ചെന്നൈ:  വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി എം.മണികണ്ഠന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് എം.നിര്‍മല്‍കുമാര്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിയുടെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. 

പരാതിക്കാരിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നായിരുന്നു മണികണ്ഠന്റെ വാദം. പ്രതിയും പരാതിക്കാരിയും തമ്മില്‍ പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഈ കേസിലെ ഇര ഒരു കൗമാരക്കാരിയോ നിരക്ഷരനോ അല്ല. ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തിയാണ്. മണികണ്ഠന്‍ വിവാഹിതനാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. ഭാര്യയും കുടുംബവുമുള്ള വിവരം അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ മണികണ്ഠനുമായി ബന്ധം സ്ഥാപിച്ചത്. ഇതെല്ലാം അറിഞ്ഞിട്ടും അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ അത് വിവാഹവാഗ്ദാനം നല്‍കിയതിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് ആരോപിക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

Also Read : എ.സി., സോഫ, മൊബൈല്‍; പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രിക്ക് ജയിലില്‍ സുഖവാസം....

അതിനാല്‍ പരാതിക്കാരിയുടെ ആരോപണത്തില്‍ ബലാത്സംഗവകുപ്പ് പ്രകാരം കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഇത് പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തില്‍പ്പെട്ടതാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. 

വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ ജൂണ്‍ 20-നാണ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തത്. പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ ആരോപിച്ചിരുന്നു. 

Also Read: ലൈംഗികപീഡനം, മൂന്നുതവണ ഗര്‍ഭഛിദ്രം; നടിയുടെ പരാതിയില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിക്കെതിരേ കേസ്....

 

Content Highlights: actress rape case tamilnadu ex minister manikandan gets bail