ഴിഞ്ഞ മെയ് മെയ് ഒമ്പതിനാണ് ആണ് ജസ്റ്റിസ് ഡി.കെ. ബസു യാത്രയായത്. ആരായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പോലീസ് രാജിന് അറുതിവരുത്തിയ 1997- ലെ സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധിയ്ക്ക് കാരണക്കാരനായ വ്യക്തി. ഒരേസമയം കല്‍ക്കട്ട ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും അഭിഭാഷകനായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുകയുണ്ടായി.അസോസിയേഷന്‍ ഓഫ് റിട്ടയേഡ് ജഡ്ജസിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു.2006-ല്‍ ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ് കമ്മീഷന്റെ  ഇന്റര്‍നാഷണല്‍ ഒബ്‌സര്‍വര്‍ ആയി അദ്ദേഹം ശ്രീലങ്കയില്‍ ട്രയല്‍ കോടതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .

1986 ല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയം അദ്ദേഹം വെസ്റ്റ് ബംഗാളില്‍ ലീഗല്‍ എയ്ഡ് സര്‍വീസസ് ചെയര്‍മാന്‍ കൂടിയായിരുന്നു. ആ സമയം അന്നത്തെ ടെലിഗ്രാഫിക് ന്യൂസ് പേപ്പറില്‍ വന്ന ഏതാനും കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ച് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സുപ്രീംകോടതിക്ക് ഒരു കത്തയക്കുകയുണ്ടായി. പ്രസ്തുത കത്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജി ആയി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.അതേസമയം തന്നെ അശോക് കുമാര്‍ ജോഹരി എന്ന വ്യക്തി, അലിഗഡുകാരനായ മഹേഷ് ബിഹാരി എന്ന ഒരു മനുഷ്യന്റെ കസ്റ്റഡി മരണത്തെപ്പറ്റി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയും ചെയ്തു. സുപ്രീംകോടതി ഇതിനു സ്വമേധയാ കേസെടുക്കുകയും രാജ്യപ്രധാനമായ വിഷയമായതു കൊണ്ട് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും നാഷണല്‍ ലോ കമ്മീഷനും നോട്ടീസ് അയക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ ഏതു വിധത്തിലാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് എന്നതായിരുന്നു അതിലെ പ്രധാന ചോദ്യം. സാധാരണക്കാരായ ജനങ്ങള്‍ക്ക് പോലീസില്‍ നിന്നും അപകടമോ ഭീതിയോ നേരിടേണ്ടി വരുന്നുണ്ടോ എന്നും കോടതി അന്വേഷിച്ചിരുന്നു. ചില സംസ്ഥാനങ്ങള്‍ സുപ്രീംകോടതി തന്നെ ഇതില്‍ നിയമനിര്‍മാണം നടത്തണമെന്ന് മറുപടിയില്‍ ആവശ്യപ്പെടുകയുമുണ്ടായി.

D.K.Basu Vs State of West Bengal (AIR 1997 SCC 610)  എന്ന സുപ്രധാന കേസില്‍ സുപ്രീം കോടതി ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. ഇവ ഡി.കെ ബസു ഗൈഡ് ലൈന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കേസില്‍ ജസ്റ്റിസ് കുല്‍ദീപ് സിംഗ്, ജസ്റ്റിസ് എ.എസ്.ആനന്ദ് എന്നിവരാണ് വിധി പ്രസ്താവം നടത്തിയത്. ഇതില്‍ പ്രധാനമായും പറയുന്നത് ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാള്‍ക്ക് എന്തൊക്കെ അവകാശം ഉണ്ട് എന്നതാണ്. കൂടാതെ ഇതിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായ വലുപ്പത്തില്‍ രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കാനും കോടതി ഉത്തരവായി.

നിയമപ്രകാരമല്ലാത്ത അറസ്റ്റിനും കസ്റ്റഡി മരണങ്ങള്‍ക്കും എതിരെ സുപ്രീംകോടതി കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണെങ്കിലും അതൊക്കെ കൃത്യമായി പാലിക്കപ്പെടുന്നുണ്ടൊ എന്നത് അന്വഷിക്കേണ്ട ഒരു വസതുതയാണ്.

ഡി.കെ. ബസു ഗൈഡ് ലൈന്‍സ്  

1. പോലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ പേര് വിവരങ്ങള്‍ മാത്രമല്ല അയാളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ പേരും ഔദ്യോഗിക പദവിയും വ്യക്തമായി പൊതു ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അതാത് പോലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ചോദ്യം ചെയ്യുന്ന ഉദ്യോസ്ഥന്റെ വിവരങ്ങളും പ്രസ്തുത രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്.

2. അറസ്റ്റ് ചെയ്യുന്ന സമയത്ത് അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ഒരു മെമ്മോ തയ്യാറാക്കേണ്ടതാണ് ഈ മെമ്മോയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് രണ്ട് സാക്ഷികള്‍ ഒപ്പിടണം എന്നത് നിര്‍ബന്ധമാണ് . അതില്‍ ഒരു സാക്ഷി അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ കുടുംബാംഗം, സുഹൃത്ത് അല്ലെങ്കില്‍ പ്രദേശത്തെ മാന്യനായ ഒരു വ്യക്തിയോ ആയിരിക്കണം അറസ്റ്റ് ചെയ്ത തീയതിയും സമയവും കൃത്യമായി കാണിച്ചിരിക്കണം.

