മഞ്ചേരി: ചെരണിയില്‍ രണ്ടുയുവാക്കള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ബ്രൗണ്‍ഷുഗര്‍ ദ്രാവകരൂപത്തില്‍ ഉപയോഗിച്ചെന്ന സാധ്യതയും പോലീസ് അന്വേഷിക്കുന്നു.

ചെറിയ ഗുളികരൂപത്തിലുളള ബ്രൗണ്‍ഷുഗര്‍ ചൂടാക്കി നാരങ്ങാനീരിനൊപ്പം സിറിഞ്ചില്‍ കുത്തിവെക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ ലഹരിവസ്തു ഇത്തരത്തില്‍ ഉപയോഗിക്കുന്ന വിവരം ആദ്യമായാണ് പുറത്തുവരുന്നതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. മരിച്ച റിയാസ് ബാബുവിന്റെയും റിയാസിന്റെയും ശരീരത്തില്‍ സിറിഞ്ചുകുത്തിയതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ട്.

നാലുപേര്‍ക്ക് ഉപയോഗിക്കേണ്ട ലഹരിമരുന്നാണ് ഇരുവരിലേക്കും എത്തിയത്. ബ്രൗണ്‍ഷുഗര്‍ ഇത്തരത്തില്‍ ഇവര്‍ പരീക്ഷണം നടത്തിയതാകാനുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജ് ലാബില്‍ നടക്കുന്ന രാസപരിശോധനാഫലം പുറത്തുവരുന്നതോടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

പൊടിരൂപത്തിലാണ് ബ്രൗണ്‍ഷുഗര്‍ സാധാരണ ഉപയോഗിക്കുന്നത്. 2018 ഫെബ്രുവരിയില്‍ മഞ്ചേരിയില്‍ ഒരുകോടിരൂപയുടെ ബ്രൗണ്‍ഷുഗര്‍ പോലീസ് പിടികൂടിയിരുന്നു. അഫ്ഗാന്‍നിര്‍മിതമായ ബ്രൗണ്‍ഷുഗര്‍ മധ്യപ്രദേശില്‍നിന്നും െബംഗളൂരുവഴിയാണ് മഞ്ചേരിയിലെത്തിയത്. ഇതുമായി എത്തിയ വിമുക്തഭടനെയും പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ അന്വേഷണം ഇടനിലക്കാരില്‍ മാത്രമൊതുങ്ങി.

ചെരണിയില്‍ യുവാക്കള്‍ മരിച്ച സംഭവത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരിവില്പനയുമായി ബന്ധപ്പെട്ട നിരവധിപേരെ ചോദ്യംചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് ചെരണിയില്‍ യുവാക്കളെ ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

Content Highlights: youth found dead in manjeri, police found overdose usage of drugs behind the death