ഇജാസ് ലക്ഡാവാല
ഇജാസ് ലക്ഡാവാല. Photo: ANI

ബിഹാറിലെ പട്‌നയില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് ഇജാസ് ലക്ഡാവാലയെന്ന അധോലോകനായകനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മുമ്പ്, ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും അനുയായി ആയി പ്രവര്‍ത്തിച്ചയാളാണ് ഇജാസ്. ഇരുപതുവര്‍ഷത്തെ ഒളിവുജീവിതത്തിനു പിന്നാലെ ഇജാസ് പോലീസിന്റെ പിടിയിലാകുമ്പോള്‍, വീണ്ടും ചര്‍ച്ചയാകുന്ന ഒരു കൊലപാതകമുണ്ട്. മലയാളി വ്യവസായി തഖിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകം. 

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു തഖിയുദ്ദീന്‍. വര്‍ക്കലയിലെ എടവ സ്വദേശി. 1995 നവംബര്‍ 13ന് തന്റെ മുംബൈ ഓഫീസിനു സമീപത്തുവെച്ച് തഖിയുദ്ദീന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. രാത്രി ഒമ്പതരയോടെ ബാന്ദ്രയിലെ ഓഫീസില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തഖിയുദ്ദീന് വെടിയേല്‍ക്കുന്നത്. കാറില്‍ പോവുകയായിരുന്ന തഖിയുദ്ദീനെ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. തഖിയുദ്ദീനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഇജാസും ഉണ്ടായിരുന്നുവെന്നാണ് അന്ന് പോലീസ് കണ്ടെത്തിയത്. 

തഖിയുദ്ദീനെ കൊലപ്പെടുത്തിയത് ഛോട്ടാ രാജന്റെ സംഘമാണെന്നാണ് മുംബൈ പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. രോഹിത് വര്‍മ, ജോസഫ് ജോണ്‍ ഡിസൂസ, സുനില്‍ മല്‍ഗോകര്‍, ബണ്ടി പാണ്ഡെ, ഇജാസ് ലക്‌ഡെവാല എന്നിവരടങ്ങിയ സംഘമാണ് വഖിയുദ്ദീനെ വധിച്ചത്‌. ആദ്യഘട്ടത്തില്‍ ബണ്ടിയുടെയും ഇജാസിന്റെയും പേരുകള്‍ കുറ്റപത്രത്തിലുണ്ടായിരുന്നില്ല. പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. 

ഛോട്ടാ രാജന്റെ നിര്‍ദേശപ്രകാരമാണ് തഖിയുദ്ദീനെ കൊലപ്പെടുത്തിയതെന്ന് ജോസഫ് ജോണ്‍ ഡിസൂസ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പിന്നീട് 1996ല്‍ ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഛോട്ടാ രാജനും സ്ഥിരീകരിച്ചു. തഖിയുദ്ദീന് ദാവൂദുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും പറഞ്ഞു. എന്നാല്‍ തഖിയുദ്ദീന്റെ കുടുംബം ഈ ആരോപണം നിഷേധിച്ചു. 

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ദ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്- ദ ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ സ്വകാര്യ എയര്‍ലൈനുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ തഖിയുദ്ദീന്റെ കൊലപാതകത്തെ കുറിച്ചും അതിന്റെ പിന്നിലെ അധോലോക-ക്വട്ടേഷന്‍ സമവാക്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അതേസമയം തഖിയുദ്ദീന്റെ കൊലപാതകം ഒരു പ്രമുഖ വ്യവസായിയുടെ ക്വട്ടേഷന്‍ ആയിരുന്നുവോ എന്ന വിഷയം പില്‍ക്കാലത്ത് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. 

തഖിയുദീന്‍ വാഹിദിന് തിരുവനന്തപുരം വഴുതക്കാട്ടുണ്ടായിരുന്ന വീട്. പിന്നീട് ഈ വീട് മറ്റൊരാള്‍ വാങ്ങി
തഖിയുദീന്‍ വാഹിദിന് തിരുവനന്തപുരം വഴുതക്കാട്ടുണ്ടായിരുന്ന വീട്. പിന്നീട് ഈ വീട് മറ്റൊരാള്‍ വാങ്ങി

തഖിയുദീന്‍ വാഹിദ്: ഇടവയില്‍നിന്നു തുടക്കം, മരണത്തോടെ വ്യവസായ സാമ്രാജ്യത്തിന് അന്ത്യം

ഇടവയിലെ ഓടയമെന്ന ഗ്രാമത്തില്‍നിന്നു രാജ്യത്തെ ആദ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് വ്യവസായിയായി വളര്‍ന്ന ചരിത്രമാണ് തഖിയുദീന്‍ വാഹിദിന്റേത്. ബിസിനസില്‍ തിളങ്ങി നില്‍ക്കെ 40-ാം വയസ്സില്‍ അദ്ദേഹം വെടിയേറ്റുവീണു. അതോടെ അവസാനിച്ചത് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എന്ന കമ്പനിയുടെ ചരിത്രവും. 25 വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ഘാതകര്‍ അറസ്റ്റിലാകുമ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ കൊള്ളിമീന്‍പോലെ ഉദിച്ചുയര്‍ന്ന് അസ്തമിച്ച എയര്‍ലൈന്‍സ് കമ്പനി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

കഠിനാധ്വാനവും കരുണയാര്‍ന്ന മനസ്സുമായാണ് തഖിയുദീന്‍ വാഹിദ് ബിസിനസ് സാമ്രാജ്യത്തിലേക്കു നടന്നുകയറിയത്. സഹോദരങ്ങളുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ജോലിയായിരുന്നു ആദ്യം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് ആള്‍ക്കാരെ കയറ്റിയയച്ചു തുടങ്ങിയതോടെ മുംബൈ ആസ്ഥാനമാക്കി ട്രാവല്‍സ് ആരംഭിച്ചു. നാലുവര്‍ഷംകൊണ്ട് ഇന്ത്യയിലുടനീളം 18 ഏജന്‍സികളും തുടങ്ങി.

