കോയമ്പത്തൂര്‍: കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ വധിക്കുന്നതിനുമുമ്പ് പോലീസിന് പ്രധാന വിവരം നല്‍കിയെന്നവകാശപ്പെട്ട് വനിത രംഗത്ത്. വീരപ്പന്‍ മരിച്ച് വര്‍ഷം പതിനഞ്ചായിട്ടും തനിക്ക് ഇതിന് നല്‍കാമെന്നേറ്റ പ്രതിഫലം സര്‍ക്കാര്‍ തന്നില്ലെന്നാണ് വടവള്ളിയിലെ എം. ഷണ്മുഖപ്രിയ പറയുന്നത്. പോലീസ് തയ്യാറാക്കിയ പദ്ധതിയോട് സഹകരിക്കാന്‍ പലരും ഭയപ്പെട്ടപ്പോള്‍ ജീവന്‍ പണയംവെച്ചാണ് താന്‍ വീരപ്പനെക്കുറിച്ചുള്ള മര്‍മപ്രധാനമായ വിവരങ്ങള്‍ പോലീസിന് കൈമാറിയതെന്ന് അവര്‍ പറയുന്നു.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുമായി ബന്ധം സ്ഥാപിച്ചാണ് വീരപ്പനെക്കുറിച്ചുള്ള വിവരം ശേഖരിച്ച് പോലീസിന് കൈമാറിയത്. 2004 ലാണ് പോലീസ് ഏറ്റുമുട്ടലില്‍ വീരപ്പനെ വധിച്ചത്. വീരപ്പനെ പിടികൂടാന്‍ പോലീസ് ആസൂത്രണംചെയ്ത 'ഓപ്പറേഷന്‍ നോര്‍ത്തേണ്‍ സ്റ്റാര്‍' എന്ന പദ്ധതിയുടെ ഭാഗമായി വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി വടവള്ളിയിലുള്ള തന്റെ വീട്ടില്‍ നാലുമാസത്തോളം താമസിച്ചു. ഈസമയത്ത് മുത്തുലക്ഷ്മിയില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പോലീസിന് നല്‍കി.

എന്‍.കെ. ചെന്താമരക്കണ്ണന്‍ എന്ന പോലീസ് ഓഫീസര്‍ക്കാണ് വിവരം കൈമാറിയതെന്ന് ഷണ്മുഖപ്രിയ പറയുന്നു. പോലീസ് ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കിലും വീരപ്പന് കാഴ്ചപ്രശ്‌നമുണ്ടെന്നുള്ള കാര്യവും കാട്ടിനുള്ളില്‍ വീരപ്പന്‍ ഒളിച്ചുകഴിയുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും താന്‍ പോലീസിന് നല്‍കിയെന്ന് അവര്‍ അവകാശപ്പെടുന്നു. പോലീസ് അന്നുതന്നെ പ്രതിഫലം നല്‍കുന്നതിനെക്കുറിച്ച് വാക്കാല്‍ വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇതുമായി ബന്ധപ്പെട്ടുണ്ടായ മാനസികപ്രയാസങ്ങളും മറ്റുപ്രശ്‌നങ്ങളും അനുഭവിക്കേണ്ടിവന്നതുമാത്രം മിച്ചമായെന്നും അവര്‍ പറയുന്നു.

സര്‍ക്കാര്‍ പ്രതിഫലം വാഗ്ദാനംചെയ്‌തെങ്കിലും 2015ല്‍ ഇതുസംബന്ധിച്ച ഫയല്‍ അടച്ചെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന്, പ്രതിഫലക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ കീഴിലുള്ള സെല്ലിനും സംസ്ഥാന മുഖ്യമന്ത്രിക്കും കത്തെഴുതി. മൂന്നുകൊല്ലംമുമ്പ് ഇക്കാര്യത്തില്‍ വീണ്ടും ശ്രമം ഊര്‍ജിതമാക്കിയപ്പോള്‍ വേണ്ടതുചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശമുണ്ടായി. കത്തിടപാടുകള്‍ തുടര്‍ന്നുമുണ്ടായെങ്കിലും കാത്തിരിപ്പ് തുടരുന്നു-ഷണ്മുഖപ്രിയ പറഞ്ഞു. എന്നാല്‍, അന്തിമദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് പ്രതിഫലം നല്‍കിയതെന്നാണ് അധികാരികള്‍ പറയുന്നത്. വീരപ്പനെ പിടികൂടാന്‍ പലതട്ടില്‍ ശ്രമമുണ്ടായിട്ടുണ്ട്. അതൊന്നും വിജയിച്ചിരുന്നില്ല-അധികൃതര്‍ പറഞ്ഞു.