പനമരം(വയനാട്): കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിന് മൂന്നാണ്ട് പിന്നിടുമ്പോള്‍ ജില്ലയില്‍ വീണ്ടും സമാനരീതിയിലുള്ള ഇരട്ടക്കൊലപാതകം. കണ്ടത്തുവയലിലേതുപോലെ തന്നെ നെല്ലിയമ്പത്തും ഭാര്യയ്ക്കും ഭര്‍ത്താവിനും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. വ്യാഴാഴ്ച രാത്രി എട്ടരയോടെ മുഖംമൂടിയണിഞ്ഞ രണ്ടു പേരാണ് ഇവരെ ആക്രമിച്ചത്.

കേശവന് വെട്ടേറ്റപ്പോള്‍ ബഹളംവെച്ച് പുറത്തേക്കിറങ്ങിയ ഭാര്യ പത്മാവതിയുടെ നിലവിളി കേട്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ആസൂത്രിത കൊലപാതകം, മോഷണ സാധ്യത എന്നിവയുള്‍പ്പെടെ എല്ലാ സാധ്യതകളും കണക്കിലെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കും. അക്രമികളെ കണ്ടെത്താനായി പനമരം പോലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

2018 ജൂലായ് ആറിനായിരുന്നു കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം. പുരിഞ്ഞിയിലെ വാഴയില്‍ ഉമ്മര്‍(28), ഭാര്യ ഫാത്തിമ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് എട്ടു പവന്‍ സ്വര്‍ണവും ഫാത്തിമയുടെ മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. രാത്രിയിലെ കൊലപാതകം ആരുമറിഞ്ഞിരുന്നില്ല. രാവിലെയാണ് ഇരുവരും മരിച്ചു കിടക്കുന്ന വിവരം പുറത്തറിയുന്നത്. അക്രമിയെക്കുറിച്ചൊരു തുമ്പും ഈ കേസില്‍ ഇല്ലായിരുന്നു.

ഇതേ അവസ്ഥയാണ് നെല്ലിയമ്പത്തെ വൃദ്ധദമ്പതിമാരുടെ കൊലപാതകത്തിലും. സംഭവം നടന്നയുടന്‍ പോലീസ് എത്തിയെങ്കിലും വെള്ളിയാഴ്ചവരെയും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യും. വീട്ടില്‍ ഇന്റര്‍ലോക്കിന്റെ പ്രവൃത്തി കുറച്ചു നാളുകള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. ഇവിടെ ജോലിക്കെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷിക്കും.

തുമ്പുകളൊന്നുമില്ലാതിരുന്ന കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തില്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സമാനകേസുകളില്‍ പ്രതികളായവരെയും സമീപകാലത്ത് ജയില്‍ മോചിതരായവരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എഴുനൂറോളം പേരെയാണ് പോലീസ് അന്ന് നിരീക്ഷിച്ചത്. കേസില്‍ പിന്നീട് അറസ്റ്റിലായ തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ താമസിക്കുന്ന കലങ്ങോട്ടുമ്മല്‍ വിശ്വനാഥനും (45) ഈ പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു.

ഒറ്റപ്പെട്ട വീട്, അക്രമികള്‍ നേരത്തേ എത്തിയോ?

ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിന് നടുവിലാണ് കേശവനും പത്മാവതിയും താമസിച്ചിരുന്ന വീട്. റോഡിന്റെ താഴ്ഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. അടുത്ത് അധികം വീടുകളില്ല.

താഴത്തെ നിലയില്‍നിന്നാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കേശവന്‍ വീണുകിടക്കുകയായിരുന്നു. പത്മാവതിക്കും വെട്ടേറ്റിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും പറയപ്പെടുന്നു. അക്രമികളെ കണ്ടെത്താനായി പനമരം പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രിതന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അക്രമികള്‍ രണ്ടാം നിലയില്‍?

അക്രമികള്‍ നേരത്തേ വീടിന്റെ രണ്ടാം നിലയില്‍ നിലയുറപ്പിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തതായും സംശയമുണ്ട്. നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയ വീടിന്റെ രണ്ടാം നിലയിലേക്ക് പുറമേയുള്ള കോണിപ്പടി വഴി കയറാം. അങ്ങനെയെങ്കില്‍ വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കും സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. വീടിനുള്ളില്‍ എന്തൊക്കെ സംഭവിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ആസൂത്രിതമെന്ന് പോലീസ് 

താഴെ നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ആക്രമണം ഉണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

wayanad double murder
കേശവന്‍ വെട്ടേറ്റ് വീണ സ്ഥലത്ത് കിടക്കുന്ന കണ്ണടയും ചെരുപ്പും | ഫോട്ടോ: മാതൃഭൂമി

താഴെ നെല്ലിയമ്പം-കാവടം റോഡിലെ ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിനകത്താണ് ഇവരുടെ വീട്. വര്‍ഷങ്ങളായി ഇവിടെ താമസിച്ചുവരുന്നവരാണിവര്‍. റോഡില്‍നിന്ന് 200 മീറ്ററോളം മാറിയാണ് വീട് സ്ഥിതി ചെയ്യുന്നത്. റോഡരികിലായി ഗേറ്റുണ്ട്. അതിനാല്‍ കവര്‍ച്ചയ്‌ക്കെത്തിയവരാണെങ്കില്‍ ഈ വീട് കണ്ടുപിടിക്കാന്‍തന്നെ കുറെ നേരമെടുക്കും. വഴിവക്കിലായി ധാരാളം കുടുംബങ്ങളുണ്ട്. ഇവരുടെ വീടിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ ഏതാനും വീടുകളുമുണ്ട്. കുടുംബവുമായി അടുത്ത പരിചയമുള്ളവര്‍ക്കല്ലാതെ രാത്രി എട്ടരയോടെ സ്ഥലത്തെത്തി കൃത്യം നടത്താനും സാധിക്കില്ലെന്ന നിഗമനവും പോലീസിനുണ്ട്.

