കാണാതായി ഓരോ ദിവസം പിന്നിടുമ്പോഴും ആ കുടുംബം ഉറച്ചുവിശ്വസിച്ചു, മകൾ തിരിച്ചുവരുമെന്ന്. പക്ഷേ, എല്ലാം പ്രതീക്ഷകളും തല്ലിക്കെടുത്തി ദാരുണവാർത്ത അറിഞ്ഞതോടെ കുടുംബവും നാട്ടുകാരും ഒന്നാകെ ഞെട്ടി. അന്നേവരെ സംശയത്തിനിടപോലും നൽകാതെ ഒപ്പമുണ്ടായിരുന്ന അയൽക്കാരൻ തന്നെയാണ് അവളുടെ ജീവനെടുത്ത് കുഴിച്ചുമൂടിയെന്ന വിവരം ആർക്കും വിശ്വസിക്കാനായില്ല.

ഏപ്രിൽ 21-നാണ് വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം പ്രദേശത്തെ ചെങ്കൽ ക്വാറിയിൽനിന്ന് കണ്ടെടുത്തത്. മാർച്ച് പത്താം തീയതി മുതൽ കാണാതായ സുബീറയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവിടെ അവസാനിക്കുകയായിരുന്നു. അയൽക്കാരനായ വരിക്കോടൻ അൻവറാണ്(38) സുബീറയെ കൊന്ന് ക്വാറിയിൽ കുഴിച്ചിട്ടത്. വെറും മൂന്ന് പവൻ സ്വർണാഭരണത്തിന് വേണ്ടിയായിരുന്നു ഈ ക്രൂരത. പ്രതി അൻവറാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും സുബീറയുടെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഈ വിവരം ആദ്യം വിശ്വസിക്കാനായില്ല. അന്നേവരെ സുബീറയെ കണ്ടെത്താനുള്ള തിരച്ചിലിനും അന്വേഷണത്തിനും സദാസമയവും കൂടെയുണ്ടായിരുന്ന അയൽക്കാരനാണ് കൊലയാളിയെന്ന് ആൾക്കും ഉൾക്കൊള്ളാനായില്ലെന്നതാണ് സത്യം. ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അൻവർ എല്ലാം ഏറ്റുപറഞ്ഞതോടെ എന്തിന് വേണ്ടി ഇത് ചെയ്തെന്ന് മാത്രമായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം.

മാർച്ച് പത്താം തീയതിയാണ് കഞ്ഞിപ്പുര ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീർ-സുബൈദ ദമ്പതിമാരുടെ മൂത്ത മകൾ സുബീറ ഫർഹത്തിനെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നത്. പതിവ് പോലെ രാവിലെ ഒമ്പത് മണിയോടെ വെട്ടിച്ചിറയിലെ ക്ലിനിക്കിൽ ജോലിക്ക് പോയതായിരുന്നു സുബീറ. പക്ഷേ, അന്ന് ക്ലിനിക്കിൽ എത്തിയില്ല. എവിടേക്ക് പോയെന്ന് ഒരുവിവരവും ലഭിച്ചില്ല. പിന്നീടങ്ങോട്ട് 40 ദിവസത്തോളം സുബീറയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു വളാഞ്ചേരി പോലീസും ബന്ധുക്കളും നാട്ടുകാരും. ഒടുവിൽ 40-ാം ദിവസം ആ 21-കാരിയുടെ മൃതദേഹം വീടിന് സമീപത്തെ ചെങ്കൽക്വാറിയിൽനിന്ന് തന്നെ കണ്ടെടുത്തു. പ്രതി വരിക്കോടൻ അൻവറിനെ വ്യക്തമായ തെളിവുകൾ സഹിതം പോലീസ് പിടികൂടി.

സുബീറയെ കാണാതായത് മുതൽ പലയിടങ്ങളിലും അന്വേഷണം നടത്തിയവരിൽ ഒരാളാണ് സുബീറയുടെ അടുത്തബന്ധുവും നാട്ടുകാരനുമായ ശിഹാബ് ചോറ്റൂർ. മാർച്ച് പത്താം തീയതി മുതൽ നടന്ന സംഭവവികാസങ്ങൾ ശിഹാബ് മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു.

