തൃശ്ശൂര്‍: 2019 ഏപ്രില്‍ നാലിനാണ് കേരളത്തെ നടുക്കിയ ആ കൊലപാതകം നടന്നത്. വിവാഹഭ്യാര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി തീകൊളുത്തി കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേട്ട് ഏവരും നടുങ്ങി. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങള്‍ അതീജീവിച്ചെത്തിയ നീതുവെന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്. പ്രതിയായ നിധീഷിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഒടുവില്‍ ഒന്നര വര്‍ഷത്തിന് ശേഷം കേസില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇനി ഏവരും കാത്തിരിക്കുന്നത് നവംബര്‍ 23-ലെ ശിക്ഷാവിധിക്ക്. 

കൊല നടത്തിയത് ഒരു മണിക്കൂര്‍ കാത്തുനിന്ന്

കൊലപാതകം നടത്തിയ ദിവസം ബൈക്കില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയത്. പുറത്തിടുന്ന ബാഗില്‍ കത്തിയും പെട്രോളും വിഷവും കരുതിയിരുന്നു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേയ്ക്ക് വരുമ്പോഴാണ് അകത്തുകയറിയത്.

വാക്കുതര്‍ക്കത്തിന് ശേഷം കത്തികൊണ്ട് ആക്രമിച്ചു. സംഭവശേഷം മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുത്തശ്ശി വത്സലയാണ് പിടിച്ചുനിര്‍ത്തിയത്. ബഹളം കേട്ട് വീട്ടിലുണ്ടായിരുന്ന അമ്മാവന്മാരും അയല്‍വാസികളും എത്തി കീഴ്പ്പെടുത്തി കെട്ടിയിട്ടു.

Read Also: പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ച് തീകൊളുത്തിക്കൊന്ന കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി...

കേസില്‍ 67 സാക്ഷികള്‍

നീതുവിന്റെ മുത്തശ്ശിയും അമ്മാവന്മാരും അയല്‍പക്കക്കാരും ഉള്‍പ്പെടെ 38 പേരെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിച്ചു. 67 സാക്ഷികള്‍ ഉണ്ടായിരുന്നു. അഞ്ച് സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു കൂടുതലായി ചേര്‍ത്താണ് വിസ്തരിച്ചത്. 58 രേഖകളും 31 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയിരുന്നു.

പ്രതി പുറംലോകം കണ്ടില്ല, ജാമ്യാപേക്ഷ തള്ളിയത് 17 തവണ

തൃശ്ശൂര്‍: നീതു കൊലക്കേസ് പ്രതി നിധീഷ് ജാമ്യത്തിനായി ശ്രമിച്ചത് 17 തവണ. എല്ലാ തവണയും കോടതി തള്ളി. കേസില്‍ അറസ്റ്റിലായ ശേഷം പ്രതി പുറത്തിറങ്ങിയിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയാല്‍ ജാമ്യം ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടും.

കേസില്‍ 90 ദിവസത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആദ്യത്തെ എട്ടുതവണ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് ഒമ്പതു തവണ കൂടി ഹൈക്കോടതിയിലും അപേക്ഷ നല്‍കി. ഹൈക്കോടതിയും അപേക്ഷ അനുവദിക്കാതെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ദുരന്തങ്ങള്‍ അതിജീവിച്ചെത്തിയ കുട്ടി

നീതുവിന് രണ്ടുവയസ്സുള്ളപ്പോഴേ അമ്മ മരിച്ചിരുന്നു. അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. ഓര്‍മവെച്ചതുമുതല്‍ നീതുവിന് എല്ലാം മുത്തശ്ശിയാണ്. ചിയ്യാരത്തുള്ള അമ്മാവന്‍ സഹദേവന്റെ വീട്ടില്‍ താമസിച്ചാണ് നീതു പഠിച്ചിരുന്നത്. നന്നായി ചിത്രം വരച്ചിരുന്ന നീതു നൃത്തത്തിലും മികവ് കാട്ടിയിരുന്നു.

Content Highlights: thrissur neethu murder case