ന്യൂഡൽഹി: മുങ്ങിയെങ്കിലും രക്ഷപ്പെടാനായില്ല, ഇന്റർപോൾ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്ത്യൻ രത്നവ്യാപാരിയും പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുമായ മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിലായി. ആന്റിഗ്വയിൽനിന്ന് മുങ്ങിയ ചോക്സി ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കയിൽ പിടിയിലായതെന്നാണ് വിവരം.

ഡൊമിനിക്ക മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുമോ എന്നതാണ് ഇനി അറിയേണ്ടത്. ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ചോക്സിയെ തിരികെ എത്തിക്കാനുള്ള എല്ലാശ്രമങ്ങളും ഇന്ത്യ ആരംഭിച്ചതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് തട്ടിപ്പിലെ മുഖ്യപ്രതിയായ മെഹുൽ ചോക്സി ആന്റിഗ്വയിലേക്ക് കടന്നത്. എന്നാൽ മെയ് 23-ന് ആന്റിഗ്വയിൽനിന്നു ചോക്സി മുങ്ങുകയായിരുന്നു. 23-ാം തീയതി ജോളി ഹാർബറിലെ വീട്ടിൽനിന്ന് കാറിൽ യാത്രതിരിച്ച ചോക്സിയെ പിന്നീട് കാണാതായി. ആന്റിഗ്വൻ പോലീസ് തലങ്ങുംവിലങ്ങും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടൽത്തീരത്തുനിന്ന് ചോക്സിയുടെ കാർ കണ്ടെത്തിയെങ്കിലും ചോക്സി എവിടേക്ക് പോയി എന്നത് ചോദ്യമായി അവശേഷിച്ചു.

മൊബൈൽ ടവർ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. ആന്റിഗ്വയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ പട്ടിക അരിച്ചുപെറുക്കിയെങ്കിലും മെഹുൽ ചോക്സി എന്ന പേര് മാത്രം കണ്ടില്ല. ഇതോടെയാണ് കടൽ മാർഗം ചോക്സി രക്ഷപ്പെട്ടു കാണുമെന്ന് പോലീസ് ഉറപ്പിച്ചത്. ചോക്സിക്കായി ഇന്റർപോൾ യെല്ലോ കോർണർ നോട്ടീസും പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഡൊമിനിക്കയിലെ ടൗക്കാരിയിൽനിന്ന് ചോക്സിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചോക്സിയെ പിടികൂടിയ ഉടൻതന്നെ ഡൊമിനിക്ക ഇന്റർപോളിനെയും ഇന്ത്യൻ അധികൃതരെയും ഇക്കാര്യം അറിയിച്ചിരുന്നു.

ആന്റിഗ്വയിൽനിന്ന് ചെറിയ ബോട്ടിൽ കടൽമാർഗം രക്ഷപ്പെട്ട ചോക്സി പിന്നീട് വലിയ ബോട്ടിലേക്ക് യാത്ര മാറ്റിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്നവിവരം. ഏകദേശം 100 നോട്ടിക്കൽ മൈൽ ആണ് ആന്റിഗ്വയും ഡൊമിനിക്കയും തമ്മിലുള്ള ദൂരം. ആന്റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാനായിരുന്നു ചോക്സിയുടെ പദ്ധതി. പക്ഷേ, യാത്രയ്ക്കിടെ ഡൊമിനിക്കയിൽ പിടിവീഴുകയായിരുന്നു.

ഡൊമിനിക്കയിൽ പിടിയിലായതോടെ ചോക്സിയെ എങ്ങനെയും തിരികെ എത്തിക്കാനാണ് ഇന്ത്യയിലെ ഉന്നതഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനായുള്ള നീക്കങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ഡൊമിനിക്കയോട് ആവശ്യപ്പെട്ടെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണും വ്യക്തമാക്കിയിരുന്നു.

ചോക്സി ഇന്ത്യൻ പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ മതിയായ കാരണങ്ങളുണ്ടെന്നുമാണ് കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ''സി.ബി.ഐ.യും ഇ.ഡി.യും രജിസ്റ്റർ ചെയ്ത കേസുകളിൽ അദ്ദേഹത്തിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ മറ്റൊരു രാജ്യത്ത് അനധികൃതമായി പ്രവേശിച്ചതോടെയാണ് ചോക്സി പിടിയിലായത്. അതിനാൽ അവിടെനിന്ന് നാടു കടത്താൻ ഈ കാരണങ്ങളെല്ലാം മതിയാകും.''- ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള സൗഹൃദം മെഹുൽ ചോക്സിയുടെ കേസിൽ സഹായകമാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ ഡൊമിനിക്കയ്ക്ക് കോവിഡ് വാക്സിൻ നൽകിയിരുന്നു. ഇത് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചു. 35,000 പേർക്കുള്ള കോവിഡ് വാക്സിൻ നൽകിയതിന് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ് വെൽറ്റ് സ്കെരിറ്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിക്കുകയും ചെയ്തു. ഇതെല്ലാം മെഹുൽ ചോക്സിയുടെ കേസിൽ ഡൊമിനിക്കയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകാൻ കാരണമാകുമെന്നാണ് കരുതുന്നത്.

അതേസമയം, ചോക്സിയെ ഒരിക്കലും ഇന്ത്യയിലേക്ക് നാടു കടത്താൻ നിർവാഹമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. ചോക്സി ആന്റിഗ്വൻ പൗരനാണെന്നും ഡൊമിനിക്കയിൽനിന്ന് ആന്റിഗ്വയിലേക്ക് നാടു കടത്താനേ നിയമം അനുവദിക്കുന്നുള്ളൂവെന്നും അഭിഭാഷകനായ വിജയ് അഗർവാൾ പറഞ്ഞു.

ചോക്സി ആന്റിഗ്വയിലെ പൗരത്വം സ്വീകരിച്ചതോടെ ഇന്ത്യൻ സിറ്റിസൺഷിപ്പ് ആക്ട് സെക്ഷൻ 9 അനുസരിച്ച് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പൗരത്വം റദ്ദായി. അതിനാൽ ആന്റിഗ്വയിലേക്ക് മാത്രമേ നിയമപരമായി അദ്ദേഹത്തെ നാടുകടത്താനാവൂ. ഇന്ത്യയിലേക്ക് നാടു കടത്തുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചോക്സി ഡൊമിനിക്കയിൽ എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും വിജയ് അഗർവാൾ ആരോപിച്ചു.

ചോക്സി സ്വമേധയാ ആന്റിഗ്വയിൽനിന്ന് കടന്ന് ഡൊമിനിക്കയിൽ എത്തിയതാണെന്ന് താൻ കരുതുന്നില്ല. അതിനാൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. ഡൊമിനിക്കയിൽ എത്തിയതിന് പിന്നിൽ പല സംശയങ്ങളുണ്ടെന്നും വിജയ് അഗർവാൾ കൂട്ടിച്ചേർത്തു.

Content Highlights:will dominica deport mehul choksi to india