കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് ദിവസത്തിനകം കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ്. നിലവില്‍ ക്രൈംബ്രാഞ്ച് കേസില്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചല്‍ സി.ഐ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അഞ്ചല്‍ എസ്.ഐയാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ശനിയാഴ്ച ഇതു സംബന്ധിച്ച് ചോദ്യംചെയ്യലൊന്നും ഉണ്ടായിട്ടില്ല. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. രണ്ട് ദിവസത്തിനകം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഉറക്കത്തില്‍ പാമ്പ് കടിയേല്‍ക്കുന്ന സമയത്ത് വേദന അറിഞ്ഞില്ലെങ്കില്‍ പോലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് പിന്നീട് അനുഭവപ്പെടുന്ന വേദന അറിയേണ്ടതാണെന്ന് ഈ രംഗത്തെ വിദഗ്ധനായ ഡോ. ജമാല്‍ (ഇന്റേണല്‍ മെഡിസിന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ഒമാന്‍) പ്രതികരിച്ചു. എന്നാല്‍ മയങ്ങാനുള്ള മരുന്നോ മറ്റോ നല്‍കിയിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകാം. അങ്ങനെ വല്ലതും നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകേണ്ടതാണ്. വിഷബാധ ഏല്‍ക്കുമ്പോള്‍ സാധാരണ കടിച്ച ഭാഗത്തെ വേദനക്ക് പുറമെ വയറു വേദന,  ഛര്‍ദി തുടങ്ങിയവയും അനുഭവപ്പെടാം. ശ്വാസമെടുക്കാന്‍ സഹായിക്കുന്ന പേശികള്‍ തളര്‍ന്നു ശ്വാസം മുട്ടിയാണ് മൂര്‍ഖന്‍ കടിച്ചാല്‍ മരണം സംഭവിക്കുന്നത്. ശ്വാസംമുട്ടുന്ന ഒരാള്‍ ഉറക്കം ഉണരാതെ മരിക്കുകയെന്നത് ഒരിക്കലും സംഭവിക്കാത്തതാണ്. അണലി, മൂര്‍ഖന്‍ തുടങ്ങിയ പാമ്പുകള്‍ കടിച്ചാല്‍ ആ ഭാഗത്ത് വേദനയും വീക്കവും ഉണ്ടാകേണ്ടതാണെന്നും ഡോക്ടര്‍ പറഞ്ഞു. 

അതിനിടെ, പാമ്പ് കടിയേറ്റുള്ള മരണത്തില്‍ പലതരത്തിലുള്ള സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ചില സിനിമകളിലെ പോലെ യുവതിയെ ബന്ധിച്ച് പാമ്പ് കടിയേല്‍പ്പിച്ചതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണെന്ന ആരോപണവും ഇതിന് തെളിവായി ഉത്രയുടെ ബന്ധുക്കള്‍ പറഞ്ഞ കാര്യങ്ങളുമാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. 

ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25) വീട്ടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛന്‍ വിശ്വസേനനും അമ്മ മണിമേഖലയും പോലീസില്‍ പരാതി നല്‍കിയത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ഉത്രയെ കണ്ടെത്തിയത്.അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

അടൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സര്‍പ്പദംശനമേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍  പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

അവിശ്വസനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നും പരാതിയില്‍ പറയുന്നു. 

രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സൂരജ് രാത്രിയില്‍ കിടപ്പുമുറിയിടെ ജനാലകള്‍ തുറന്നിട്ടത് സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. ടൈല്‍ പാകിയതും എ.സി ഉള്ളതുമായ കിടപ്പുമുറിയുടെ ജനാലകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭര്‍ത്താവാണ് ജനാലകള്‍ തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭര്‍ത്താവാണ്. വീട്ടില്‍ പാമ്പ് ശല്യമോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. 

അടൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് വീട്ടില്‍ കയറിയ പാമ്പിനെ സൂരജ് നിസാരമായി പിടികൂടി പുറത്ത് കൊണ്ടുപോയിരുന്നു. അന്ന് അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് ഉത്രയെ കടിച്ചത്. എന്നാല്‍ രണ്ടാമതാകട്ടെ മൂര്‍ഖന്‍ പാമ്പും. മകള്‍ക്ക് കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 

Content Highlights: uthra snake bite death mystery anchal kollam