പാലക്കാട്: ചുറ്റംനടക്കുന്നത് എന്തെന്നുപോലും തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള രണ്ട് സഹോദരിമാര്‍. ആദ്യം പതിമൂന്നുകാരി ചേച്ചി, രണ്ടുമാസത്തിനുശേഷം ഒമ്പതുകാരി അനിയത്തി. ദുരൂഹസാഹചര്യത്തില്‍ മൂത്ത സഹോദരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത് 2017 ജനുവരി 13-ന്. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ വാളയാര്‍ അട്ടപ്പള്ളത്തെ സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംഭവങ്ങളാരംഭിച്ചിട്ട് നാലുവര്‍ഷം തികയും. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതിവിധി റദ്ദാക്കിയ ഹൈക്കോടതിവിധി ബുധനാഴ്ച എത്തുമ്പോഴും വാളയാറിലെ കണ്ണീര് ഉണങ്ങിയിട്ടില്ല.

പതിമൂന്നുകാരിയായ മൂത്തസഹോദരിയെ അട്ടപ്പള്ളത്ത് കുടുംബം താമസിക്കുന്ന ഷെഡ്ഡിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്. അന്നുതന്നെ കുറച്ച് നാട്ടുകാരെയുള്‍പ്പെടെ പോലീസ് പിടികൂടിയെങ്കിലും രാഷ്ട്രീയസമ്മര്‍ദത്തെത്തുടര്‍ന്ന് വിട്ടയച്ചു. പെണ്‍കുട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന സംശയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, പോലീസന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. പോലീസ് അറസ്റ്റുചെയ്ത പ്രതികളെ പുറത്തുവിടാന്‍ സഹായിച്ചവരെച്ചൊല്ലി വിവാദങ്ങളുമുയര്‍ന്നു.

അതേവഴിയില്‍ അനിയത്തിയും

മൂത്ത സഹോദരിയുടെ മരണംനടന്ന് മൂന്നുമാസം തികയുമ്പോഴേക്കും രണ്ടാമത്തെയാളും അതേവഴിയില്‍ നീങ്ങി. 2017 മാര്‍ച്ച് നാലിനാണ് നാലാം ക്ലാസുകാരിയായ രണ്ടാമത്തെ പെണ്‍കുട്ടിയെ ഇതേ ഷെഡ്ഡില്‍ സമാന സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിലെ ഏക സാക്ഷികൂടിയായിരുന്നു രണ്ടാമത്തെ പെണ്‍കുട്ടി. ഇതോടെയാണ് മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി അച്ഛനമ്മമാരും പിന്നാലെ വിവിധ സംഘടനകളും രാഷ്ട്രിയപ്പാര്‍ട്ടികളും രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ എ.എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ദുരൂഹമരണം ചര്‍ച്ചയായതോടെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു പ്രതികള്‍. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട്ട് നാലുതെക്കന്‍വീട്ടില്‍ ഷിബു, പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകന്‍ എം. മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമതായി പതിനാറുകാരനായ ഒരാളെക്കൂടി പ്രതിചേര്‍ത്തു.

വിചാരണ തുടങ്ങുന്നു

2019-ലാണ് പാലക്കാട് പോക്‌സോകോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 2019 മാര്‍ച്ചില്‍ കേസിന്റെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെ മാറ്റി പകരം ജലജാമാധവനെ നിയോഗിച്ചു. പക്ഷേ, മൂന്നൂമാസത്തിനുള്ളില്‍ ലതാ ജയരാജ് വീണ്ടും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി. ഇതും രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചു.

2019 ഒക്ടോബര്‍ 15-ന് കേസിലെ നാലാംപ്രതി പ്രദീപ് കുമാറിനെ പോക്‌സോകോടതി വെറുതെവിട്ടു. ഇതിനുപിന്നാലെ മറ്റ് മൂന്ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെ വിചാരണ കോടതി കുറ്റവിമുക്തരാക്കി. ഇതോടെ അച്ഛനമ്മമാര്‍ വീണ്ടും നീതിക്കായി പോരാട്ടത്തിനിറങ്ങി. രക്ഷിതാക്കള്‍ നീതിസമരം നടത്തി.

