കോട്ടയം: കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ രണ്ടുപേരെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചനയില്ലാതെ അന്വേഷണ സംഘം. വാടകവീട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിര്‍മാണവുമായിരുന്നുവെന്ന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

ക്യാമറ സ്റ്റാന്‍ഡും മൊബൈല്‍ സ്റ്റാന്‍ഡുകളും അക്രമം നടന്ന വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റവരുടേതുള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുണ്ട്. ക്യാമറയും ഫോണുകളും അക്രമികള്‍ കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അനാശാസ്യ ഇടപാടുകളിലെ തര്‍ക്കമാണ് ആക്രമണത്തിലെത്തിയതെന്നാണ് കരുതുന്നത്. ആക്രമണത്തിന് പിന്നില്‍ ആരെന്നത് സംബന്ധിച്ചും വ്യക്തമായ വിവരമില്ല.

ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെയോ എന്തിനാണ് ആക്രമിച്ചതെന്നോ അറിയില്ലെന്നാണ് ഇവരുടെ നിലപാട്. അക്രമത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പരിക്കേറ്റവര്‍ക്ക് മാത്രമേ വ്യക്തമായ വിവരമുള്ളൂവെന്ന് പോലീസ് കരുതുന്നു. ഇവര്‍ വിവരം നല്‍കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശുപത്രി വിട്ടശേഷമേ കൂടുതല്‍ ചോദ്യംചെയ്യാന്‍ കഴിയൂ.

സംഭവസമയം വീട്ടിലുണ്ടായിരുന്ന പൊന്‍കുന്നം സ്വദേശിനി അവിടെ അനാശാസ്യ ഇടപാടുകള്‍ നടന്നിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും ഇടപാടുകാര്‍ക്കയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് അറിവില്ലെന്നാണ് അവരുടെ നിലപാട്. അക്രമം നടക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് യുവതി പറയുന്നത്.

ഇവിടെ അനാശാസ്യകേന്ദ്രം നടത്തിയിരുന്നത് പോലീസോ മറ്റ് വ്യാപാരികളോ അറിഞ്ഞിരുന്നില്ല. ആക്രമണത്തിന് ശേഷമാണ് നഗരമധ്യത്തിലെ കേന്ദ്രത്തെക്കുറിച്ച് പുറംലോകമറിയുന്നത്. വീട്ടിലുണ്ടായിരുന്ന സ്ത്രീയാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പലര്‍ക്കും യുവതികളുടെ ഫോട്ടോകളയച്ചിരുന്നത് ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നായിരുന്നു. ഇവരില്‍ പലരും സിനിമയില്‍ സഹനടിമാരായി അഭിനയിച്ചിട്ടുള്ളവരാണെന്നാണ് വിവരം.

അനാശാസ്യത്തിനായി പെണ്‍കുട്ടികളെയും ഇടപാടുകാരെയും ആക്രമണം നടന്ന വീട്ടിലെത്തിച്ചിരുന്നതായും ചിത്രങ്ങള്‍ കാണിച്ച് ആവശ്യക്കാര്‍ക്ക് യുവതികളെ എത്തിച്ചുകൊടുത്തിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്. യുവതിയും പരിക്കേറ്റവരും മറ്റേതെങ്കിലും വന്‍ റാക്കറ്റിന്റെ കണ്ണികളാണോയെന്നും പോലീസ് അന്വേഷിച്ചുവരുകയാണ്. കോട്ടയം ഡിവൈ.എസ്.പി എം.അനില്‍കുമാര്‍, കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ചോരക്കളിയുമായി വീണ്ടും ഗുണ്ടാസംഘങ്ങള്‍

കോട്ടയം: ചോരക്കളിയുമായി ഗുണ്ടാസംഘങ്ങള്‍ വീണ്ടും തലപൊക്കിത്തുടങ്ങിയതോടെ ജില്ലയില്‍ അക്രമങ്ങള്‍ കൂടുന്നു. പോലീസും ആക്രമണങ്ങള്‍ക്കിരയാകുന്നത് ക്രമസമാധാനപാലനത്തിനും ഭീഷണിയാകുന്നു. അക്രമികള്‍ക്കെതിരേ മുഖംനോക്കാതെ ശക്തമായ നടപടിവേണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നുയരുന്നു. ക്വട്ടേഷന്‍ ആക്രമണങ്ങളും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും പരസ്പരം തല്ലിത്തീര്‍ക്കുമ്പോള്‍ തെരുവുകള്‍ ചോരക്കളങ്ങളാകുന്നു.

