തിരുവനന്തപുരം: യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് നാട്ടുകാര്‍. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കല്‍ വീട്ടില്‍ അരുണ്‍(36)  കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണിന്റെ ഭാര്യ അഞ്ജു(27) കാമുകന്‍ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസില്‍ ശ്രീജു(ഉണ്ണി-36) എന്നിവരെ കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. 

അഞ്ജുവും ശ്രീജുവും തമ്മിലുള്ള അടുപ്പവും ഇതിനെ അരുണ്‍ എതിര്‍ത്തതുമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായത്. അഞ്ജുവും അരുണും പ്രണയിച്ചാണ് വിവാഹിതരായത്. 18 വയസ്സുള്ളപ്പോഴാണ് അഞ്ജു അരുണിനോടൊപ്പം ജീവിതം തുടങ്ങിയത്. തുടര്‍ന്ന് അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അഞ്ജു പ്രണയത്തിലായി. ഇതിനെത്തുടര്‍ന്ന് ആനാട്ടുനിന്ന് അരുണ്‍ ഭാര്യയുമായി അഞ്ജുവിന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനില്‍ താമസമാക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി അരുണ്‍ ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ശ്രീജു വീട്ടിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അരുണും ഭാര്യയും തമ്മില്‍ വാക്കേറ്റമായി. ശ്രീജു വീട്ടില്‍ വരുന്നതിനെ അരുണ്‍ നേരത്തേതന്നെ വിലക്കിയിരുന്നു. വാക്കേറ്റത്തിനിടെ ശ്രീജുവും അഞ്ജുവും ചേര്‍ന്ന് അരുണിനെ മാരകമായി കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ അരുണിനെ നാട്ടുകാര്‍ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്ന് ആര്യനാട് സി.ഐ. മഹേഷ്‌കുമാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട ശ്രീജുവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവിനെയും പോലീസ് പിടികൂടി. അരുണ്‍-അഞ്ജു ദമ്പതിമാര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്. 

Content Highlights: youth killed by wife and her lover in aryanadu