നിതിതേടി സര്‍ക്കാരിനെ സമീപിച്ചതിനാല്‍ പോലീസിന്റെയും പ്രോസിക്യൂട്ടറുടെയും വീഴ്ച അന്വേഷിക്കാന്‍ സര്‍ക്കാര്‍ പി.കെ. ഹനീഫ കമ്മിഷനെ നിയോഗിച്ചെങ്കിലും നാളിതുവരെയും റിപ്പോര്‍ട്ട് പുറത്തുവന്നില്ല. പോലീസിനും പ്രോസിക്യൂട്ടര്‍ക്കും വീഴ്ച പറ്റിയെന്ന് സര്‍ക്കാരും തുറന്ന് സമ്മതിച്ചു. എന്നിട്ടും നിതി വിളിപ്പാടകലെയായി. പോരാത്തതിന് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കി. നീതിതേടി വാളയാറില്‍ വീണ്ടും സമരം. ഒടുവില്‍ ഹൈക്കോടതിയുടെ ആശ്വാസവിധി.

വാളയാര്‍: ഇരുണ്ടൊരു നാള്‍വഴി... 

• 2017 ജനുവരി 13- വാളയാര്‍ അട്ടപ്പള്ളത്ത് പതിമൂന്നുകാരി വീടിനടുത്തുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍

• 2017 മാര്‍ച്ച് 4- രണ്ടാമത്തെ പെണ്‍കുട്ടിയും സമാനസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍

• 2017 മാര്‍ച്ച് 5- ദുരൂഹത ആരോപിച്ച് അച്ഛനമ്മമാര്‍ രംഗത്ത്, വാളയാറില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സമരം

• 2017 മാര്‍ച്ച് 6- കേസന്വേഷിക്കാന്‍ എ.എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

• 2017 മാര്‍ച്ച് 7 - സഹോദരിമാര്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

• 2017 മാര്‍ച്ച് 8- വാളയാര്‍ എസ്.ഐ. പി.സി. ചാക്കോയെ മാറ്റിനിര്‍ത്തി അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. പ്രത്യേക അന്വേഷസംഘത്തിന്റെ ചുമതല നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.ജെ. സോജന്‍ ഏറ്റെടുത്തു

• 2017 മാര്‍ച്ച് 8-മൂത്തകുട്ടിയുടെ മരണത്തിലെ വീഴ്ച അന്വേഷിക്കാന്‍ മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബെഹ്‌റയെയും ചുമതലപ്പെടുത്തി.

• 2017 മാര്‍ച്ച് 9- പെണ്‍കുട്ടികളുടെ ദൂരൂഹമരണക്കേസില്‍ ആദ്യ അറസ്റ്റ്. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജക്കാട്ട് നാലുതെക്കന്‍വീട്ടില്‍ ഷിബു എന്നിവരെ പ്രതിചേര്‍ത്തു

• 2017 മാര്‍ച്ച് 10- കേസില്‍ മറ്റുരണ്ടുപേരെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകന്‍ എം. മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 18-ന് അഞ്ചാമതായി പതിനാറുകാരനായ ഒരാളെക്കൂടി പ്രതിചേര്‍ത്തു

• 2017 ജൂണ്‍ 22- പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി കോടതിയില്‍ കുറ്റപത്രം. പ്രതികള്‍ക്കെതിരേ പോക്‌സോ, ആത്മഹത്യാ പ്രേരണാകുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തി

• 2019 ഒക്ടോബര്‍ 15- തെളിവുകളുടെ അഭാവത്തില്‍ മൂന്നാംപ്രതിയായ ചേര്‍ത്തലസ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് സെഷന്‍സ് കോടതി വെറുതെവിട്ടു

• 2019 ഓക്ടോബര്‍ 25- പ്രതികളായ എം. മധു, വി. മധു, ഷിബു എന്നിവരെയും കോടതി വെറുതെവിട്ടു.

• 2019 ഒക്ടോബര്‍ 26 - പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ സമരം ശക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധത്തില്‍

• 2019 നവംബര്‍ 13 - സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛനമ്മമാര്‍ ഹൈക്കോടതിയില്‍

• 2019 നവംബര്‍ 19 - വാളയാര്‍ കേസിലെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ സര്‍ക്കാര്‍ പുറത്താക്കി

• 2019 നവംബര്‍ 19- വാളയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

• 2019 നവംബര്‍ 20- പോലീസിന്റെയും പ്രോസിക്യൂട്ടറുടെയും വീഴ്ച അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍

• 2020 മാര്‍ച്ച് 16 - ഹൈക്കോടതിയുള്ള അപ്പീല്‍ ഹര്‍ജികളില്‍ കോടതി വാദം തുടങ്ങി. വാളയാര്‍ കേസില്‍ വെറുതെവിട്ട പ്രതികളെ അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

• 2020 ഒക്ടോബര്‍ - കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐ. ചാക്കോ, ഡിവൈ.എസ്.പി. എം.ജെ. സോജന്‍ എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം

• 2020 ഒക്ടോബര്‍ -25 സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വാളയാറില്‍ മാതാപിതാക്കളുടെ നീതിസമരം