തിരുവനന്തപുരം: ഒാരോ മൃതദേഹവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകനോട് സംസാരിക്കുമെന്ന് വിശ്വസിച്ച ഫൊറൻസിക് വിദഗ്‌ധനായിരുന്നു അന്തരിച്ച ഡോ. ബി. ഉമാദത്തൻ. പഴയകാല നടി മിസ് കുമാരിയുടെ മരണം മുതൽ സിസ്റ്റർ അഭയ കേസ്‌ വരെ ഒട്ടേറെ കേസുകളിൽ അദ്ദേഹത്തിന്റെ മൃതദേഹ പരിശോധനകൾ അന്വേഷകർക്ക് വഴികാട്ടിയായി. ഫൊറൻസിക് ശാസ്ത്രവും അതിന്റെ സാധ്യതകളും തന്റെ രചനകളിലൂടെ അറിയിക്കാനും അദ്ദേഹത്തിനായി.

കേരളം ചർച്ച ചെയ്ത പല മരണങ്ങളും കൊലപാതകമാണെന്നോ അല്ലെന്നോയുള്ള അന്തിമ തീരുമാനങ്ങളിലേക്കെത്തിയത് ഈ മെഡിക്കോ ലീഗൽ വിദഗ്‌ധന്റെ വാക്കുകളിലൂടെയാണ്. ഭയമില്ലാതെ കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിച്ച വ്യക്തി. അഭയാ കേസുമായി ബന്ധപ്പെട്ട ചില പരമാർശങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുകയും ചെയ്തു.

ചാക്കോ വധക്കേസിൽ, മരിച്ചത് സുകുമാരക്കുറുപ്പല്ലെന്ന് ആദ്യം തന്നെ ഉമാദത്തന് മനസ്സിലായിരുന്നു. കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് അദ്ദേഹം കണ്ടെത്തി. ശ്വാസകോശത്തിലോ വായിലോ കരി ഇല്ലെന്ന നിരീക്ഷണം മൃതദേഹം കത്തിച്ചതാണെന്ന കണ്ടെത്തലിലേക്ക് നയിച്ചു.

മിസ് കുമാരിയുടെ മൃതദേഹം, മരണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം പുറത്തെടുത്ത് പരിശോധിക്കുമ്പോൾ അതിന്റെ ചിത്രമെടുക്കാൻ ഫൊറൻസിക് സർജൻ ഡോ. കന്തസ്വാമിക്കൊപ്പം ഉമാദത്തനുമുണ്ടായിരുന്നു. മൃതദേഹം അഴുകിയിരുന്നില്ലെന്നും അതിനുള്ള കാരണമെന്തെന്നും അദ്ദേഹത്തിന്റെ ‘ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലുണ്ട്. മിസ് കുമാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പോലീസിന്റെ അന്വേഷണത്തിൽ തെളിയിക്കപ്പെട്ടുമില്ല.

ആത്മഹത്യയെന്ന് പോലീസ് വിധിയെഴുതിയ ഇടുക്കിയിലെ ഡ്രൈവർ ജോണിയുടെയും കുടുംബത്തിന്റെയും മരണം റിപ്പർ ചാക്കോ നടത്തിയ കൊലപാതകമാണെന്ന് ഉറപ്പിക്കുന്നതിൽ ഉമാദത്തന്റെ പങ്ക് വളരെ വലുതായിരുന്നു. എസ്.ഐ. സോമന്റെ മരണം കൊലപാതകമല്ലെന്ന് തെളിയിച്ചതും കോട്ടയത്തെ സുവിശേഷകന്റെ ഭാര്യയുടെ കൊലപാതകം തെളിയിച്ചതും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെയും പരിശോധനകളുടെയും സഹായത്താലാണ്.

തിരിച്ചറിയാൻ കഴിയാത്തതും അസ്ഥികൾ മാത്രവുമായ മൃതദേഹങ്ങളുടെ തലയോടുകളിൽ നിന്ന് മരിച്ചയാളിന്റെ ചിത്രം സൃഷ്ടിക്കുന്നതിന് ഉമാദത്തന് അപാരമായ കഴിവുണ്ടായിരുന്നു. ആധുനിക വീഡിയോ ഉപകരണങ്ങളൊന്നുമില്ലാത്ത കാലത്ത് ഫോട്ടോകളും പിന്നെ വൈദ്യശാസ്ത്ര തത്ത്വങ്ങളും ഉപയോഗിച്ചായിരുന്നു സദൃശരൂപങ്ങൾ സൃഷ്ടിച്ചത്. ഇതുവഴി പല അജ്ഞാത മൃതദേഹങ്ങളും തിരിച്ചറിയാനായി.

കേരള പോലീസിലെ പലർക്കും ഫൊറൻസിക് ശാസ്ത്രത്തെക്കുറിച്ചുള്ള പ്രാഥമിക തത്ത്വങ്ങൾ പഠിക്കാൻ ഉമാദത്തന്റെ പരിശീലന ക്ലാസുകളും പുസ്തകങ്ങളും സഹായകമായി. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കുറ്റാന്വേഷകരുടെയും സാധാരണ വായനക്കാരുടെയും ഇഷ്ടംനേടി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും പിന്നീട് എം.ഡി.യും പാസായി. 1969-ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറും വകുപ്പ് തലവനും പോലീസ് സർജനുമായിരുന്നു. സർക്കാരിന്റെ മെഡിക്കോ ലീഗൽ വിദഗ്‌ധൻ, കേരള പോലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമൃത മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസറും ഫൊറൻസിക് വകുപ്പ് തലവനുമായിരുന്നു. കിംസ് ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറുമായിരുന്നു. പത്തുവർഷത്തിലധികമായി എറണാകുളത്തായിരുന്നു താമസം. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷമാണ് തിരുവനന്തപുരത്തെത്തിയത്.

ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം, അവയവദാനം അറിയേണ്ടതെല്ലാം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളും കുറ്റാന്വേഷണലേഖനങ്ങളും രചിച്ചിട്ടുണ്ട്.

Content Highlights: umadathan, forensic offcier