ക്ലിനിക്കിലേക്ക് പോയ സുബീറ എവിടെ പോയി....

നഴ്സിങ് അസിസ്റ്റന്റായ സുബീറ നേരത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോലിചെയ്തിരുന്നത്. ഏകദേശം ഒരുവർഷം മുമ്പാണ് വെട്ടിച്ചിറയിലെ ക്ലിനിക്കിൽ ജോലിക്ക് കയറിയത്. ലോക്ഡൗൺ കാരണം ഏറെനാൾ ജോലിക്ക് പോകാനായില്ല. അഞ്ച് മാസം മുമ്പാണ് വീണ്ടും ക്ലിനിക്കിൽ പോയിത്തുടങ്ങിയത്. മാർച്ച് പത്താം തീയതിയും രാവിലെ പതിവ് പോലെ ക്ലിനിക്കിലേക്കായി വീട്ടിൽനിന്നിറങ്ങി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സുബീറ ക്ലിനിക്കിൽ എത്തിയിട്ടില്ലെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്.

അന്നേദിവസം ലീവ് പറയാതിരുന്ന സുബീറയെ സമയം ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്നാണ് ക്ലിനിക്കിലെ ഡോക്ടർ വീട്ടുകാരെ വിളിച്ചത്. സുബീറയുടെ ഫോണിൽ വിളിച്ചപ്പോൾ ഒരുതവണ റിങ് ചെയ്തെന്നും പിന്നീട് സ്വിച്ച് ഓഫ് ആയെന്നും പറഞ്ഞു. ഇതോടെ സുബീറ എവിടെപോയെന്ന് കണ്ടെത്താൻ വീട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിലിലും യാതൊരു വിവരവും കിട്ടാതായതോടെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് തന്നെ ബന്ധുക്കൾ വളാഞ്ചേരി പോലീസിൽ പരാതി നൽകി. പേടിക്കേണ്ടെന്നും എവിടെപോയാലും രണ്ടുദിവസത്തിനുള്ളിൽ മടങ്ങിവരുമെന്നും പോലീസുകാർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. വളാഞ്ചേരി സി.ഐ. ഷമീറിന്റെ നേതൃത്വത്തിൽ കാണാതായ യുവതിയെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.

ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങൾ, ഒരുവിവരവുമില്ല...

കാണാതായ ദിവസം മുതൽ പോലീസ് അന്വേഷണത്തിനൊപ്പം ബന്ധുക്കളും സ്വന്തംനിലയിൽ അന്വേഷണം ആരംഭിച്ചിരുന്നു. സുബീറയുമായി ബന്ധമുള്ളവരുടെയെല്ലാം വീടുകളിൽ നേരിട്ടെത്തി വിവരം തിരക്കി. കഞ്ഞിപ്പുരയിലെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എന്നാൽ ഇതിൽ ഒരു സിസിടിവി ക്യാമറയിൽനിന്ന് മാത്രമാണ് സുബീറയുടെ ദൃശ്യങ്ങൾ ലഭിച്ചത്. അതും തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയായിരുന്നു. രാവിലെ 09.04-ന് സുബീറ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളായിരുന്നു അത്. ഇതിനുശേഷം സുബീറ എങ്ങോട്ടുപോയെന്നോ എന്ത് സംഭവിച്ചെന്നോ യാതൊരു സൂചനയും ലഭിച്ചില്ല.

പരിസരപ്രദേശങ്ങളിലെ സിസിടിവികളിൽ കണ്ട വാഹനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. സംശയം തോന്നിയ വാഹനങ്ങളെല്ലാം തേടിപിടിച്ച് അന്വേഷണം നടത്തി. പക്ഷേ, ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ, പലയിടങ്ങളിൽനിന്നായി യുവതിയെ കണ്ടെന്ന സന്ദേശങ്ങൾ വന്നതോടെ ബന്ധുക്കൾ അവിടങ്ങളിലെല്ലാം നേരിട്ടെത്തി അന്വേഷിച്ചു.

മംഗളൂരുവിലും തൃത്താലയിലും...

