ലഖ്നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ നേതൃത്വത്തിൽ നടന്നത് ഗറില്ല മോഡൽ ആക്രമണമെന്ന് പോലീസ്. എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ആക്രമണത്തിന്റെ ക്രൂരത വ്യക്തമായത്.
മാവോവാദികളും മറ്റും നടത്തുന്ന ഗറില്ലാ ആക്രമണത്തിന്റെ രീതിയിലാണ് ദുബെയുടെ സംഘം പോലീസിനെ ആക്രമിച്ചത്. പോലീസ് സംഘം വരുന്നതറിഞ്ഞ് വീടിന്റെ ടെറസിൽ തോക്കേന്തിയ കൂട്ടാളികളെ ദുബെ വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ജെസിബി റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തി. ഇത് കണ്ട് പോലീസുകാർ പുറത്തിറങ്ങിയ ഉടൻ വീടിന്റെ ടെറസിൽനിന്ന് തുടർച്ചയായി വെടിയുതിർത്തെന്നും കാണ്‍പുർ ഐ.ജി. മോഹിത് അഗർവാൾ പറഞ്ഞു.
മാവോവാദികൾ പ്രയോഗിക്കുന്ന അതേ തന്ത്രമാണ് ദുബെയുടെ സംഘവും പയറ്റിയത്. ഏകദേശം അറുപതോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പോലീസുകാരാകട്ടെ ആകെ 30 പേരും. പോയിന്റ് ബ്ലാങ്കിൽനിന്നുള്ള വെടിയേറ്റാണ് ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടത്. പോലീസുകാരുടെ കൈവശമുണ്ടായിരുന്ന എകെ-47 തോക്കുകൾ അക്രമികൾ കൈക്കലാക്കി തിരികെ വെടിയുതിർക്കുകയും ചെയ്തു.
സബ് ഇൻസ്പെക്ടർ അനൂപ് സിങ്, ശിവരാജ്പുർ സ്റ്റേഷൻ ഓഫീസർ മഹേഷ് യാദവ് എന്നിവരുടെ മുഖത്തും നെഞ്ചിലുമടക്കം വെടിയേറ്റു. എകെ-47 തോക്കിൽനിന്ന് തുടർച്ചയായി നിറയൊഴിച്ചാണ് കോൺസ്റ്റബിൾ ജിത്രേന്ദ്ര പാലിനെ കൊലപ്പെടുത്തിയത്. ദേഹമാസകലം വെടിയേറ്റ് പല ശരീരഭാഗങ്ങളും അറ്റുപോയ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. മറ്റ് മൂന്ന് കോൺസ്റ്റബിൾമാരുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത് .315 ബോർ റൈഫിളിൽനിന്നുള്ള വെടിയുണ്ടകളാണ്.
തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം. കാൽവിരലുകൾ മുറിച്ചെടുക്കുകയും ശരീരമാകെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത നിലയിലുമായിരുന്നു. കോടാലി ഉപയോഗിച്ചാണ് പ്രതികൾ ഈ ക്രൂരത ചെയ്തതെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ.
വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. എട്ട് പോലീസുകാർ കൊല്ലപ്പെടുകയും ആറ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ദുബെയുടെ സംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.
Content Highlights:vikas dubey and team attacked in guerrilla style attack severed head and toes of policeman