ഴിഞ്ഞദിവസമാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്രക്കാരെ മയക്കികിടത്തി കവര്‍ച്ച നടന്നെന്ന വാര്‍ത്ത പുറത്തുവന്നത്. അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളാണ് കവര്‍ച്ചയ്ക്കിരയായത്. തീവണ്ടികളില്‍ കവര്‍ച്ച പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് അക്‌സര്‍ ബാഗ്ഷയാണ് ഈ കവര്‍ച്ചയ്ക്ക് പിന്നിലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ ഈറോഡിനും കോയമ്പത്തൂരിനും ഇടയില്‍വെച്ചാണ് ബാഗ്ഷ സ്ത്രീകളുടെ സ്വര്‍ണവും പണവും അപഹരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കുടിവെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാകാം ഇയാള്‍ മോഷണം നടത്തിയതെന്നും പോലീസ് കരുതുന്നു. ബാഗ്ഷയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണസേനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഥിരംകുറ്റവാളിയായതിനാല്‍ വൈകാതെ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. 

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ തീവണ്ടികളില്‍ കവര്‍ച്ച നടത്തിയിരുന്ന മറ്റൊരു മോഷ്ടാവിനെക്കുറിച്ച് ഇവിടെ പറയുന്നത്. തീവണ്ടിയിലെ മോഷണവും കുറ്റകൃത്യവും കൂടുതല്‍ നടന്നിരുന്ന തമിഴ്‌നാട്ടിലെ ആര്‍ക്കോണത്ത് ആരെയും വിറപ്പിക്കുന്ന കള്ളന്‍ കാളിയെ തന്ത്രപരമായി കുടുക്കിയ കഥ വിവരിക്കുകയാണ് ആര്‍.പി.എഫില്‍നിന്നും എസ്.പി.യായി വിരമിച്ച തോന്നല്ലൂര്‍ മണ്ണൂക്കാലായില്‍ കുടുംബാംഗം മങ്ങാരം നവമിയില്‍ ടി.എസ്.രാജു.

'സ്ഥലം തമിഴ്‌നാട്ടിലെ ആര്‍ക്കോണം, തീവണ്ടിലെ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടക്കുന്ന സ്ഥലം. 1981-ല്‍ അവിടെ റെയില്‍വേ സുരക്ഷാ സേനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലിനോക്കുന്നകാലം. സേനാംഗങ്ങളുടെ കണ്ണുവെട്ടിച്ച് കള്ളന്മാരുടെ സംഘം യാത്രക്കാര്‍ക്കിടയിലും റെയില്‍വേ സ്റ്റേഷനുകളിലും മോഷണം നടത്തിക്കൊണ്ടിരുന്നു.

ts raju rpf
ടി.എസ്. രാജു

മോഷണം തടയാന്‍ സ്റ്റേഷനുകളിലെയും യാത്രാതീവണ്ടികളിലെയും സുരക്ഷ ശക്തമാക്കിയതോടെ മോഷ്ടാക്കള്‍ കണ്ടെത്തിയത് ഗുഡ്‌സ് തീവണ്ടികളാണ്. ആര്‍ക്കോണം-ജോലാര്‍പ്പേട്ട റൂട്ടില്‍ വിജനമായ സ്റ്റേഷനുകളില്‍ സിഗ്നല്‍ കാത്ത് മണിക്കൂറുകളോളം നിര്‍ത്തിയിടുന്ന ഗുഡ്‌സ് തീവണ്ടികളില്‍ നിന്നും ഭക്ഷണ സാമഗ്രികളുള്‍പ്പെടെയുള്ളവ കടത്തിക്കൊണ്ടുപോയി വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. 

അന്വേഷണം ആ വഴിക്കു നീങ്ങുമ്പോഴാണ് ആര്‍ക്കോണത്ത് അംബേദ്ക്കര്‍ കോളനിയിലുള്ള മോഷ്ടാക്കളുടെ തലവന്‍ കാളിയേപ്പറ്റി അറിയുന്നത്. ആറടി പൊക്കം, അതിനോത്ത ശരീരം, ആരും കണ്ടാല്‍ ഭയക്കുന്ന പ്രകൃതം. കോളനിയില്‍ എത്തി കാളിയെ പൊക്കുക പ്രയാസമാണ്, അത്രയ്ക്ക് ശക്തന്മാരുടെ വലയത്തിലാണ് കാളിയുടെ ജീവിതം. ഗുഡ്‌സ് തീവണ്ടികളിലെ വാഗണുകള്‍ പൂട്ടി സീല്‍ പതിക്കുന്ന റിവറ്റ് പല്ലുകൊണ്ട് കടിച്ചിളക്കുന്ന വിരുതനായിരുന്നു കാളി.

കാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുവാനുള്ള കരുക്കള്‍ നീക്കി. ചെറുപ്പക്കാരായി ചാര്‍ജെടുത്ത എസ്.ഐ മാരായ അമൃതരാജും ആനന്ദരാജും ദൗത്യം ഏറ്റെടുത്തു. മഫ്ത്തിയില്‍ താമസ സ്ഥലത്തെത്തി കാളിയെ കണ്ടെത്തി, മോഷ്ടിക്കുന്ന റെയില്‍വേയുടെ ഇരുമ്പുസാധനങ്ങളും മറ്റ് സാമഗ്രികളും വിലയ്‌ക്കെടുക്കുന്ന ആളുകളെന്ന് പരിചയപ്പെടുത്തിയായിരുന്നു സമീപിച്ചത്. കാളിയെ വിളിച്ചിറക്കിയപ്പോള്‍ത്തന്നെ മോഷണ സംഘത്തിലുള്ളവര്‍ ഒപ്പം ചേര്‍ന്നു. 

പുറത്ത് കാത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥരെക്കണ്ടപ്പോള്‍ ആദ്യം എതിര്‍ത്തെങ്കിലും ചോദ്യം ചെയ്യുകമാത്രമേയുള്ളുവെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് കാളിയുമായി സ്റ്റേഷനിലെത്തി, മൂന്നാം മുറ പ്രയോഗിക്കുമെന്നുറപ്പായപ്പോള്‍ കാളി പല കുറ്റങ്ങളും ഏറ്റുപറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡും ചെയ്തു.

പിന്നീട് ശിക്ഷ കഴിഞ്ഞ് കാളി സ്റ്റേഷനിലെത്തി. പ്രതികാരത്തിനാണെന്നു കരുതിയെങ്കിലും മോഷണം നിര്‍ത്തി ജീവിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ചായിരുന്നു വരവ്, ഒരു മാട്ടുവണ്ടി(കാളവണ്ടി)വാങ്ങിത്തന്നാല്‍ അതുകൊണ്ട് ജീവിച്ചോളാമെന്നായിരുന്നു അപേക്ഷ സി.ഐ. ആയിരുന്ന രാംദാസിന്റെ സഹായത്തോടെ 5000 രൂപ വായ്പ തരപ്പെടുത്തിക്കൊടുത്തു, വണ്ടിയും കാളകളെയും വാങ്ങി കാളി കാളവണ്ടിക്കാരനായി.'

തയ്യാറാക്കിയത്: കെ.സി. ഗിരീഷ്‌കുമാര്‍

 

Content Highlights: train robbery retd rpf sp ts raju remembers his investigaton stories