ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഡി.എൻ.എ. പരിശോധന നടത്താൻ സുപ്രീം കോടതിയുടെ ഉത്തരവ്. കേസിൽ പ്രതിയായ 84-കാരൻ നൽകിയ ഹർജിയിൽ വാദം കേട്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഡി.എൻ.എ. പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്.

ബംഗാളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ 84 വയസ്സുകാരനാണ് കേസിൽ നിരപരാധിയാണെന്ന് വാദിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. 14 വയസ്സുകാരിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ജൂലായ് അഞ്ചാം തീയതി പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ 84 വയസ്സുകാരനായ തനിക്ക് ലൈംഗികശേഷിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതിയുടെ വാദം.

മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് 84-കാരന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. തന്റെ കക്ഷിക്ക് ലൈംഗികശേഷിയില്ലെന്നും ലൈംഗികവേഴ്ചയിലേർപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. ഇത് തെളിയിക്കാൻ ഏത് വൈദ്യപരിശോധനയ്ക്കും ഡി.എൻ.എ. ടെസ്റ്റിനും തന്റെ കക്ഷി തയ്യാറാണെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു.

പ്രതിയുടെ വാദം തെളിയിക്കുന്നതിന് ഒരു രേഖയും ഇല്ലെന്നായിരുന്നു ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക ലിസ് മാത്യൂവിന്റെ മറുവാദം. പ്രതിക്ക് ലൈംഗികശേഷിയുണ്ടെന്നാണ് പോലീസ് നൽകിയ റിപ്പോർട്ടെന്നും ഡി.എൻ.എ. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇവർ കോടതിയെ അറിയിച്ചു. എന്നാൽ പ്രതി മെയ് മുതൽ ജയിലിലാണെന്നും 84-കാരനായ പ്രതിയുടെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും കപിൽ സിബൽ പറഞ്ഞു.

എത്രയും പെട്ടെന്ന് പരിശോധനകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.എൻ.എ. പരിശോധനയ്ക്കായി അല്പം കാത്തിരിക്കണമെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയോട് പറഞ്ഞത്. ഇതോടെയാണ് ഡി.എൻ.എ. പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. കേസ് ഇനി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും അപ്പോൾ ഡി.എൻ.എ. പരിശോധന ഫലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും തന്റെ വാടകക്കാരാണെന്നും വാടക സംബന്ധിച്ച തർക്കത്തെ തുടർന്നാണ് തന്റെ പേരിൽ കള്ളക്കേസ് നൽകിയതെന്നുമാണ് 84-കാരന്റെ വാദം. കഴിഞ്ഞമാസം കൊൽക്കത്ത ഹൈക്കോടതിയിൽ പ്രതി ജാമ്യഹർജി സമർപ്പിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.

Content Highlights:84 year old raped and impregnated a girl supreme court ordered for dna test