ലണ്ടന്‍: ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് കഴിച്ചതിന് പിന്നാലെ മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേക്ക് കഴിച്ചതിനുശേഷം ശക്തമായ ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് ബക്കിങാംഷെയര്‍ സ്വദേശിയായ ദെയ്‌സലിനെ സ്‌റ്റോക്ക് മാന്‍ഡെവില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്റെ ആരോഗ്യനില വഷളാകാന്‍ കാരണം കേക്ക് നിര്‍മാതാക്കളാണെന്നാണ് ദെയ്‌സലിന്റെ മാതാവ് കാസ്റ്റന്‍സ് ആരോപിച്ചു. 

മകന്റെ മൂന്നാം ജന്മദിനം പ്രമാണിച്ച് കാസ്റ്റന്‍സ് ദിനോസര്‍ കേക്കിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. കോഴിമുട്ട അലര്‍ജിയായതിനാല്‍ കേക്കില്‍നിന്ന് ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജന്മദിനത്തില്‍ തങ്ങള്‍ക്ക് നല്‍കിയ കേക്കില്‍ കോഴിമുട്ടയുടെ എസ്സന്‍സ് ഉപയോഗിച്ചിരുന്നെന്നും, അതിനാലാണ് മകന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നും കാസ്റ്റന്‍സ് പറഞ്ഞു. കേക്ക് നിര്‍മാതാക്കളുടെ ഗുരുതര വീഴ്ചയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

ജന്മദിനാഘോഷത്തില്‍ കേക്ക് മുറിച്ച് കഴിച്ചതിന് പിന്നാലെയാണ് മൂന്നു വയസുകാരന്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. മുഖം തടിച്ചുവരികയും ഛര്‍ദ്ദിക്കുകയും ചെയ്തു. മാതാവും ജന്മദിനാഘോഷത്തിനെത്തിയ അതിഥികളും ഇതുകണ്ട് പരിഭ്രാന്തരായി. ഇവരെല്ലാം ചേര്‍ന്നാണ് ദെയ്‌സലിനെ ആശുപത്രിയില്‍ എത്തിച്ചത്. 

അതേസമയം, സംഭവം വാര്‍ത്തയായതോടെ കേക്ക് നിര്‍മാതാക്കള്‍ ആശുപത്രിയിലെത്തി ഖേദം പ്രകടിപ്പിച്ചു. കോഴിമുട്ട ഒഴിവാക്കിയാണ് കേക്ക് നിര്‍മിച്ചതെന്നും, എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

Content Highlights: three year old boy hospitalised after birthday celebration, mom allegations against cake bakers.