കൊല്ലം: അപൂർവങ്ങളിൽ അപൂർവമായ കൊലക്കേസായിരുന്നു അഞ്ചലിലെ ഉത്രയുടേത്. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന്റെ ക്രൂരത കേട്ട് മലയാളികൾ ഞെട്ടിത്തരിച്ചു. ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത രീതിയിൽ കൊലപാതകം ആസൂത്രണം ചെയ്തപ്പോൾ ഒരിക്കൽപ്പോലും സംശയത്തിന് ഇടവരുമെന്ന് സൂരജ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, പാമ്പ് പിടിത്തക്കാരൻ വാവാ സുരേഷിന്റെയും ഉത്രയുടെ മാതാപിതാക്കളുടെയും സംശയങ്ങൾ പരാതിയായി മാറിയപ്പോൾ സൂരജ് കുടുങ്ങി. സൂരജിനൊപ്പം പാമ്പിനെ നൽകിയ ഏനാത്തെ സുരേഷും പിന്നാലെ സൂരജിന്റെ അച്ഛൻ സുരേന്ദ്രനും പിടിയിലായി. ഏറ്റവുമൊടുവിൽ സൂരജിന്റെ അമ്മയും സഹോദരിയും.

സ്വർണം ഒളിപ്പിച്ചത് അടക്കമുള്ള തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ പലതവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിലായപ്പോഴും അമ്മയെയും സഹോദരിയെയും പിടികൂടിയിരുന്നില്ല. ഇതോടെ രേണുകയും സൂര്യയും കേസിൽ ഉൾപ്പെട്ടേക്കില്ലെന്ന അഭ്യൂഹങ്ങളും ശക്തമായി. ഇരുവരും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ഉത്രയുടെ കുടുംബം തുടക്കം മുതലേ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഉത്ര വധക്കേസിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കേണ്ടതിനാലാണ് ഇരുവർക്കുമെതിരേയുള്ള നടപടികൾ വൈകാൻ കാരണമായതെന്നാണ് സൂചന.

90 ദിവസത്തിനകം ഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സൂരജിന് ജാമ്യത്തിനുള്ള വഴിയൊരുങ്ങുമായിരുന്നു. അതിനാൽതന്നെ സൂരജിന് ജാമ്യം ലഭിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അന്വേഷണസംഘത്തിന് നിർബന്ധമായിരുന്നു. മാത്രമല്ല, കൊലപ്പെടുത്താനുള്ള ആയുധം പാമ്പായതിനാൽ ഏറെ സങ്കീർണതകൾ നിറഞ്ഞ കൊലക്കേസുമായിരുന്നു ഉത്രയുടേത്.

ഉത്ര വധക്കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘം സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരായ നടപടികളിലേക്ക് നീങ്ങിയത്. ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ മകനെ ന്യായീകരിച്ച് രേണുക രംഗത്തെത്തിയിരുന്നു. തന്റെ മകന്‍ ഒരിക്കലും ഇത് ചെയ്യില്ലെന്നായിരുന്നു ആദ്യനാളുകളില്‍ രേണുകയുടെ പ്രതികരണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായെത്തിയ രേണുക ഉത്രയുടെ കുടുംബത്തിനെതിരേയും ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം മുറുകുകയും ഓരോ തെളിവുകളും പുറത്തുവരികയും ചെയ്തതോടെ ഇവര്‍ പതിയെ പിന്‍വാങ്ങി. മാത്രമല്ല, തെളിവെടുപ്പിനിടെ സൂരജ് തന്നെ പരസ്യമായി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.  

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്ര വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം പുനലൂര്‍ കോടതിയില്‍ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകക്കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി. പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. സുരേഷ് അടക്കം 217 സാക്ഷികളാണുള്ളത്. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി ഭിന്നശേഷിക്കാരിയായ ഉത്രയെ വിവാഹം ചെയ്ത സൂരജ് സാമ്പത്തികനേട്ടത്തിനായി ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പണം വാങ്ങി നല്‍കിയ അണലിയെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്താനുള്ള ആദ്യശ്രമം പരാജയപ്പെട്ടപ്പോള്‍ മൂര്‍ഖനെ വാങ്ങി കൊലപാതകം നടത്തുകയായിരുന്നു. സൂരജ് പിടിയിലായി 82-ാംദിവസമാണ് ക്രൈംബ്രാഞ്ച് സംഘം പുനലൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

Content Highlights:uthra murder case finally soorajs mother and sister arrested by crime branch