3. മെമ്മോയില്‍ ഒപ്പിടുന്ന സാക്ഷികള്‍ അഥവാ അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ബന്ധുവോ അടുത്ത സുഹൃത്തോ അല്ലെങ്കില്‍ അറസ്റ്റിന്റെ വിവരവും അറസ്റ്റ് ചെയ്യപ്പെട്ടയാളെ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നുള്ള വിവരവും അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സുഹൃത്തിനെയൊ ബന്ധുവിനേയൊ എത്രയും വേഗം അറിയിച്ചിരിക്കണം. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല പോലീസിലും നിക്ഷിപ്തം ആകുന്നു.

4. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ബന്ധുവോ സുഹൃത്തോ ആ ജില്ലക്കോ നഗരത്തിനോ പുറത്താണെങ്കില്‍ അറസ്റ്റ് വിവരം അറസ്റ്റ് ചെയ്യപ്പെട്ടയാളിന്റെ ജില്ലയിലെ അല്ലെങ്കില്‍ നഗരത്തിലെ നിയമ സഹായ സംഘടനയെ അറിയിച്ചിരിക്കണം. അതല്ലെങ്കില്‍ അവിടത്തെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരിക്കണം. അറസ്റ്റിനുശേഷം 8 മുതല്‍ 12 മണിക്കൂര്‍ സമയത്തിനുള്ളില്‍ പാലിച്ചിരിക്കേണ്ട ഈ ഉത്തരവാദിത്വം പോലീസില്‍ നിക്ഷിപ്തമായിരുന്നു.

5. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് തന്റെ ബന്ധുക്കളെയൊ സുഹൃത്തുക്കളെയൊ അറസ്റ്റിനെക്കുറിച്ചുള്ള വിവരം ധരിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നുള്ളത് പോലീസ് അയാളെ വ്യക്തമായി പറഞ്ഞ് ധരിപ്പിക്കേണ്ടതാണ്. ഇത് പോലീസിന്റെ ഉത്തരവാദിത്വമാണ്.

6. അറസ്റ്റ് ചെയ്യപ്പെട്ട ആളെ തടവില്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഒരു ഡയറി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആ ഡയറിയില്‍ അറസ്റ്റിനെ കുറിച്ചുള്ള വിവരം ആരെയാണ് അറിയിച്ചത് എന്നും അറിയിച്ച സമയവും രേഖപ്പെടുത്തേണ്ടതാണ്. മാത്രമല്ല വിവരമറിയിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളും, അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങളും ഈ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കണം.

7. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ശാരീരിക പരിശോധന നടത്തി ഒരു ഇന്‍സ്‌പെക്ഷന്‍ മെമ്മോ തയ്യാറാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. പ്രസ്തുത മെമ്മോയില്‍ ഗുരുതരമായതോ ഗുരുതരമല്ലാത്തതോ ആയ മുറിവുകള്‍ എന്തെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ശരീരത്തിലുണ്ടെങ്കില്‍ അത് രേഖപ്പെടുത്തണം.മെമ്മോയില്‍ പോലീസ് ഉദ്യോഗസ്ഥനും അറസ്റ്റ് ചെയ്യപ്പെട്ടയാളും ഒപ്പിട്ടിരിക്കണം. മെമ്മോയുടെ ഒരു കോപ്പി അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് നല്‍കിയിരിക്കണം.

8. ഓരോ 48 മണിക്കൂര്‍ കൂടുമ്പോളും അറസ്റ്റ് ചെയ്യപ്പെട്ടയാളെ ഒരു അംഗീകൃത മെഡിക്കല്‍ ഡോക്ടറെക്കൊണ്ട് പരിധോധിപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച രേഖകള്‍ പോലീസ് സൂക്ഷിക്കുകയും വേണം.

9. അറസ്റ്റ് മെമ്മോ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് അയച്ച് കൊടുക്കണം.

10. അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നയാള്‍ക്ക് പോലീസ് ചോദ്യം ചെയ്യുന്ന അവസരത്തില്‍ തനിക്കിഷ്ടപ്പെട്ട ഒരു അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് അവകാശപ്പെടാനുള്ള അവകാശമുണ്ട്. എന്നാല്‍ ചോദ്യം ചെയ്യുന്ന മുഴുവന്‍ സമയവും അഭിഭാഷകന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല.

11. ഇന്ത്യയിലെ എല്ലാ സംസഥാനങ്ങളുടെ തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും പോലീസ് കണ്‍ട്രോള്‍ റൂ ഉണ്ടായിരിക്കണം. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ അറസ്റ്റ് വിവരവും അയാളെ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി 12 മണിക്കൂറിനുള്ളില്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതും അത് അവിടത്തെ നോട്ടീസ് ബോര്‍ഡില്‍ പൊതുജനങ്ങള്‍ക്ക് വായിക്കാവുന്ന വിധം പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

ഈ ഗൈഡ് ലൈന്‍സിനൊടൊപ്പം കാലാകാലങ്ങളില്‍ കോടതികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്ന പോലീസുദ്യോഗസ്ഥര്‍ വകുപ്പുതല നടപടി നേരിടേണ്ടി വരുന്നതിനോടൊപ്പം ക്രിമിനല്‍ നിയമ നടപടികളും, കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടി വരും.

Content Highlights: adv av vimalkumar writes about dk basu guidelines