1992-ലാണ് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ആരംഭിച്ചത്. ആഭ്യന്തര സര്‍വീസുകളാണ് നടത്തിയത്. 1995 ആയതോടെ വിമാനങ്ങളുടെ എണ്ണം 11 ആയി ഉയര്‍ന്നു. കമ്പനി അഭിമാനകരമായ വളര്‍ച്ച കൈവരിച്ചതോടെ എതിര്‍പ്പുകളും തുടങ്ങി.

1995 നവംബര്‍ 13-നാണ് ദാരുണമായ സംഭവമുണ്ടായത്. രാത്രിയില്‍ ഓഫീസിനു സമീപം തഖിയുദീന്‍ വാഹിദ് അക്രമികളുടെ വെടിയേറ്റ് വീഴുകയായിരുന്നു. ഇതോടെ കമ്പനിയുടെ തകര്‍ച്ചയും തുടങ്ങി.

നാസറുദീന്‍ വാഹിദ്
നാസറുദീന്‍ വാഹിദ്

അടുത്തവര്‍ഷം സര്‍വീസുകള്‍ അലസാനിപ്പിക്കേണ്ടിവന്നു. ഇപ്പോഴും സഹോദരന്‍ നാസറുദീന്‍ ചെയര്‍മാനും മറ്റു സഹോദരങ്ങളായ താഹാക്കുട്ടി, ഫൈസല്‍, സഹോദരീ ഭര്‍ത്താവ് പീര്‍ മുഹമ്മദ് എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്പനിയുണ്ട്. തക്കിയുദീന്‍ വാഹിദിന്റെ മരണത്തിനു ശേഷം സി.ബി.ഐ., ഡി.ആര്‍.ഐ., എന്‍ഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയുടെയെല്ലാം അന്വേഷണം കുടുംബം നേരിട്ടു. ഓടയത്തെ കുടുംബവീടായ കോട്ടുവിളാകം വീട്ടില്‍ ജ്യേഷ്ഠസഹോദരന്‍ നാസറുദീന്‍ വാഹിദും തൊട്ടടുത്ത വീട്ടില്‍ സഹോദരി ഐഷാബീവിയും കുടുംബവുമാണ് താമസിക്കുന്നത്. മറ്റൊരു സഹോദരന്‍ താഹാക്കുട്ടിയും കുടുംബവീട്ടിലുണ്ടാകും.

ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുകയാണ് കുടുംബം ചെയ്തതെന്ന് നാസറുദീന്‍ വാഹിദ് പറഞ്ഞു. 25 വര്‍ഷത്തിനു ശേഷം തഖിയുദീന്‍ വാഹിദിന്റെ ഘാതകരുടെ അറസ്റ്റുണ്ടായെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രാര്‍ഥനാപൂര്‍വം കാത്തിരുന്ന ദിനമാണെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

3
നാസറുദീന്‍ വാഹിദ് ഓടയത്തെ കുടുംബവീടിനു മുന്നില്‍

തഖിയുദ്ദീന്റെ മരണത്തിന് എട്ടുവര്‍ഷത്തിനു ശേഷം, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്ക് തഖിയുദ്ദീന്റെ കൊലപാതകത്തിനു പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണെന്ന് സൂചന ലഭിച്ചു.  തുടര്‍ന്ന് കേസില്‍ പുനരന്വേഷണത്തിന് റോ നിര്‍ദേശം നല്‍കി. എന്നാല്‍ അതുണ്ടായില്ല. 

ബുധനാഴ്ച രാത്രി പത്തരയോടെയാണ് ഇജാസിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 28ന് മുംബൈ പോലീസ് ഇജാസിന്റെ മകള്‍ സോണിയയെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് സോണിയയെ പോലീസ് പിടികൂടിയത്. സോണിയയില്‍നിന്നാണ് ഇജാസിനെ കുറിച്ചുളള വിവരം ലഭിച്ചത്. ഇജാസിനെ ജനുവരി 21വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, കൊലപാതകശ്രമം തുടങ്ങി ഇരുപത്തേഴോളം കേസുകളാണ് ഇജാസിന്റെ പേരിലുള്ളത്. പത്തുവര്‍ഷം മുമ്പാണ് ലക്ഡാവാല സ്വന്തമായി അധോലോകസംഘം ആരംഭിച്ചത്. 

ഇജാസിനെ ചോദ്യം ചെയ്യുന്നതിലൂടെ തഖിയുദീന്റെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകളിലേക്കും അന്വേഷണം നീണ്ടേക്കും.

content highlights: will the arrest of gangster ejaz lakdawala unfold the murder mystery of thakiyudeen wahid