മാനന്തവാടി: നാടിനെ ഞെട്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍. അന്വേഷണോദ്യോഗസ്ഥനായ അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ വിചാരണകൂടി പൂര്‍ത്തിയായാല്‍ വിധിപ്രസ്താവത്തിലേക്ക് കടക്കും.

ദേവസ്യയുടെ വിചാരണ ബുധനാഴ്ച ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങും. അന്വേഷണോദ്യോഗസ്ഥന്റെ വിചാരണ പൂര്‍ത്തിയായശേഷം പ്രതിയെ ചോദ്യംചെയ്ത് പ്രതിഭാഗം തെളിവ് ഹാജരാക്കി വാദം പൂര്‍ത്തിയായാല്‍ വിധിപറയും. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അന്വേഷണോദ്യോഗസ്ഥന്റെ വിചാരണ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍ ഇതുവരെ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.

2018 ജൂലായ് ആറിനായിരുന്നു ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26) ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ താമസിക്കുന്ന കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു. കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവും ഹാജരായി. പിടിയിലായ അന്നുമുതല്‍ വിശ്വനാഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

വെല്ലുവിളിയുയര്‍ത്തിയ കൊലപാതകം

മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതിമാരെ അടിച്ചുകൊന്നതെന്നാണ് കേസ്. വീട്ടില്‍ക്കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ക്കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു.

മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെട്ടു. ഒരു തുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ പോലീസിന് വെല്ലുവിളിയായിരുന്നു.

കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനുമായില്ല. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊലചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലും സമാനമായ കേസുകളില്‍ പ്രതികളായവരെയും ജയിലുകളില്‍നിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള സൈബര്‍ അന്വേഷണവും ശാസ്ത്രീയപരിശോധനകളുമാണ് പ്രതിയെ വലയിലാക്കിയത്.