കോഴിക്കോട്: നൊന്തു പെറ്റ മക്കൾ സംരക്ഷിച്ചുകൊള്ളുമെന്നു കരുതി സ്വത്തു മുഴുവൻ അവർക്കു നൽകി വഞ്ചിക്കപ്പെട്ട അമ്മയ്ക്ക് ഒടുവിൽ നീതി. പെരുവയൽ കായലം വാണിയംകോത്ത് കോട്ടായി പത്മിനിയമ്മയ്ക്കാണ് വർഷങ്ങളായുള്ള അലച്ചിലിനു ശേഷം ആശ്വാസമെത്തുന്നത്.

ആകെയുള്ള സ്വത്ത് മക്കളുടെ പേരിൽ തീരെഴുതിക്കൊടുത്തതോടെയാണ് ഈ അമ്മ വഴിയാധാരമായത്. ഈ ആധാരം റദ്ദാക്കിക്കൊണ്ട് കോഴിക്കോട് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ജി. പ്രിയങ്ക വെള്ളിയാഴ്ച ഉത്തരവിട്ടു.

67 വയസ്സായി ഈ അമ്മയ്ക്ക്. ഭർത്താവ് മാധവൻ നായർ നേരത്തേ മരിച്ചുപോയി. ഒമ്പതു വർഷം മുമ്പ് സ്വത്ത് മക്കളായ അജീഷിന്റെയും ബിജീഷിന്റെയുംപേരിൽ വെവ്വേറെ തീരെഴുതി നൽകി. തനിക്കൊന്നും വെക്കാതെ എല്ലാം മക്കളുടെ പേരിൽ നൽകരുതെന്ന മുന്നറിയിപ്പുകൾ കണക്കാക്കാതെ, മക്കൾ തന്നെ കൈവിടില്ലെന്ന ഉറപ്പിലായിരുന്നു സ്വത്ത് കൈമാറിയത്. സ്വത്ത് കൈയിൽ കിട്ടിയതോടെ കുട്ടികൾ തന്നെ നോക്കാതായെന്ന് പത്മിനിയമ്മ കളക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു.

അമ്മയെ സംരക്ഷിക്കാൻ 2018-ൽ കളക്ടർ ഉത്തരവിട്ടെങ്കിലും അതു പാലിക്കപ്പെട്ടില്ല. പല ഒത്തുതീർപ്പ് ശ്രമങ്ങളും നടന്നെങ്കിലും പ്രതിമാസം രണ്ടായിരം രൂപ നൽകണമെന്ന ധാരണ പോലും പാലിക്കാൻ മക്കൾ തയ്യാറായില്ലെന്ന് പത്മിനിയമ്മ പറയുന്നു. രണ്ടു മക്കളും സംരക്ഷിക്കുന്നില്ലെന്നും ഇളയമകന്റെ ഭാര്യ ദേഹോപദ്രവം ഏൽപ്പിക്കുന്നെന്നും പരാതിപ്പെട്ടുകൊണ്ട് അവർ വീണ്ടും കളക്ടറെ സമീപിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുമ്പോൾ ചാലക്കുടി സ്വദേശിയായ ഷാജി ഇവരുടെ ദുരവസ്ഥയറിഞ്ഞ് തനിക്കൊപ്പം പോന്നുകൊള്ളാൻ പറഞ്ഞു. മരുമകളുടെ മർദനത്തെത്തുടർന്നാണ് മെഡിക്കൽ കോളേജിൽ കഴിയേണ്ടിവന്നതെന്ന് പത്മിനിയമ്മ പറഞ്ഞു. ഒമ്പതുമാസത്തോളം ഷാജിയുടെ സംരക്ഷണയിലായിരുന്നു ഇവർ.

പത്മിനിയമ്മയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കോഴിക്കോട് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് വെള്ളിയാഴ്ച ഈ പരാതി വീണ്ടും പരിഗണിക്കുകയും ആധാരം റദ്ദാക്കാൻ ഉത്തരവിടുകയുമായിരുന്നു. സംരക്ഷിക്കാൻ ശേഷിയുള്ള സ്വന്തം മക്കൾ ജീവിച്ചിരിക്കെ മറ്റൊരിടത്ത് അഭയം തേടേണ്ടിവരുന്ന ദുരവസ്ഥ ഒരമ്മയ്ക്കുമുണ്ടാകരുതെന്ന പ്രാർഥനയോടെയാണ് ഈ അമ്മ കളക്ടറേറ്റിന്റെ പടികളിറങ്ങിയത്.

പ്രായമായവർ പേടിക്കേണ്ട, നിയമം കൂട്ടിനുണ്ട്

• സ്വത്ത് എഴുതിനൽകിയാൽ മക്കൾ രക്ഷിതാക്കളെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി മാർഗനിർദേശവും അതനുസരിച്ചുള്ള വിധികളുമുണ്ട്.

• സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മുതിർന്നവർ സ്വത്ത് എഴുതിനൽകുന്നത്. ആധാരത്തിൽ പ്രത്യേകം എഴുതിച്ചേർത്തിട്ടില്ലെങ്കിൽപ്പോലും മക്കൾ അച്ഛനമ്മമാരെ സംരക്ഷിക്കണം.

• ഇത്തരം പരാതികൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോ റവന്യൂ ഡിവിഷണൽ ഓഫീസർക്കോ ആണ് നൽകേണ്ടത്.

-അഡ്വ. ശശിധരൻ കോളത്തായി

Content Highlights:a mother got justice after legal battle with her sons