങളെത്തിയതാണ്.
2014-ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധയുടെ ഒരു ഉത്തരവാണ് ആന്റണിയുടെ കാര്യത്തിലും നിര്‍ണായകമായത്. വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ലോധയുടെ ഉത്തരവ്. അതോടെ ഈ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും നല്‍കണമെന്നാവശ്യപ്പെട്ട് ചില അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷയ്‌ക്കെതിരേ നിലകൊള്ളുന്ന കൂട്ടായ്മകളും ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച് 2016-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. പിന്നീട് പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം തുടര്‍ന്നപ്പോള്‍ ജസ്റ്റിസ് മദന്‍ ബി. േലാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
വധശിക്ഷ ജീവപര്യന്തമായതോടെ ആന്റണിയുടെ തടവുശിക്ഷയില്‍ ഇളവുകള്‍ക്ക് സാധ്യതകള്‍ തുറന്നു കിട്ടുകയാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിക്ക് പരോള്‍ അനുവദിക്കുക, ശിക്ഷാ കാലാവധിയില്‍ ഇളവുതേടുക, നല്ലനടപ്പ് പോലുള്ള മാര്‍ഗങ്ങളിലൂടെ ശിക്ഷ കുറയ്ക്കുക തുടങ്ങിയ സാധ്യതകള്‍ പ്രതിക്കു മുന്നില്‍ തുറക്കപ്പെടുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കോടതി നിയമപ്രകാരം ജീവപര്യന്തമെന്നത് ജീവിതകാലം മുഴുവന്‍ എന്നാണെങ്കിലും നിയമത്തിലെ ഇത്തരം സാധ്യതകള്‍ പ്രതി പ്രയോജനപ്പെടുത്തിയാല്‍ അതിനെ ചെറുക്കാനാകില്ലെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സി.ബി.ഐ. അന്വേഷിച്ച കേസില്‍ കേരളത്തിലെ ആദ്യ വധശിക്ഷ
കൊച്ചി: സി.ബി.ഐ. കേരളത്തില്‍ അന്വേഷിച്ച കേസുകളിലെ ആദ്യത്തെ വധശിക്ഷയായിരുന്നു ആലുവ കൂട്ടക്കൊലക്കേസില്‍ പ്രതി ആന്റണിയുടേത്. ശിക്ഷ വിധിച്ചത് അന്ന് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി. കെമാല്‍ പാഷ.
ഒരു വീട്ടില്‍ക്കയറി നിരായുധരായ ആറുപേരെ കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നാണ് അന്ന് കോടതി വിലയിരുത്തിയത്. സി.ബി.ഐ.യുടെ ചെന്നൈ സ്‌പെഷ്യല്‍ ക്രൈംസ് യൂണിറ്റ് മേധാവി വെങ്കട്ടരാമന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. വി.ടി. നന്ദകുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. സാഹചര്യത്തെളിവുകളുടെ കണ്ണികള്‍ പൂര്‍ണമായി യോജിപ്പിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. 2002 ഫെബ്രുവരി രണ്ടിനായിരുന്നു വിധി.
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ആ കേസ് ഇപ്പോഴും കൃത്യമായി ഓര്‍മയിലുണ്ടെന്ന് അന്ന് വധശിക്ഷ വിധിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷ 'മാതൃഭൂമി'യോട് പറഞ്ഞു. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: aluva massacre: no death sentence for ma antony