തൊടുപുഴ: ദൃക്‌സാക്ഷികളില്ലാത്ത വണ്ടിപ്പെരിയാറിലെ ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതിയുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് തുണയായത് മദ്യക്കുപ്പിയും ബീഡിക്കുറ്റിയും. കൊലപാതകം നടന്ന വീട്ടിൽ നിന്ന്‌ കണ്ടെത്തിയ ഈ തൊണ്ടികളിൽ നിന്നാണ് ജോമോന്റെ വിരലടയാളവും ഇയാൾക്കെതിരേയുള്ള മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചത്.

സാഹചര്യത്തെളിവുകളും ശക്തമായിരുന്നു. കൊലപാതകം നടന്ന് വെറും നാലു ദിവസത്തിനകം പ്രതികളെ കുടുക്കാൻ ഇത് പോലീസിനെ സഹായിച്ചു. എന്നാൽ, രണ്ടാം പ്രതിയായ ജോമോൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന് തിരിച്ചടിയായത്. അതിനാൽ ഒന്നാം പ്രതിയായ രാജേന്ദ്രന്റെ മാത്രം വിചാരണയാണ് ആദ്യം നടത്തിയത്. 2012 ജൂൺ 20-ന് രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

പത്രത്തിൽ പടം വന്നു; ജോമോൻ കുടുങ്ങി

രാജേന്ദ്രന്റെ വധശിക്ഷയുടെ വാർത്ത പിറ്റേദിവസം പത്രങ്ങളിൽ വന്നപ്പോൾ മുങ്ങിയ പ്രതിയായ ജോമോന്റെ ചിത്രവുമുണ്ടായിരുന്നു. ഇയാൾ ആ സമയം പെരിഞ്ചാംകുട്ടിയിലെ തേക്ക് പ്ലാന്റേഷനോടു ചേർന്നുള്ള അമ്മ വീട്ടിലുണ്ടായിരുന്നു. പത്രത്തിലെ ചിത്രം കണ്ട് ഇവിടത്തെ തൊഴിലാളികൾ ജോമോനെ തിരിച്ചറിഞ്ഞു. തുടർന്ന് പോലീസ് ഇയാളെ പിടികൂടി.

നിർണായക തെളിവുകൾ

വീട്ടിനുള്ളിൽ നിന്ന്‌ രാജേന്ദ്രന്റെ അടിവസ്ത്രവും അതിലുണ്ടായിരുന്ന രോമങ്ങളും നിർണായക തെളിവായി. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന്‌ ഇതേ രോമങ്ങൾ കണ്ടെത്തി. ഡി.എൻ.എ. പരിശോധനയിൽ രോമങ്ങൾ രാജേന്ദ്രന്റെയാണെന്നു തെളിഞ്ഞു. വീടിന് മുൻപിൽനിന്ന്‌ കിട്ടിയ മദ്യക്കുപ്പിയിലെ വിരലടയാളമാണ് ജോമോനെ കുടുക്കിയത്. ഇവിടെ കണ്ടെത്തിയ ബീഡിക്കുറ്റിയിലെ ഉമിനീരും ഇയാളുടേതാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞതോടെ പ്രോസിക്യൂഷൻ വാദങ്ങൾ ശക്തമായി. കൂടാതെ സാക്ഷിമൊഴികൾ എല്ലാം ഇവർക്കെതിരായിരുന്നു. സ്വന്തം ഭാര്യയും പെൺമക്കളും പോലും രാജേന്ദ്രനെതിരേ മൊഴി നൽകി.

26 സാക്ഷികൾ

6 സാക്ഷികളെയാണ് ആകെ വിസ്തരിച്ചത്. 36 രേഖകൾ ഹാജരാക്കി. 21 തൊണ്ടി മുതലുകളും ഉണ്ടായിരുന്നു. ആദ്യം മുതൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കോടതിവിധി സ്ത്രീകളെ ആക്രമിക്കുന്നവർക്കെതിരേയുള്ള താക്കീതാണെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ.റഹിം വിധിക്കുശേഷം പറഞ്ഞത്.

നടന്നത് കൊടും ക്രൂരത

കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിൽ 26 വെട്ടുകളുണ്ടായിരുന്നു. അമ്മയുടെയും മകളുടെയും വാരിയെല്ല് ഒടിഞ്ഞുനുറുങ്ങിയിരുന്നു. ദേഹമാസകലം ക്രൂരമർദനമേറ്റ് തലപൊട്ടിയ നിലയിലുള്ള മൃതദേഹങ്ങൾ നഗ്നമായിരുന്നു. മരണത്തിന് ശേഷവും പുലർച്ചെവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

ജോമോൻ വിധികേട്ടത് നിർവികാരനായി

വധശിക്ഷ പ്രഖ്യാപിക്കുമ്പോൾ ജോമോൻ നിർവികാരനായിരുന്നു. വിധി പ്രസ്താവം കേട്ട് പുറത്തേക്കു വരുമ്പോഴും ഭാവവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. താൻ നിരപരാധിയാണെന്നും കേസിൽതന്നെ വെറുതെ വിടണമെന്നും കോടതിയിൽ പറഞ്ഞു. എന്നാൽ, പ്രതികളുടെ ഈ പ്രവൃത്തികൾ മരിച്ച സ്ത്രീകളോടുള്ള ക്രൂരത മാത്രമല്ല, രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതുകൊണ്ട് സ്ത്രീകളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനും അവരുടെ അഭിമാനം ഉയർത്തുന്നതിനും ഇത്തരം കൃത്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും വധശിക്ഷതന്നെ കൊടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Content Highlight: vandiperiyar rape case