മംഗളൂരുവിൽ സുബീറയെ കണ്ടതായി ഒരു സന്ദേശം ലഭിച്ചിരുന്നു. പക്ഷേ, അവിടെ പോയി അന്വേഷിച്ചപ്പോൾ അത് സുബീറയല്ലെന്ന് ബന്ധുക്കൾക്ക് ബോധ്യമായി. പിന്നാലെ പാലക്കാട് തൃത്താലയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് അവിടെയും അന്വേഷണം നടത്തി. ഇതിനിടെ, സുബീറയുടെ സഹോദരിയെ കണ്ട് ചിലർ സുബീറയാണെന്ന് തെറ്റിദ്ധരിച്ച് വിവരവും കൈമാറി.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിലും യാതൊരു തുമ്പും ലഭിക്കാതായതോടെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻ കമ്മിറ്റിയടക്കം രൂപവത്‌കരിക്കുന്നതിലേക്ക് കടന്നത്. ഇതിനൊപ്പം പോലീസ് അന്വേഷണവും ഊർജിതമായി തുടരുന്നുണ്ടായിരുന്നു. ഓരോ ദിവസവും വളാഞ്ചേരി സി.ഐ. ബന്ധുക്കളെ വിളിച്ച് കാര്യങ്ങൾ തിരക്കി.

സംശയത്തിന്റെ തുടക്കം, മണ്ണിളക്കിയതും മണ്ണടിച്ചതും...

സുബീറയ്ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർക്ക് മറ്റുചില സംശയങ്ങൾ തോന്നിതുടങ്ങിയത്. ഇവരുടെ അയൽക്കാരനായ വരിക്കോടൻ അൻവറിന്റെ ക്വാറിയിൽ മണ്ണിളക്കിയതും പുതുതായി മണ്ണ് കൊണ്ടുവന്നിട്ടതുമായിരുന്നു സംശയത്തിന് കാരണം. സുബീറയെ കാണാതായത് മാർച്ച് പത്തിനാണെങ്കിൽ മാർച്ച് 13-നാണ് അൻവർ പുതിയ മണ്ണ് കൊണ്ടുവന്നിട്ടത്. ഇക്കാര്യം ചിലർ ബന്ധുക്കളെ അറിയിച്ചു. അവർ ഈ വിവരം പോലീസിനും കൈമാറി.

വെറും സംശയം മാത്രമാണെന്നും അന്വേഷിക്കുന്നുണ്ടെങ്കിൽ അൻവറിനും കുടുംബത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നും ഇവർ പോലീസിനോട് അഭ്യർഥിച്ചിരുന്നു. നാട്ടിലെ ഏത് കാര്യങ്ങൾക്കും മുൻനിരയിലുണ്ടായിരുന്ന അൻവറിനെക്കുറിച്ച് അങ്ങനെയൊരു സംശയത്തിനേ സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.

രഹസ്യമായി നിരീക്ഷണം, സത്യം ചുരുളഴിയുന്നു...

അൻവറിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതോടെ പോലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. അൻവറിനെ നിരീക്ഷിക്കാൻ നാട്ടുകാരിൽ ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷേ, അയാളുടെ പെരുമാറ്റത്തിലോ ശരീരഭാഷയിലോ ഒരു സംശയവും നാട്ടുകാർക്ക് കണ്ടെത്താനായില്ല. ഇതിനിടെയാണ് അൻവറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.

യുവതിയെ കുഴിച്ചിട്ടതെന്ന് സംശയിക്കുന്ന സ്ഥലത്തുനിന്ന് അല്പം മാറിയായിരുന്നു ആ പരിശോധന. നാട്ടുകാരിൽ ചിലരും ഒപ്പമുണ്ടായിരുന്നു. അൻവറും സ്ഥലെത്തി. പരിശോധനയിൽ ശ്രദ്ധിക്കുന്നതിലേറെ അൻവറിനെ നിരീക്ഷിക്കുക എന്നതായിരുന്നു പോലീസിന്റെ ദൗത്യം. ഇതിനായി മറ്റുചിലരെയും ചുമതലപ്പെടുത്തി. എന്നാൽ പരിശോധന നടക്കുന്നത് മറ്റൊരു സ്ഥലത്തായതിനാൽ അൻവറിന്റെ മുഖത്ത് യാതൊരു പരിഭ്രമവും ഉണ്ടായില്ല. മാത്രമല്ല, പരിശോധന നടത്തിയവർക്ക് തെങ്ങിൽ കയറി കരിക്കിട്ട് നൽകുകയും മണ്ണ് നീക്കാനുൾപ്പെടെ സഹായിക്കുകയും ചെയ്തു.

