മലപ്പുറം: സ്വന്തം സഹോദരന്റെ ലൈംഗികാതിക്രമം സഹിക്കാനാകാതെ ഇരുപത്തൊന്നുകാരി കുടുംബശ്രീയുടെ 'സ്നേഹിത' അഭയകേന്ദ്രത്തില്‍. പ്രാദേശിക രാഷ്ട്രീയനേതാവായ സഹോദരനെതിരേ പോലീസില്‍ പരാതിനല്‍കി പത്തുദിവസത്തിലേറെയായിട്ടും ഇയാളെ അറസ്റ്റ്ചെയ്തിട്ടില്ല.

പാണ്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടിയാണ് കുടുംബത്തില്‍ത്തന്നെ ക്രൂരതക്കിരയായത്. മഞ്ചേരിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് സ്ഥാപനത്തിലെ പ്രിന്‍സിപ്പലാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വളരെ ചെറുപ്പംമുതല്‍ വീട്ടില്‍ കൊടിയ പീഡനമനുഭവിച്ചുവരികയാണ് കുട്ടി. പിതാവിന്റേത് രണ്ടാം വിവാഹവും മാതാവിന്റേത് മൂന്നാം വിവാഹവുമാണ്. പിതാവിന്റെ മര്‍ദനവും തെറിവിളിയും സഹിച്ചു കഴിയുന്നതിനിടയ്ക്കാണ് സഹോദരന്റെ ലൈംഗികാതിക്രമം. എട്ടാംക്ലാസ് മുതല്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് കുട്ടി വിധേയയായി. പ്ലസ്വണ്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ബലാത്സംഗ ശ്രമവുമുണ്ടായി. മാതാവിനോട് പരാതി പറഞ്ഞിട്ട് ഒരു ഫലവുമുണ്ടായില്ലെന്ന് പെണ്‍കുട്ടി പാണ്ടിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സാമ്പത്തികമായി വളരെ ഉയര്‍ന്ന സ്ഥിതിയാണെങ്കിലും യുവതിയും മാതാവും ദരിദ്രരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. പഠിക്കാന്‍ ഫീസുപോലും പിതാവ് നല്‍കാറില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍നിന്നുള്ള പീഡനം കൂടിയപ്പോള്‍ കുട്ടി വിഷാദരോഗിയായി. ഇതിനിടെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെങ്കിലും വൈകാതെ വിവാഹമോചനം നടന്നു. അതിനുശേഷം സഹോദരന്റെ ഉപദ്രവം കൂടിയതായി പെണ്‍കുട്ടി പറയുന്നു. പഠിക്കുന്ന സ്ഥാപനങ്ങളില്‍വന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചു. സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ അപവാദങ്ങള്‍ പ്രചരിപ്പിച്ചു. തന്നെ മാനസികരോഗിയായി ചിത്രീകരിക്കാനും ശ്രമം നടന്നതായി യുവതി പരാതിപ്പെട്ടു.

പരാതിയെത്തുടര്‍ന്ന് പോലീസാണ് യുവതിയെ കുടുംബശ്രീ നടത്തുന്ന പൂക്കോട്ടൂരിലെ 'സ്നേഹിത' എന്ന അഭയകേന്ദ്രത്തിലാക്കിയത്. മജിസ്ട്രേറ്റിനുമുന്നിലും യുവതി മൊഴി നല്‍കിയിട്ടുണ്ട്.