മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ഥിനി കൊല്ലം കിളികൊല്ലൂര്‍ കിലോന്‍തറയില്‍ ഫാത്തിമാ ലത്തീഫിനെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് 2019 നവംബര്‍ ഒമ്പതിനാണ്. ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് എം.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. മാര്‍ക്കുകുറഞ്ഞതിന്റെ നിരാശയില്‍ ജീവനൊടുക്കി എന്നായിരുന്നു ഐ.ഐ.ടി.യുടെ വിശദീകരണവും പോലീസിന്റെ പ്രാഥമിക നിഗമനവും.

ഫോണില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുയര്‍ന്നു. അധ്യാപകന്‍ അടക്കമുള്ളവര്‍ സംശയത്തിന്റെ നിഴലിലായി. ദേശീയശ്രദ്ധയാകര്‍ഷിച്ച കേസായതോടെ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും ഫാത്തിമയുടെ കുടുംബമുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

ഇഴയുന്ന സി.ബി.ഐ. അന്വേഷണം

കോട്ടൂര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ചെന്നൈ സിറ്റി പോലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് സി.ബി.ഐ. അന്വേഷണത്തിന് നടപടിയെടുത്തത്. അന്വേഷണമാരംഭിച്ച് രണ്ടുവര്‍ഷത്തോളമായിട്ടും കാര്യമായ പുരോഗതിയില്ല. കേസ് ഏറ്റെടുത്ത് ഒരുവര്‍ഷം കഴിഞ്ഞാണ് ഫാത്തിമയുടെ കുടുംബാംഗങ്ങളില്‍നിന്ന് മൊഴിയെടുത്തത്. അന്വേഷണപുരോഗതിയെക്കുറിച്ച് അറിയിക്കാമെന്നുപറഞ്ഞെങ്കിലും ഒരു പ്രതികരണവുമുണ്ടായിട്ടില്ല.

മതവിവേചനം തള്ളി ഐ.ഐ.ടി.

മതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്ന സൂചന മൊബൈല്‍ ഫോണിലെ ചില സന്ദേശങ്ങളിലുണ്ടായിരുന്നു. എന്നാല്‍, ഐ.ഐ.ടി. നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇതേക്കുറിച്ച് ഒന്നുംപറയുന്നില്ല. ജാതി-മത വിവേചനമില്ലെന്ന നിലപാടിലാണ് ഐ.ഐ.ടി. കുടുംബാംഗങ്ങളുടെ ഭാഗം കേള്‍ക്കാന്‍പോലും അധികൃതര്‍ തയ്യാറായിട്ടില്ല. മദ്രാസ് ഐ.ഐ.ടി.യില്‍ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേര്‍തിരിവ് സാധാരണമാണെന്ന ആരോപണം നാളുകളായി നിലനില്‍ക്കുന്നതാണ്. അടുത്തിടെ മലയാളി അധ്യാപകന്റെ രാജിയിലേക്ക് നയിച്ചത് ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനമായിരുന്നു.

വിദ്യാര്‍ഥിമരണം തുടര്‍ക്കഥ

മദ്രാസ് ഐ.ഐ.ടി.യില്‍ പത്തുവര്‍ഷത്തില്‍ 17 വിദ്യാര്‍ഥിമരണം സംഭവിച്ചിട്ടുണ്ട്. എല്ലാം ആത്മഹത്യയായാണ് വിലയിരുത്തിയത്. ഈ ജൂലായിലാണ് മലയാളിയായ ഗവേഷണവിദ്യാര്‍ഥി ഉണ്ണികൃഷ്ണന്‍ നായരെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പഠനസമ്മര്‍ദത്തെത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.

സിവില്‍ സര്‍വീസ് സ്വപ്നംകണ്ട ഫാത്തിമ

പ്രവേശനപരീക്ഷയില്‍ ഉന്നതറാങ്ക് നേടി മദ്രാസ് ഐ.ഐ. ടി.യിലെത്തിയ ഫാത്തിമയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. ഈ ലക്ഷ്യം നേടാനുള്ള അക്കാദമിക മികവ് ഫാത്തിമയ്ക്കുണ്ടായിരുന്നുവെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഐ.ഐ.ടി.യില്‍ പഠനം നടത്തണമെന്ന മോഹം മനസ്സിലുദിച്ചത്. ചിട്ടയോടെയുള്ള പഠനം അത് സാക്ഷാത്കരിക്കാന്‍ തുണയായി. എന്നാല്‍, ക്ലാസ് തുടങ്ങി മൂന്നരമാസത്തിനുള്ളില്‍ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി വിടപറയുകയായിരുന്നു.

നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

സി.ബി.ഐ. അന്വേഷണത്തിലും നീതി ലഭിക്കുമെന്ന പ്രതീക്ഷ മങ്ങിയതോടെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഫാത്തിമയുടെ കുടുംബം. ഇപ്പോള്‍ റിയാദിലുള്ള പിതാവ് ലത്തീഫ് ഇതിനായി തിരിച്ചെത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാനും ചെന്നൈയില്‍ത്തന്നെ താമസിച്ച് നിയമപോരാട്ടം നടത്താനുമാണ് തീരുമാനം.

നീതിക്കായി ജീവിതാവസാനംവരെ പോരാടും

മകളുടെ മരണത്തില്‍ നീതി ലഭിക്കണം. കുറ്റക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഞങ്ങള്‍ക്ക് മകളെ നഷ്ടമായതുപോലെ ഭാവിയില്‍ മറ്റാര്‍ക്കും സംഭവിക്കരുത്. ഇതിനായി ജീവിതാവസാനംവരെ പോരാടും.

അബ്ദുള്‍ ലത്തീഫ്
(ഫാത്തിമയുടെ പിതാവ്)

തയ്യാറാക്കിയത്: പ്രശാന്ത് കാനത്തൂര്‍