സ്റ്റോക്ക്‌ഹോം: സ്വീഡനെ നടുക്കിയ 17 വയസ്സുകാരിയുടെ കൊലപാതകത്തില്‍ അടുത്ത ആഴ്ച വിചാരണ തുടങ്ങും. കഴിഞ്ഞ നവംബര്‍ 14 ന് കാണാതായ വില്‍മ ആന്‍ഡേഴ്‌സണ്‍ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് മെയ് 26 ന് വിചാരണ ആരംഭിക്കുന്നത്. ഇറാഖ് വംശജനും വില്‍മയുടെ മുന്‍ കാമുകനുമായ തിഷ്‌കോ അഹമ്മദ് ഷഹബാസ് ആണ് കേസിലെ പ്രതി.
നവംബര്‍ 14 നാണ് വില്‍മ ആന്‍ഡേഴ്‌സണെ കാണാതായത്. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. പോലീസും സന്നദ്ധപ്രവര്‍ത്തകരും പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വില്‍മയുടെ മുന്‍ കാമുകനായിരുന്ന അഹമ്മദ് ഷഹബാസിന്റെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയത്. ഇവിടെനിന്ന് വില്‍മയുടെ തല അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞനിലയില്‍ ഒരു പെട്ടിക്കുള്ളില്‍നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 23 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, വില്‍മയെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് പ്രതിയുടെ വാദം.
ഷഹബാസുമായി നേരത്തെ അടുപ്പത്തിലായിരുന്ന വില്‍മ പിന്നീട് ഈ ബന്ധത്തില്‍നിന്ന് വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഷഹബാസിന്റെ വീട്ടിലുണ്ടായിരുന്ന തന്റെ ചില സാധനങ്ങള്‍ എടുക്കാനായി അവര്‍ യുവാവിന്റെ വീട്ടില്‍ പോവുകയും ചെയ്തു. ഈ സമയത്താണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വീട്ടിനുള്ളില്‍നിന്ന് രക്തക്കറ കണ്ടെത്തിയതായും നവംബര്‍ 14 ന് തന്നെ വില്‍മയെ കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു. തുടര്‍ന്ന് തല അറുത്തുമാറ്റിയ ശേഷം ബാക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചു. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല.
അതേസമയം, വില്‍മയെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് പ്രതിയുടെ വാദമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ അത്രയേറെ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു അവളെന്നും, അവള്‍ കാരണമാണ് താന്‍ നല്ലരീതിയില്‍ ജീവിച്ചതെന്നും ഇയാള്‍ പറഞ്ഞു. അവളെ താന്‍ കൊലപ്പെടുത്തിയെങ്കില്‍ തല മാത്രം അറുത്തുമാറ്റി താന്‍ സൂക്ഷിക്കില്ലല്ലോ എന്നും പ്രതി പറഞ്ഞതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വില്‍മയെ കാണാതായ ദിവസം പെണ്‍കുട്ടിയുടെ അമ്മ ഷഹബാസിന്റെ വീട്ടില്‍ തിരക്കിയെത്തിയിരുന്നെങ്കിലും അവള്‍ അവിടെനിന്ന് പോയെന്നായിരുന്നു യുവാവിന്റെ മറുപടി. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇയാളുടെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്.
Content Highlights: 17 year old girl murdered and beheaded by ex boy friend in sweden