കോട്ടയം നഗരമധ്യത്തില്‍ ചൊവ്വാഴ്ച രാത്രിയില്‍ മാരകായുധങ്ങളുമായെത്തിയ ഗുണ്ടാസംഘം വിടുകയറി വെട്ടിവീഴ്ത്തിയത് രണ്ടുപേരെ. ചോരവാര്‍ന്നുകിടന്ന ഇവരെ പോലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അക്രമികളെ കണ്ടെത്താനായില്ല. അനാശാസ്യ ഇടപാടുകളും കുടിപ്പകയുമാണ് ആക്രമണത്തിലെത്തിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കാരണം വ്യക്തമാക്കാന്‍ പോലീസിനുമാകുന്നില്ല. കഴിഞ്ഞ ദിവസം കാപ്പാ ചുമത്തി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചിരുന്ന പ്രതിയുമായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതിയുടെ സംഘത്തില്‍പെട്ട ഗുണ്ടകള്‍ നഗരമധ്യത്തില്‍ ആക്രമിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റ ഈ സംഭവത്തിലെ നാല് പ്രതികളെ ഇപ്പോഴും കണ്ടെത്താനായില്ല.

വീടിനുമുന്‍പില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍നടന്ന അശ്ലീല പ്രവൃത്തി ചോദ്യംചെയ്ത ഗൃഹനാഥനെ ആക്രമിച്ച് വീട് അടിച്ചുതകര്‍ത്തു അടിച്ചിറ അമ്മഞ്ചേരിയില്‍. ഏറ്റുമാനൂര്‍ നഗരത്തിലും ഹോട്ടലിലും ഗുണ്ടകള്‍ അഴിഞ്ഞാടിയത് മാര്‍ച്ചിലായിരുന്നു. ഇവിടെത്തന്നെ ജനുവരിയില്‍ ഹോട്ടലുടമയെയും ജീവനക്കാരെയും ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. മണര്‍കാട് പെട്രോള്‍പമ്പില്‍ ഉടമയുടെ മകനെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതും മാര്‍ച്ചിലായിരുന്നു.

ചെങ്ങളം മൂന്നൂമൂല ഭാഗത്ത് ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. പിന്നിട് ഇവിടെത്തന്നെ നാട്ടുകാരും ഗുണ്ടാസംഘവുമായി ഏറ്റുമുട്ടലുണ്ടായി.

ഗുണ്ടാസംഘത്തില്‍പെട്ടവരുടെ വീടുകള്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. വൈരാഗ്യത്തെതുടര്‍ന്ന് വ്യാപാരി നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത ഗുണ്ടാസംഘം ഗൃഹനാഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് മാസങ്ങള്‍ക്കുമുമ്പ് ഏറ്റുമാനൂരിലായിരുന്നു.

ഇവിടെത്തന്നെ ആള്‍ത്താമസമില്ലാതിരുന്ന സ്വന്തം പുരയിടത്തിലെ സാമൂഹികവിരുദ്ധ ശല്യം തടയാന്‍ പുരയിടത്തിന് മതില്‍ കെട്ടിയ ഉടമയുടെ തൊഴിലാളികളെ ഗുണ്ടാസംഘം ആക്രമിച്ച സംഭവവുമുണ്ടായി.

ചങ്ങനാശ്ശേരിയില്‍ നടുറോഡില്‍ മീന്‍വില്പനക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മദ്യലഹരിയില്‍ അക്രമം നടത്തിയത് ചോദ്യംചെയ്ത നാട്ടുകാരെയും ഇവരുടെ കടകളിലും ഗുണ്ടാസംഘം ആക്രമണം നടത്തിയത് മുണ്ടക്കയം പറത്താനത്തായിരുന്നു. പിടികൂടാനെത്തിയ പോലീസിനെയും ഗുണ്ടകള്‍ ആക്രമിച്ചു.

നാട്ടിലെ ഒരുവീട്ടില്‍ സ്ഥിരമായുള്ള വ്യവസായിയുടെ രാത്രി സന്ദര്‍ശനം ചോദ്യംചെയ്ത യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് മറ്റൊരു സംഭവം.

ക്രിസ്മസ് കരോള്‍ സംഘത്തെ സാമൂഹികവിരുദ്ധസംഘം ആക്രമിച്ചത് കോട്ടയം വടവാതൂരില്‍. വിവാഹവീട്ടിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അഴിഞ്ഞാടിയ ഗുണ്ടകള്‍ രണ്ടുപേരെ വെട്ടി പരിക്കേല്‍പ്പിച്ചത് താഴത്തങ്ങാടിയിലാണ്. പ്രതിയെ പടികൂടാനെത്തിയ പോലീസ് സംഘവും ആക്രമിക്കപ്പെട്ടു. നാട്ടകത്ത് പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയത് ചോദ്യംചയ്തതിന് കഞ്ചാവ് മാഫിയസംഘം യുവാക്കളെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി.

അതിരമ്പുഴയില്‍ സ്വകാര്യവ്യക്തിയുടെ ഓഫീസും വാഹനങ്ങളും ഗുണ്ടാസംഘം അടിച്ചുതകര്‍ത്തതും ഏറ്റുമാനൂര്‍ നഗരത്തിലെ ലോഡ്ജ് ഉടമയുടെ സഹോദരനെയും തൊഴിലാളിയെയും രാത്രിയില്‍ ഗുണ്ടാസംഘം വെട്ടിവീഴ്ത്തിയതും മാസങ്ങള്‍ക്കുമുമ്പുമാത്രം.