നിലവിളികേട്ട് ഓടിയെത്തി; കഴുത്തിന് വെട്ടേറ്റ് പത്മാവതി

വ്യാഴാഴ്ച രാത്രി പത്മാവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാരായ പി.കെ. ശശിയും വി.കെ. പ്രസാദും ഓടിയെത്തുന്നത്. പാതി തുറന്ന വാതിലിനരികെ സാരിത്തുമ്പുകൊണ്ട് കഴുത്തിനുതാഴെ പൊത്തിപ്പിടിച്ച് ആരെയോ ഫോണില്‍ വിളിക്കുന്ന പത്മാവതിയെയാണ് ആദ്യംകണ്ടതെന്ന് ഇവര്‍ പറഞ്ഞു. വിജിലന്‍സിലെ ഉദ്യോഗസ്ഥനായ അജിത്തും അവിടെ എത്തിയിരുന്നു.

ചോരയില്‍ കുളിച്ച പത്മാവതിയെ കണ്ട് പരിഭ്രാന്തിയിലായ ഇവര്‍ വീടിന്റെ ഒന്നാം നിലയിലെ ഹാളിന്റെ ഓരത്ത് വെട്ടേറ്റ് ബോധരഹിതനായി കിടക്കുന്ന കേശവനെയാണ് പിന്നീട് കണ്ടത്. ആംബുലന്‍സെത്തി രണ്ടു പേരെയും മാനന്തവാടിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പേ കേശവന്‍ മരിച്ചു.

ശസ്ത്രകിയയ്ക്ക് വിധേയയാക്കാനിരിക്കെ പുലര്‍ച്ചെയോടെ പത്മാവതിയും മരിച്ചു. കേശവനും ഭാര്യ പത്മാവതിയും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. വളരെ സൗമ്യമായും സ്‌നേഹത്തോടെയും പെരുമാറിയും അയല്‍ക്കാരോടും പ്രദേശവാസികളോടും അടുത്തിടപഴകിയും കഴിഞ്ഞിരുന്നവരാണിവര്‍.

ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

ജില്ലയെ നടുക്കിയ രണ്ടാമത്തെ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ ദുരൂഹത മാറ്റാനും കുറ്റക്കാരെ കണ്ടെത്താനുമുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം നടന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍തന്നെ കാവടത്തും പരിസരത്തും വന്‍ പോലീസ് സേന എത്തിയിരുന്നു. രാത്രി വൈകിയും പോലീസ് പരിശോധനയും അന്വേഷണവും തുടര്‍ന്നു. വെള്ളിയാഴ്ച പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങുന്ന സേന സംഭവസ്ഥലത്തെത്തി.

ഉച്ചയോടെ ഐ.ജി. അശോക് യാദവ്, ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍, ക്രൈംബ്രാഞ്ച് എസ്.പി. വി.ഡി. വിജയന്‍, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. പ്രകാശന്‍ പടന്നയില്‍, ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

wayanad double murder
വീട്ടില്‍ കണ്ട കാല്‍പ്പാട് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു | ഫോട്ടോ: മാതൃഭൂമി

ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം തുടങ്ങി വന്‍ സന്നാഹമായിരുന്നു സംഭവസ്ഥലത്ത്. എം.എല്‍.എ.മാരായ ഒ.ആര്‍. കേളു, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങി പ്രമുഖരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

കവര്‍ച്ചാസംഘമെന്ന് സംശയം 

നാടിനെ ഒന്നാകെ ഭീതിയിലാക്കിയ കാവടത്തെ ഇരട്ടക്കൊലപാതകത്തിനുപിന്നില്‍ കവര്‍ച്ചസംഘമെന്ന് അഭ്യൂഹം. അടുത്തിടെയായി ചെറുതും വലുതുമായ ഒട്ടേറെ മോഷണങ്ങളും കവര്‍ച്ചാശ്രമങ്ങളും പനമരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ടുണ്ട്. ഇതാണ് കേശവന്റെയും പത്മാവതിയുടെയും കൊലപാതകത്തിന് പിന്നിലും മോഷണസംഘമാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയത്.

ആറു മാസത്തിനുള്ളില്‍ അഞ്ചു മോഷണങ്ങളാണ് പനമരം ടൗണിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്. ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ പൂട്ടു തകര്‍ത്ത് മോഷണം നടത്തുന്നതും പതിവായിരുന്നു. പനമരത്തെ ക്രിസ്ത്യന്‍, മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ചും മോഷണം നടന്നിരുന്നു. ഒന്നര വര്‍ഷത്തിനിടെ പോലീസ്സ്റ്റേഷന്‍ പരിധിയില്‍ മോഷണങ്ങള്‍ വ്യാപകയിട്ടുണ്ട്.

ലക്ഷങ്ങള്‍ വിലവരുന്ന കോണ്‍ക്രീറ്റ് ഷീറ്റുകളും ഒട്ടേറെ ഇരുചക്രവാഹനങ്ങളും പനമരം ടൗണില്‍ നിന്ന് മോഷണം പോയിട്ടുണ്ട്. ഇതിനിടെ രണ്ടു മാസംമുമ്പ് പനമരത്തെ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയ രണ്ടു പേരെ പനമരം പോലീസ് പിടികൂടിയിരുന്നു.

ഇതൊക്കെയാണ് കവര്‍ച്ചസംഘമാവാം അക്രമത്തിന് പിന്നിലെന്നുള്ള സംശയം ബലപ്പെടുത്തുന്നത്. ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: wayanad panamaram double murder case