ആലപ്പുഴ: എഴുപുന്ന കരളുതറ വീട്ടില്‍ മേരി (78) യെ കൊലപ്പെടുത്തി സ്വര്‍ണം അപഹരിച്ച കേസില്‍ പ്രതിയായ മരുമകന്‍ ചെല്ലാനം കുരുശുങ്കല്‍ സന്തോഷി (42) ന് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് ശിക്ഷ വിധിച്ചത്.

2013 ജനുവരി 14 രാവിലെ 11 മണിയോടെയാണ് മേരിയെ കഴുത്തുഞെരുക്കി കൊലപ്പെടുത്തിയനിലയില്‍ വീടിനുള്ളില്‍ കാണപ്പെട്ടത്. മേരിയുടെ മൂത്തമകള്‍ സീനയുടെ ഭര്‍ത്താവായ സന്തോഷുമായി സ്വത്ത് സംബന്ധമായ തര്‍ക്കമുണ്ട്.

വസ്തു എഴുതിനല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ സന്തോഷ് മേരിയെ കൊലപ്പെടുത്തി മാലയും കമ്മലും അപഹരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവം നടക്കുമ്പോള്‍ മേരിയും സന്തോഷും മേരിയുടെ ഭര്‍ത്താവ് കിടപ്പുരോഗിയായ തോമസും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സമീപത്ത് താമസിക്കുന്ന ഇളയമകള്‍ ട്രീസയാണ് മൃതദേഹം കണ്ടത്. വീട്ടിലുണ്ടായിരുന്ന സന്തോഷും അപ്രത്യക്ഷനായി. മേരിയുടെ ഒന്നരപ്പവന്‍ മാലയും അരപ്പവന്‍ കമ്മലും എഴുപുന്നയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച് 27000 രൂപയുമായി സന്തോഷ് ഒളിവില്‍പ്പോയി.

മൂന്നാംദിവസം ചേര്‍ത്തലക്കോടതിയില്‍ കീഴടങ്ങി. കൊലപാതകക്കുറ്റത്തിന് ജീവപര്യന്ത്യവും രണ്ടുലക്ഷം രൂപ പിഴയും, കവര്‍ച്ചാ കുറ്റത്തിന് ഏഴുവര്‍ഷം കഠിന തടവും, ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി തടവ് അനുഭവിക്കണം.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.വിധു പറഞ്ഞു. 13 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. കുത്തിയതോട് സി.ഐ. ആയിരുന്ന വി.കെ.ശിവന്‍കുട്ടി അന്വേഷിച്ച കേസാണിത്. സന്തോഷിനെ ജാമ്യത്തിലെടുക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ കീഴടങ്ങിയദിവസം മുതല്‍ ജയില്‍വാസം അനുഭവിച്ച് വരികയാണ്.

Content Highlights: alappuzha ezhupunna mary murder case; accused gets life imprisonment