മാനന്തവാടി(വയനാട്): നാടിനെ നടുക്കിയ പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതി മൂന്നുമാസത്തിനുശേഷം അറസ്റ്റില്‍. താഴെ നെല്ലിയമ്പം കായക്കുന്ന് കുറുമകോളനിയിലെ അര്‍ജുന്‍ (24) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിന് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് അര്‍ജുന്‍ ആശുപത്രിയിലായിരുന്നു. ചികിത്സ കഴിഞ്ഞതോടെ വ്യാഴാഴ്ച വീണ്ടും അര്‍ജുനെ ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകം ഉണ്ടായത്. നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍(75) ഭാര്യ പത്മാവതി(65)മാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ വീടിന് അടുത്തുതന്നെയാണ് അറസ്റ്റിലായ അര്‍ജുന്റെ വീടും.

മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയത് വീട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് പ്രതി ആക്രമണത്തിന് മുതിരുകയായിരുന്നു. എന്നാല്‍, വീട്ടില്‍നിന്ന് ഒന്നും മോഷണംപോയതായി കണ്ടെത്താനായിട്ടില്ല. കേശവന്‍ സംഭവസ്ഥലത്തും പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണിക്കൂറുകള്‍ക്കുള്ളിലും മരിച്ചു.

മുഖംമൂടിയിട്ട രണ്ടുപേരാണ് ആക്രമിച്ചതെന്ന് പത്മാവതി പറഞ്ഞതായാണ് പ്രചാരണമുണ്ടായത്. അവര്‍ രണ്ടുരീതിയില്‍ പറഞ്ഞിട്ടുണ്ടെന്നും നിലവില്‍ ഒരു പ്രതിയാണുള്ളതെന്നും പോലീസ് പറഞ്ഞു. സംഭവസമയം ഇയാള്‍ തുണികൊണ്ട് മുഖം മറച്ചിരുന്നതായും പോലീസ് പറയുന്നു.

എന്നാല്‍, കൂടുതല്‍പ്പേര്‍ ആക്രമണത്തിനു പിന്നിലുണ്ടോയെന്നകാര്യം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള 41 അംഗ സംഘമാണ് കേസന്വേഷിച്ചത്.

പ്രദേശവാസികളുള്‍പ്പെടെ ഒട്ടേറെയാളുകളെ ചോദ്യംചെയ്തും ശാസ്ത്രീയതെളിവുകള്‍ തേടിയുമൊക്കെയാണ് പോലീസ് അര്‍ജുനിലേക്ക് എത്തുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പോലീസ് അര്‍ജുനെയും ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ അര്‍ജുന്‍ കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു. ആദ്യമായാണ് അര്‍ജുന്‍ കേസില്‍ പ്രതിയാകുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഒന്നരവര്‍ഷംമുമ്പ് പ്രദേശത്തെ ഒരു വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു.

പരിശോധിച്ചത് അഞ്ചുലക്ഷം ഫോണ്‍കോളുകള്‍, നിരീക്ഷിച്ചത് മൂവായിരത്തോളം കുറ്റവാളികളെ 

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം പരിശോധിച്ചത് അഞ്ചുലക്ഷം ഫോണ്‍കോളുകളും നിരീക്ഷിച്ചത് മൂവായിരത്തോളം കുറ്റവാളികളെയും. പ്രദേശവാസികളടക്കമുള്ളവരെ ചോദ്യംചെയ്തതിനു പുറമേയാണിത്.

ജില്ലയ്ക്ക് അകത്തും പുറത്തുമായി മൂവായിരത്തോളം കുറ്റവാളികളെ നേരില്‍ക്കണ്ടും അല്ലാതെയും പോലീസ് നിരീക്ഷിച്ചു. 150 സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. എന്നാല്‍, നാട്ടുകാരെ ചോദ്യംചെയ്യുന്ന കൂട്ടത്തില്‍ വിളിപ്പിച്ച അര്‍ജുന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് പ്രതിയെന്ന സംശയത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

wayanad double murder
പോലീസ് അര്‍ജുന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത വസ്ത്രങ്ങളും ഷൂവും | ഫോട്ടോ: മാതൃഭൂമി

പ്രദേശത്ത് കാടുവെട്ടല്‍പോലുള്ള ജോലികള്‍ ചെയ്തുവരുകയായിരുന്നു അര്‍ജുന്‍. മുമ്പ് തമിഴ്‌നാട് മധുര ഈറോഡിലും ജോലിചെയ്തിരുന്നു. മാതാപിതാക്കള്‍ മരിച്ച അര്‍ജുന്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തിനുശേഷവും അര്‍ജുന്‍ പ്രദേശത്തുനിന്നുതന്നെയുണ്ടായിരുന്നു. പോലീസ് രണ്ടുതവണ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ഹാജരായി. വ്യാഴാഴ്ച വീണ്ടും ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിച്ചെന്നാണ് പോലീസ് ഭാഷ്യം.

കേസന്വേഷണത്തിനായി അന്വേഷണസംഘം നെല്ലിയമ്പത്തുതന്നെ വാടകവീടെടുത്ത് താമസിക്കുകയും ചെയ്തിരുന്നു. ഇടംകൈയനാണ് അര്‍ജുനെന്നും പോലീസ് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട പത്മാവതി രണ്ടുപേരാണ് ആക്രമിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ വാദം പോലീസ് ഇപ്പോള്‍ തള്ളുകയാണ്. മരണാസന്നയായ പത്മാവതി രണ്ടുപേരുണ്ടെന്നും ഒരാളാണ് പ്രതിയെന്നും മാറിമാറി പറഞ്ഞുവെന്നാണ് പോലീസ് ഇപ്പോള്‍ വിശദീകരിക്കുന്നത്.

ഒന്നരമണിക്കൂറോളം തെളിവെടുപ്പ്, കത്തിയും വസ്ത്രങ്ങളും കണ്ടെടുത്തു

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അര്‍ജുനെ തെളിവെടുപ്പിനായി താഴെ നെല്ലിയമ്പത്ത് എത്തിച്ചത്. ആദ്യം കൊലപാതകം നടന്ന പത്മാലയം വീട്ടിലും പിന്നീട് അര്‍ജുന്റെ വീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്. അര്‍ജുന്റെ വീട്ടില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സംഭവദിവസം അര്‍ജുന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.

വീടിനകത്തേക്ക് പിറകുവശത്തെ ജനല്‍വഴി കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്, മുന്‍ഭാഗത്തെ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. പുറത്തിറങ്ങിവന്ന കേശവന്‍ ആളെ അന്വേഷിച്ച് മാറിയ തക്കത്തിനാണ് താന്‍ വീടിനുള്ളില്‍ കയറിയതെന്നും അര്‍ജുന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

അര്‍ജുന്റെ വീട്ടില്‍നിന്ന് ഷൂവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് ശനിയാഴ്ച പോലീസ് അപേക്ഷ നല്‍കും.

ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍, മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്‍, മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍കരീം, കേണിച്ചിറ സ്റ്റേഷന്‍ ഓഫീസര്‍ എസ്. സതീഷ് കുമാര്‍, വയനാട് സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ വിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിനായി അര്‍ജുനെ താഴെ നെല്ലിയമ്പത്ത് എത്തിച്ചപ്പോള്‍ നാട്ടുകാരും തടിച്ചുകൂടിയിരുന്നു.