മറ്റിടങ്ങളിലും പരിശോധന, മൃതദേഹം കണ്ടെത്തുന്നു...

ആദ്യഘട്ട പരിശോധന കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് അതേ സ്ഥലത്ത് കൂടുതൽ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. ഇതിനിടെ, അൻവർ മണ്ണ് നീക്കിയത് സംബന്ധിച്ച് ജെസിബി ഡ്രൈവറിൽനിന്ന് ശക്തമായ മൊഴിയും ലഭിച്ചു. പന്നിയെ കുഴിച്ചിട്ടത് കാരണം ദുർഗന്ധമുണ്ടെന്നും അതിനാലാണ് മണ്ണിടുന്നതെന്നുമാണ് അൻവർ ജെസിബി ഡ്രൈവറോട് പറഞ്ഞത്. ഈ സമയം അൻവറിന് അല്പം പരിഭ്രാന്തിയുണ്ടായിരുന്നതായും സ്ഥലത്ത് ദുർഗന്ധമുണ്ടായിരുന്നതായും ഇയാൾ പറഞ്ഞിരുന്നു.

സംശയങ്ങളും മൊഴികളും ശക്തമായതോടെയാണ് ക്വാറിയിൽ വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന്, അതേസ്ഥലത്തുനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ അതുവരെ എല്ലാത്തിനും കൂടെയുണ്ടായിരുന്ന അൻവർ വീട്ടിൽനിന്ന് മുങ്ങി. ഇയാളെ പിന്നീടാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എല്ലാദിവസവും വിളിക്കും, തിരച്ചിലിനും കൂടെവന്നു...

പ്രതി അൻവർ ആണെന്നറിഞ്ഞതോടെ ആർക്കും ആദ്യം വിശ്വസിക്കാനായില്ല. സുബീറയെ കാണാതായത് മുതൽ തിരച്ചിലിന് സജീവമായി അൻവറും കൂടെയുണ്ടായിരുന്നതായാണ് ബന്ധുവായ ശിഹാബ് ചോറ്റൂർ പറഞ്ഞത്.''എല്ലാദിവസവും അയാൾ വിവരങ്ങൾ തിരക്കി വിളിച്ചിരുന്നു. ചിലയിടങ്ങളിൽ തിരച്ചിലിനും കൂടെവന്നു. ആർക്കും ഒരു സംശയവും തോന്നാത്തരീതിയിലായിരുന്നു പെരുമാറ്റം. ചെറുപ്പംതൊട്ടേ എല്ലാവർക്കും അറിയുന്ന ആളാണ്. നല്ലരീതിയിൽ കുടുംബവുമായി താമസിക്കുന്നയാൾ. എല്ലാകാര്യങ്ങളിലും നാട്ടുകാർക്കൊപ്പം നിൽക്കുന്നയാളും. അങ്ങനെയൊരാളാണ് ഇത് ചെയ്തതെന്ന് ഒരിക്കലും വിശ്വസിക്കാനായില്ല''- ശിഹാബ് പറഞ്ഞു.

വെറും മൂന്ന് പവൻ സ്വർണത്തിന് വേണ്ടി...

സുബീറയുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടിയാണ് ക്രൂരമായ കൊലപാതകം ചെയ്തതെന്നായിരുന്നു പ്രതി അൻവറിന്റെ മൊഴി. നടന്നുവന്ന സുബീറയെ മുഖംപൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം സ്വർണാഭരണങ്ങൾ കവർന്നു. സമീപത്തൊന്നും ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടു. യുവതിയുടെ ബാഗും ഇതോടൊപ്പമുണ്ടായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കുഴൽക്കിണറിന്റെ കുഴിയിലാണ് ഉപേക്ഷിച്ചത്. ഇതിനുമേലെ കല്ലും ഇട്ടിരുന്നു.

