കൊല്ലം: അധികമാരോടും അടുപ്പമില്ലാത്ത, വീടിനുള്ളില്‍ത്തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു സൂരജ്. ഗൃഹോപകരണങ്ങള്‍ തവണവ്യവസ്ഥയില്‍ നല്‍കുന്ന ധനകാര്യസ്ഥാപനത്തില്‍ പഴ്‌സണല്‍ ലോണ്‍ സെക്ഷനിലായിരുന്നു ജോലി. 2018 മാര്‍ച്ച് 25-നാണ് സൂരജ് ഉത്രയെ വിവാഹംചെയ്തത്.

വിവാഹത്തിനുമുമ്പുതന്നെ സൂരജിന്റെ വീടു നന്നാക്കാനും കടംതീര്‍ക്കാനും അച്ഛന് ഓട്ടോ വാങ്ങാനുമായി ഉത്രയുടെ പിതാവ് വിജയസേനന്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിരുന്നു. ഏറത്ത് റബ്ബര്‍ക്കട നടത്തുകയാണ് വിജയസേനന്‍. ഉത്രയുടെ അമ്മ മണിമേഖല ആയൂര്‍ ജവാഹര്‍ എല്‍.പി.എസ്. അധ്യാപികയാണ്.

സാധാരണ കുടുംബത്തില്‍പ്പെട്ട സൂരജിന് ഉത്രയുമായുള്ള വിവാഹാലോചന സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തിന് 96 പവന്‍ സ്വര്‍ണവും പണവും വേറെ. നാലേക്കറോളം സ്ഥലം നല്‍കാമെന്നും പറഞ്ഞിരുന്നു. സൂരജ് മോഹിച്ച കാര്‍ തന്നെ ഉത്രയുടെ വീട്ടുകാര്‍ വാങ്ങിനല്‍കി.

ഇടയ്ക്ക് ഉത്ര വീട്ടുകാരെ വിളിച്ച് ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മകന്‍ ധ്രുവിന് നൂലുകെട്ട് ചടങ്ങില്‍ 12 പവനോളം ആഭരണങ്ങളും കിട്ടി. മാസംതോറും പണവും വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിക്ക് കോളേജില്‍ പോകാന്‍ സ്‌കൂട്ടര്‍ വാങ്ങിനല്‍കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഉത്രയെ കൊലപ്പെടുത്തി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന തുടങ്ങിയത്.

വിദഗ്ധമായി കൊലപ്പെടുത്താനുള്ള തന്ത്രങ്ങള്‍ യൂട്യൂബില്‍ പരതിയ സൂരജ് ചെന്നെത്തിയത് വിഷപ്പാമ്പുകളുടെ ലോകത്തേക്കാണ്. മണിക്കൂറുകളോളം ഇതിനുവേണ്ടി സൂരജ് ദിവസവും ചെലവഴിച്ചിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. പാമ്പുപിടിത്തക്കാരനായ സുരേഷിനെപ്പറ്റി അറിഞ്ഞ സൂരജ്, പാരിപ്പള്ളിയിലെത്തി അയാളെ കണ്ടു.

രണ്ടുതവണയും സൂരജിന് പാമ്പിനെ നല്‍കിയത് സുരേഷാണ്. പ്രതിഫലമായി 15,000 രൂപയും കൈപ്പറ്റി. സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഉത്രയുടെ വീട്ടിലും ഇയാളാണ് പാമ്പുകളെ എത്തിച്ചത്. ഉത്രയെ കടിക്കുംമുമ്പ് പാമ്പുകളെ സൂരജ് ഉപദ്രവിച്ചിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. നഖം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയോ മറ്റോ ചെയ്തിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

മൃതദേഹത്തിനുമുന്നില്‍ അലറിക്കരഞ്ഞ് സൂരജും കുടുംബാംഗങ്ങളും

ഉത്രയുടെ മൃതദേഹത്തിനുമുന്നില്‍ അലറിക്കരയുന്ന സൂരജിനെയും സഹോദരിയെയും ആശ്വസിപ്പിക്കാന്‍ പാടുപെട്ടിരുന്നതായി ഉത്രയുടെ ബന്ധുക്കള്‍ പറയുന്നു. സൂരജിന്റെ ദുഃഖം നാട്ടുകാരെയും ഏറെ വേദനിപ്പിച്ചിരുന്നു. ഒരിക്കലും സൂരജില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അയല്‍വാസികളും പറയുന്നു.

Content Highlights: uthra snake bite murder case; uthra's family given money to sooraj