മലപ്പുറം: ഒരുമാസത്തിനിടെ ജില്ലയിൽ കൊല്ലപ്പെട്ടത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മൂന്ന് വയോധികമാർ. കഴിഞ്ഞ മാസം കുറ്റിപ്പുറം മേഖലയിലുണ്ടായ രണ്ട് കൊലപാതകങ്ങളുടെ ഞെട്ടൽ മാറുംമുൻപേയാണ് കഴിഞ്ഞദിവസം മങ്കടയിലും സമാനരീതിയിൽ വയോധിക കൊല്ലപ്പെട്ടത്. കുറ്റിപ്പുറത്ത് ജൂൺ 18-ന് കുഞ്ഞിപ്പാത്തുമ്മ(62) കൊല്ലപ്പെട്ട കേസിൽ മാത്രമാണ് പോലീസിന് പ്രതിയെ പിടികൂടാനായത്. മറ്റുരണ്ട് കേസുകളിലും അന്വേഷണം തുടരുകയാണ്.

മൂന്ന് കൊലപാതകങ്ങളും കവർച്ചയ്ക്ക് വേണ്ടി നടന്നതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ജൂൺ 18-ന് കുറ്റിപ്പുറത്ത് കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽനിന്ന് പണം നഷ്ടപ്പെട്ടിരുന്നു. അയൽക്കാരനായ ഷാഫിയാണ് പണം മോഷ്ടിക്കാനായി കുഞ്ഞിപ്പാത്തുമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പോലീസ് ഷാഫിയെ പിടികൂടുകയും ചെയ്തു.

കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് സമീപപ്രദേശമായ തവനൂരിലും സമാനമായ കൊലപാതകം അരങ്ങേറിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന കടകശ്ശേരി ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് ജൂൺ 20-ന് വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. അപരിചിതരായ രണ്ടുപേരെ ഇവരുടെ വീടിന് സമീപം കണ്ടതായി ചിലർ മൊഴി നൽകിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും കേസിൽ കാര്യമായ തുമ്പുണ്ടായിട്ടില്ല.

AlsoRead:പണത്തിന് വേണ്ടി അരുംകൊല, ആദ്യം ഒഴിഞ്ഞുമാറി; 10 ഇഞ്ചിന്റെ ചെരിപ്പിൽ ഷാഫി കുടുങ്ങി...

കുറ്റിപ്പുറം മേഖലയിൽ നടന്ന കൊലപാതകങ്ങളുടെ ആവർത്തനമാണ് കഴിഞ്ഞദിവസം മങ്കട രാമപുരത്തും നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന മുട്ടത്തിൽ ആയിഷ(70)യെയാണ് കഴിഞ്ഞദിവസം രാത്രി വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. ഇവരുടെ കഴുത്തിലും കൈയിലുമുണ്ടായിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പകൽ മുഴുവൻ സ്വന്തം വീട്ടിൽ കഴിയുന്ന ആയിഷ രാത്രിയിൽ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. വെള്ളിയാഴ്ച രാത്രി പേരക്കുട്ടികളെത്തി ആയിഷയെ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോഴാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടത്. തലയ്ക്ക് മുറിവേറ്റ് രക്തംവാർന്നനിലയിലായിരുന്നു മൃതദേഹം. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ലക്ഷ്യമിടുന്നത് ഒറ്റയ്ക്ക് താമസിക്കുന്നവരെ....

പണവും സ്വർണവും കവരാനായി മോഷ്ടാക്കൾ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെയാണ് ലക്ഷ്യമിടുന്നത്. ഇതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. കവർച്ചയാണ് ലക്ഷ്യമെങ്കിലും എന്തുംചെയ്യാൻ മടിക്കാത്ത മോഷ്ടാക്കൾ വയോധികരെ കൊലപ്പെടുത്തുന്നതും ഭീതി വർധിപ്പിക്കുന്നു.

കുറ്റിപ്പുറത്ത് കുഞ്ഞിപ്പാത്തുമ്മ വധക്കേസിൽ അറസ്റ്റിലായ ഷാഫി ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. സംഭവദിവസം കുഞ്ഞിപ്പാത്തുമ്മയുടെ വീടിന് സമീപം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ഷാഫി എല്ലാവരും പോയതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടിലേക്ക് പോകുംവഴി കുഞ്ഞിപ്പാത്തുമ്മയുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തുകയും വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന കുഞ്ഞിപ്പാത്തുമ്മയെ ആക്രമിക്കുകയുമായിരുന്നു. കൈയിൽ കരുതിയിരുന്ന കല്ലും വടിയും ഉപയോഗിച്ചാണ് ഷാഫി ഇവരുടെ തലയ്ക്കടിച്ചത്. മരണം ഉറപ്പാക്കിയ ശേഷം മുറിയിലുണ്ടായിരുന്ന പഴ്സിൽനിന്ന് 71,000 രൂപ കവർന്ന് രക്ഷപ്പെടുകയും ചെയ്തു.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചെരിപ്പിന്റെ അടയാളമാണ് കേസിൽ നിർണായകമായത്. ഇതോടൊപ്പം ഷാഫിയും സുഹൃത്തുക്കളും അന്നേദിവസം സമീപത്തിരുന്ന് മദ്യപിച്ചിരുന്നതായുള്ള വിവരവും പോലീസിന് ലഭിച്ചു. ചെരിപ്പ് ഷാഫിയുടേതാണെന്ന് ഉറപ്പിച്ചതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യഘട്ടത്തിൽ പ്രതി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിക്കുകയായിരുന്നു.

Content Highlights:three old woman killed in one month in malappuram district