ലുധിയാന: 19 വയസ്സുകാരനും 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം നടത്തിയവർക്കെതിരേ പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണ് പോലീസ് നടപടി.

പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയാണ് വിവാഹത്തിന് കാർമികത്വം വഹിച്ച പുരോഹിതനെതിരേയും സാക്ഷികളായ രണ്ട് പേർക്കെതിരേയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. പിന്നാലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

ലുധിയാന ഇന്ദിരകോളനി സ്വദേശിയായ 19-കാരനും ബട്ടാല സ്വദേശിയായ 21-കാരിയും ജൂലായ് 23-നാണ് പഞ്ചാബിലെ ഗുരുദ്വാരയിൽവെച്ച് വിവാഹിതരായത്. പുരോഹിതനായ ഇന്ദ്രജിത് സിങ്ങാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. രജീന്ദർ കുമാർ, ബിട്ടുകുമാർ എന്നിവരായിരുന്നു സാക്ഷികൾ.

ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വ്യത്യസ്ത ജാതിയിൽപ്പെട്ടതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് കരുതി കമിതാക്കൾ ഒളിച്ചോടുകയായിരുന്നു. തുടർന്നാണ് ഗുരുദ്വാരയിലെത്തി വിവാഹിതരായത്. എന്നാൽ വിവാഹത്തിന് ശേഷം ബന്ധുക്കളിൽനിന്ന് ഭീഷണി നേരിട്ടതിനാൽ യുവതി കോടതിയെ സമീപിച്ചു. തനിക്കും ഭർത്താവിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ ഹർജി.

യുവതിയുടെ ഹർജി പരിശോധിച്ചപ്പോഴാണ് ഭർത്താവിന് വിവാഹപ്രായമായിട്ടില്ലെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യം യുവതിയെ ബോധ്യപ്പെടുത്തുകയും വിവാഹം നടത്തിക്കൊടുത്തവർക്കെതിരേ കേസെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.

Content Highlights:19 year old boy married 21 year old girl punjab haryana high court order to book case against priest and witness