മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്താനിലെ വീട്ടില്‍ നിന്ന് ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍ക്ക് നിരന്തരം ഫോണ്‍വിളികള്‍ വന്നിരുന്നെന്ന് വെളിപ്പെടുത്തല്‍.ഇതില്‍ മഹാരാഷ്ട്രയിലെ പ്രമുഖനേതാക്കളുടെ പേരുകളുമുണ്ടെന്ന് 'ഇന്ത്യാടുഡേ' വെളിപ്പെടുത്തി. തങ്ങള്‍ക്കു ലഭിച്ച പട്ടികയിലെ മുതിര്‍ന്ന നേതാവിന്റെ പേര്, അദ്ദേഹത്തിന്റെ പ്രതികരണം കിട്ടാത്തതിനാല്‍ പുറത്തുവിടുന്നില്ലെന്നും അവര്‍ അറിയിച്ചു. ഈ നേതാവുമായി ദാവൂദ് ബന്ധപ്പെട്ടിരുന്നെന്ന വെളിപ്പെടുത്തല്‍ രഹസ്യാന്വേഷണ വിഭാഗത്തെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

കറാച്ചിയില്‍ ദാവൂദിന്റെ കൊട്ടാര തുല്യമായ വീട്ടില്‍ ഭാര്യ മെഹജബീന്‍ ശൈഖിന്റെ പേരിലുള്ള നാലു ഫോണ്‍ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വന്നത്. ഇതില്‍നിന്ന് നിരന്തരമായി വിളിച്ചിരുന്ന പത്ത് അന്താരാഷ്ട്ര നമ്പറുകളില്‍ അഞ്ചെണ്ണം ഇന്ത്യയിലേതാണ്. നാലെണ്ണം യു.എ.ഇ.യിലെയും ഒന്ന് ബ്രിട്ടനിലെ ഒരു ബാങ്കിന്റേതും.

മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതിയായ ദാവൂദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഇയാള്‍ പാകിസ്താനില്‍ താമസിക്കുന്നതിന് തെളിവായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൈമാറിയ തെളിവുകളില്‍ ദാവൂദിന്റെ കറാച്ചിയിലെ ഫോണ്‍ നമ്പറും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ വെളിപ്പെടുത്തിയവയില്‍ ഈ നമ്പറും ഉണ്ട്.

വഡോദരക്കാരനായ ഹാക്കര്‍ മനീഷ് ഭാംഗളെയും പങ്കാളി ജയേഷ് ഷായും ചേര്‍ന്നാണ് ഫോണുകളുടെ വിശദാംശങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 2015 സപ്തംബര്‍ അഞ്ചുമുതല്‍ 2016 ഏപ്രില്‍ അഞ്ചുവരെയുള്ള വിളികളുടെ വിവരമാണ് ലഭിച്ചത്. രണ്ടുമാസത്തോളം ശ്രമിച്ചാണ് മനീഷും സുഹൃത്തും ഇത് ശേഖരിച്ചത്.
 
പാകിസ്താന്‍ ടെലിഫോണ്‍ കമ്പനി ലിമിറ്റഡ് (പി.ടി.സി.എല്‍) എന്ന കമ്പനിയാണ് ദാവൂദിന്റെ വീട്ടില്‍ ടെലിഫോണ്‍ സേവനം നല്‍കുന്നത്. കമ്പനിയുടെ ഡാറ്റാബേസ് ഹാക്ക് ചെയ്ത് ദാവൂദിന്റെ വീട്ടുവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ കണ്ടെത്തി ഇതില്‍ ഉപഭോക്താവിന്റെ തിരിച്ചറിയല്‍ നമ്പറും എക്‌സചേഞ്ച് കോ!ഡും ടൈപ്പു ചെയ്താണ് കോളുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തിയതെന്ന് മനീഷ് പറയുന്നു.