കൊച്ചി: കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ചോദ്യംചെയ്ത് ഫാ. തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

നിയമവിരുദ്ധമായിട്ടാണ് വിചാരണ നടന്നതെന്ന് അപ്പീലില്‍ പറയുന്നു. പ്രോസിക്യൂഷന്റെ മൂന്ന്, ആറ്, എട്ട് സാക്ഷികളായ രാജു, ഷമീര്‍, കളര്‍കോട് വേണുഗോപാല്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചിരിക്കുന്നത്. ഇവര്‍ പറയുന്ന സാഹചര്യങ്ങള്‍തന്നെ ഒരുവിധത്തിലും കേസുമായി ബന്ധപ്പെടുത്തുന്നില്ല. വിചാരണക്കോടതിയുടെ വിധി നിയമവിരുദ്ധവും തെറ്റുമായിരുന്നു. വിധി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

തന്നെ തുടര്‍ച്ചയായി ചോദ്യംചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനലൈസിങ് എന്നിവയ്ക്കും വിധേയനാക്കി. ഇതില്‍നിന്നൊന്നും കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും ലഭിച്ചില്ല.

16 വര്‍ഷം സി.ബി.ഐ.യുടെ വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ടും കൊലപാതകമാണെന്ന് തെളിയിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല.

2008 നവംബര്‍ ഒന്നിന് അന്വേഷണച്ചുമതല ഏറ്റെടുത്ത കൊച്ചി യൂണിറ്റിലെ ഡിവൈ.എസ്.പി. നന്ദകുമാര്‍ നായര്‍ 17 ദിവസത്തിനുശേഷം താന്‍ അടക്കമുള്ളവരെ അറസ്റ്റുചെയ്യുകയായിരുന്നു. അഭയയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താന്‍പോലും അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഒന്നാം പ്രതിയാണ് ഫാ. തോമസ് കോട്ടൂര്‍. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ല.

Content Highlights: abhaya case thomas kottoor submitted appeal in highcourt