മലപ്പുറം: തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം മേഖലയില്‍ അടുത്തിടെയായി അജ്ഞാത മനുഷ്യന്റെ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രികളില്‍ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യനെ തേടിയുള്ള ഓട്ടത്തിലാണ് നാട്ടുകാരും പോലീസും. എന്നാല്‍ അതിനിടെ കുന്നംകുളത്തെ സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ എന്ന പേരില്‍ ഒരു ഫോട്ടോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു ഒരു അന്തര്‍ദേശീയ വടംവലി താരത്തിന്റെ ചിത്രമാണ് കുന്നംകുളത്തെ സ്പ്രിങ്മാന്‍ എന്ന പേരില്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നത്. 

മലപ്പുറം മഞ്ചേരി പുല്ലാറ സ്വദേശിയായ ബനാത്താണ് സാമൂഹികമാധ്യമങ്ങളിലെ വ്യാജവാര്‍ത്ത പടച്ചുവിടുന്നവരുടെ പുതിയ ഇര. എടപ്പാള്‍ ആഹാ ഫ്രണ്ട്‌സ് വടംവലി ടീമിലെ താരമായ ബനാത്തിന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സ്പ്രിങ്മാന്‍,ബ്ലാക്ക്മാന്‍ തുടങ്ങിയ പേരുകളില്‍ പ്രചരിക്കുന്നത്. സത്യമറിയാതെ നിരവധിപേര്‍ ഒട്ടേറേ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ വ്യാജസന്ദേശം പങ്കുവെയ്ക്കുകയും ചെയ്തു. 

തന്റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന്‌ ബനാത്ത് പുല്ലാറ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഏതോ വടംവലി മത്സരത്തിന് മുമ്പ് എടുത്ത ചിത്രമാണിത്. നേരത്തെ പലരും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ സ്പ്രിങ്മാനും ബ്ലാക്ക്മാനുമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സംഭവം കണ്ട് നിരവധി സുഹൃത്തുക്കളാണ് രാവിലെ മുതല്‍ ഫോണില്‍ വിളിക്കുന്നത്. പലരോടും മറുപടി പറഞ്ഞ് മടുത്തു. സംഭവത്തില്‍ മഞ്ചേരി പോലീസില്‍ പരാതി നല്‍കും- ബനാത്ത് പ്രതികരിച്ചു. 

banath pullara

കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് ബനാത്ത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം വടംവലി മത്സരത്തില്‍ പങ്കെടുത്ത ബനാത്ത് വടംവലി പ്രേമികളുടെ ഇഷ്ടതാരവുമാണ്.  ബനാത്തിനെതിരായ കുപ്രചരണങ്ങള്‍ക്കെതിരെ വടംവലി പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

Content Highlights: tug of war player banath pullara photo spreading social media as blackman and spring man kunnamkulam