സമീപത്ത് ഫുട്ബോൾ മൈതാനമുള്ളതിനാൽ അവിടെ കുട്ടികൾ കളിക്കാൻ വരുന്നതിന് മുമ്പേ പ്രതി എല്ലാം ചെയ്തുതീർത്തു. ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് നാട്ടുകാരോട് പെരുമാറിയത്. കാണാതായെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സുബീറയുടെ വീട്ടിലടക്കം ഇയാൾ പോയിരുന്നു.

അറസ്റ്റിലായി പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ എന്തിന് വേണ്ടി ഇത് ചെയ്തെന്ന് മാത്രമായിരുന്നു നാട്ടുകാരുടെ ചോദ്യം. പറ്റിപ്പോയെന്ന് മാത്രമാണ് അൻവർ തലതാഴ്ത്തി പറഞ്ഞത്.

പോലീസിന്റെ മിടുക്ക്...

സുബീറയുടെ തിരോധാനത്തിലും കൊലപാതകത്തിലും വളാഞ്ചേരി പോലീസിന്റെ കൃത്യതയാർന്ന അന്വേഷണമാണ് ചുരുളഴിക്കാൻ സഹായിച്ചത്. ഒരു തുമ്പും ലഭിക്കാതിരുന്ന തിരോധാനത്തിൽ അൻവറിലേക്ക് അന്വേഷണം എത്തിയതോടെ പോലീസിന് ഏറെക്കുറേ കാര്യങ്ങൾ ഉറപ്പായിരുന്നു.അൻവറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന കാര്യം ആരുമറിയുകയും ചെയ്തിരുന്നില്ല. മൃതദേഹം കണ്ടെടുക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ പോലീസ് കൃത്യമായ നിഗമനത്തിലെത്തി. എന്നാൽ എല്ലാ തെളിവുകളോടുകൂടിയും പ്രതിയെ പൂട്ടാനായി പോലീസ് സംഘം കാത്തിരിക്കുകയായിരുന്നു.

ദുഃഖം താങ്ങാനാകാതെ കുടുംബം...

കാണാതായത് മുതൽ സുബീറ തിരിച്ചുവരും എന്നുതന്നെയായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ആരുടെയെങ്കിലും കൂടെ പോയതാകുമോ എന്നതും ബന്ധുക്കൾ സംശയിച്ചു. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നും വൈകാതെ അവൾ വീട്ടിൽ വരുമെന്നും അവർ ഉറച്ചുവിശ്വസിച്ചു. അതിനായി പ്രാർഥിച്ചു. പക്ഷേ, ഏപ്രിൽ 21-ന് എല്ലാ പ്രതീക്ഷകളും തകർത്ത് സുബീറയുടെ മൃതദേഹം കണ്ടെടുത്തെന്ന വിവരമാണ് കുടുംബത്തെ തേടിയെത്തിയത്.

മൃതദേഹം കണ്ടെത്തിയ ദിവസം പോലീസുകാർ ശാസ്ത്രീയ പരിശോധനയ്ക്കായി സുബീറ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ തേടിയെത്തിയപ്പോൾ എല്ലാം നൽകിയാണ് മാതാവ് അവരെ പറഞ്ഞുവിട്ടത്. മകളെ തിരിച്ചുകിട്ടിയെന്ന് വിശ്വസിച്ച ആ മാതാവ് അവൾക്ക് വേണ്ട വസ്ത്രങ്ങളും ബ്രഷും പേസ്റ്റും പൗഡറുമടക്കമുള്ള പൊതിയാണ് പോലീസുകാരുടെ കൈയിൽ കൊടുത്തുവിട്ടത്. ഏതെങ്കിലും ദുരവസ്ഥയിൽനിന്ന് തന്റെ മകളെ കണ്ടെത്തിക്കാണുമെന്ന പ്രതീക്ഷയായിരുന്നു ആ പൊതിക്ക് പിന്നിൽ. വളാഞ്ചേരി സി.ഐ. പി.എം. ഷെമീർ ഇക്കാര്യം വിശദീകരിച്ച് നേരത്തെ ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.

Content Highlights:valanchery subeera farhath murder case