കൊല്ലം: ദൃക്സാക്ഷികളില്ലാത്ത ഉത്ര വധക്കേസിൽ സാഹചര്യത്തെളിവുകളാണ് പ്രധാനമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്. അപൂർവങ്ങളിൽ അപൂർവമായ കേസ് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും പ്രോസിക്യൂഷന് ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്ര വധക്കേസിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിന് പിന്നാലെ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് പ്രധാനം. വലിയ ആസൂത്രണത്തോടെ ചെയ്ത കൊലപാതകമാണിത്. എത്ര കൃത്യമായി ആസൂത്രണം ചെയ്താലും ഒരു പിഴവുണ്ടാകും. ആ ആസൂത്രണത്തിലെ പിഴവുകളാണ് പ്രോസിക്യൂഷന്റെ തെളിവ്.

ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം നല്ലരീതിയിലാണ് നടന്നത്. അന്വേഷണസംഘം ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വളരെ ശക്തമായ തെളിവുകളാണ്. പാമ്പിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകളും നിർണായകമാണ്. പാമ്പിനെ ഒരു ആയുധമാക്കിയാണ് കൃത്യം നടത്തിയത്. ഇത് കേസിൽ വെല്ലുവിളിയാണ്. സംശയത്തിന് ഇടനൽകാതെ കൊലപ്പെടുത്താനാണ് പ്രതി പാമ്പിനെ ഉപയോഗിച്ചത്. സ്വഭാവിക മരണമാക്കി വരുത്തിതീർക്കാനായിരുന്നു ശ്രമം. എന്നാൽ അതിന് ശ്രമിച്ചപ്പോൾ വന്ന ചില അസ്വാഭാവിക കാര്യങ്ങളാണ് ഈ കേസിന്റെ ശക്തി- മോഹൻരാജ് വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്ര വധക്കേസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജി. മോഹൻരാജിനെ സർക്കാർ നിയമിച്ചത്. ഉത്ര വധക്കേസില്‍ അന്വേഷണസംഘത്തെ നയിക്കുന്ന കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറും മോഹന്‍രാജിനെ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അടൂർ പറക്കോട്ട് സ്വദേശിയായ സൂരജ് പണം നൽകി വാങ്ങിയ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് മുമ്പ് പാമ്പിനെ ഉപയോഗിച്ച് രണ്ട് കൊലപാതകശ്രമങ്ങളും നടത്തിയിരുന്നു.

കൊല്ലം ബാറിലെ അഭിഭാഷകനായ ജി. മോഹൻരാജ് ഏറെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. രശ്മി വധക്കേസ്, പോലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്എംഇ റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം തുടങ്ങിയ കേസുകളിലാണ് ജി. മോഹൻരാജ് പ്രോസിക്യൂട്ടറായിരുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലും മോഹൻരാജ് തന്നെയാണ് പബ്ലിക് പ്രോസിക്യൂട്ടർ.

Content Highlights:adv g mohanraj appointed as special public prosecutor in uthra snakebite murder case