കോഴിക്കോട്: ഭര്‍ത്താവിന്റെ അനുജന്റെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താന്‍ കാരണം കുഞ്ഞിന്റെ മാതാവിനോടുള്ള പകയെന്ന് പ്രതിയുടെ മൊഴി. ഭര്‍തൃവീട്ടില്‍ തനിക്ക് പരിഗണനലഭിക്കാത്തതും വീട്ടുജോലികള്‍ എടുപ്പിക്കുന്നതും കൊലപാതകത്തിലേക്ക് നയിച്ചെന്നും അറസ്റ്റിലായ ജസീല(26) പോലീസിനോട് പറഞ്ഞു.
താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലി-ഷമീന ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദലിയുടെ ജ്യേഷ്ഠന്‍ അബ്ദുള്‍ഖാദറിന്റെ ഭാര്യ ജസീല പോലീസിന്റെ പിടിയിലായത്. കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് തുടക്കത്തിലേ സ്ഥിരീകരിച്ചിരുന്നു. സംഭവസമയത്ത് കുഞ്ഞിന്റെ മാതാവ് ഷമീനയും ജസീലയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളുവെന്നതും, ജസീലയുടെ പെരുമാറ്റവും പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. കുഞ്ഞ് കിണറ്റിലുണ്ടെന്ന് ആദ്യം വിവരംനല്‍കിയത് ജസീലയായിരുന്നു. എന്നാല്‍ ഇതിനുശേഷമുള്ള യുവതിയുടെ പെരുമാറ്റവും മൊഴികളിലെ വൈരുദ്ധ്യവും ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചു. ഒടുവില്‍ പോലീസ് പിടിയിലായപ്പോള്‍ കുഞ്ഞിന്റെ കൊലപ്പെടുത്തേണ്ടതില്ലായിരുന്നെന്നും ജസീല പറഞ്ഞു.
ഷമീനയോടുള്ള പകയും വിദ്വേഷവുമാണ് ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവനെടുക്കാന്‍ ജസീലയെ പ്രേരിപ്പിച്ചത്. ഷമീനയ്ക്ക് ചെറിയ കുഞ്ഞുള്ളതിനാല്‍ ജസീലയായിരുന്നു വീട്ടുജോലികള്‍ എടുത്തിരുന്നത്. ഇതിനുപുറമേ ഭര്‍തൃവീട്ടില്‍ തനിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും ഇവര്‍ക്കുണ്ടായിരുന്നു. സംഭവദിവസം രാവിലെ ഷമീന കുഞ്ഞുമായി പുറത്തേക്ക് പോകാനൊരുങ്ങുമ്പോഴാണ് ജസീല അതിദാരുണമായ കൊലപാതകം നടത്തിയത്. കുഞ്ഞിനെ ഉറക്കികിടത്തിയശേഷം ഷമീന കുളിക്കാന്‍ കയറിയപ്പോള്‍ കുഞ്ഞിനെ എടുത്ത് കിണറ്റിലെറിയുകയായിരുന്നു.
ഭര്‍തൃവീട്ടില്‍ അവഗണന നേരിടുന്നുവെന്ന് നിരന്തരം പരാതിപ്പെട്ടിരുന്ന ജസീല ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയത്ത് ഭര്‍തൃവീട്ടില്‍ താമസിക്കാറില്ലായിരുന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് അടുത്തിടെ നാട്ടിലെത്തിയതോടെയാണ് ഇവര്‍ ഭര്‍തൃവീട്ടിലേക്ക് വന്നത്. ഇതിനിടെ സ്വന്തം വീടിന്റെ പണി പൂര്‍ത്തിയാക്കി അങ്ങോട്ട് താമസം മാറാനും തീരുമാനിച്ചിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് ജസീല ഈ കടുംകൈ ചെയ്തത്.
ജസീലയ്ക്ക് ഷമീനയോടുള്ള പക ആരംഭിച്ചിട്ട് നാളുകളായെന്നാണ് പോലീസ് പറഞ്ഞത്. ഷമീനയെ വകവരുത്താനും പ്രതി നേരത്തെ ആലോചിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഷമീന ആശുപത്രിയില്‍ കഴിയുന്നതിനിടെ ജസീല കൊടുത്തുവിട്ട ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കണ്ടെത്തിയത് അന്ന് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഒടുവില്‍ കുഞ്ഞിനെ കൊലപ്പെടുത്തി പിടിയിലായപ്പോഴും ഷമീനയോടുള്ള പക അവസാനിച്ചിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തേണ്ടതില്ലായിരുന്നെന്ന് പോലീസിനോട് പറഞ്ഞപ്പോഴും ഷമീനയോടുള്ള ദേഷ്യം യുവതിയുടെ വാക്കുകളിലുണ്ടായിരുന്നു.